കൊച്ചി: നികുതിവെട്ടിച്ച് അനധികൃതമായി ചരക്ക് കടത്തിയ ടൂറിസ്റ്റ് ബസുകളെ കുടുക്കി മോട്ടോര്‍വാഹന വകുപ്പ്. കഴിഞ്ഞദിവസം കൊച്ചിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇത്തരം 42 ഓളം ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇലക്ട്രോണിക് സാധനങ്ങള്‍, തുണികള്‍, പൂക്കള്‍ തുടങ്ങിയവയാണ് അന്തഃസംസ്ഥാന പെര്‍മിറ്റുള്ള ഈ ബസുകളില്‍ കടത്തിയിരുന്നത്. ഈ വാഹനങ്ങളില്‍ നിന്നും 1.35 ലക്ഷം രൂപ പിഴ ഈടാക്കി.

ഒപ്പം കേരള റോഡ് നികുതി അടയ്ക്കാതെ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വാഹനത്തില്‍ നിന്ന് 1.83 ലക്ഷം രൂപയും നികുതി അടയ്ക്കാതെ ഓടിയ കാരവനില്‍ നിന്നും 80,000 രൂപയും പിഴ ഈടാക്കി.

ടൂറിസ്റ്റ് ബസുകളിലെ ലൈറ്റ് ഷോകള്‍ക്കും കൂറ്റന്‍ ശബ്‍ദ സംവിധാനങ്ങള്‍ക്കുമെതിരെ അടുത്തകാലത്ത് അധികൃതര്‍ കര്‍ശന നടപടി സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം മിന്നല്‍പരിശോധനകളും.