Asianet News MalayalamAsianet News Malayalam

പിഴയോട് പിഴ, വഴിനീളെ പിഴ, എംവിഡി വന്നത് വെറുതേയല്ല! റോബിന് അടിച്ചുകൊടുത്തത് വമ്പൻ പിഴ, ഇന്ന് മാത്രം 30000

എംവിഡി വഴിനീളെ വെറുതെ തടഞ്ഞതല്ല, ഓരോ തവണയും വൻതുക പിഴയും, റോബിൻ ബസിന് ആകെ പിഴ 30000

MVD is not just stopped along the way huge fine every time total fine 30000 for robin bus ppp
Author
First Published Nov 18, 2023, 5:01 PM IST

തിരുവനന്തപുരം: ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് അന്തർ സംസ്ഥാന സർവ്വീസ് നടത്തിയ റോബിൻ മോട്ടോഴ്സിന്റെ റോബിൻ ബസിന് വഴി നീളെ പിഴയിട്ട്  എംവിഡി. വാഹനം വാളയാർ കടക്കുമ്പോൾ  കേരള എംവിഡി ഇതുവരെ ചുമത്തിയ പിഴത്തുക മുപ്പതിനായിരം രൂപയാണ്. നാലിടങ്ങളിലായിരുന്നു നേരത്തെ എംവിഡി ബസ് തടഞ്ഞു പരിശോധിച്ചത്. പിഴയെല്ലാം ചുമത്തിയിരിക്കുന്നത് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ആണ്. അതേസമയം വാഹനം എംവിഡി കസ്റ്റഡിയിലെടുത്തില്ല. 

മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ചായിരുന്നു കോയമ്പത്തൂരിലേക്ക് റോബിന്‍ ബസിന്റെ സർവീസ്. നാല് തവണയോളം എംവിഡി പരിശോധന നടത്തിയിരുന്നു. പുതുക്കാട് വച്ചും തടഞ്ഞ് പരിശോധന നടത്തിയ എംവിഡിയുടെ നടപടിയെ സംഘടിച്ചെത്തിയ നാട്ടുകാര്‍ കൂവി വിളിച്ചാണ് എതിരേറ്റത്. തുടര്‍ച്ചയായ പരിശോധന തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് യാത്രക്കാരും പ്രതികരിച്ചു. അതേസമയം, സര്‍വീസ് തുടരാൻ തന്നെയാണ് തീരുമാനമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചിരുന്നു.

രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് ആദ്യ പിഴ ചുമത്തിയത്. എന്നാൽ ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അങ്കമാലിയിലും സംഘടിച്ചെത്തിയ നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ചിരുന്നു.

Read more: സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ 7500 രൂപ പിഴ, റോബിൻ ബസിന് ഈരാറ്റുപേട്ടയിൽ കൈയടിയോടെ സ്വീകരണം, വീണ്ടും തടഞ്ഞു
 
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു. പിന്നീട് കോടതി കയറിയാണ് ബസ് പുറത്തിറക്കിയത്. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതേസമയം, യാത്ര തുടരുന്ന  റോബിൻ ബസ് വാളയാർ ബോഡർ കടന്നു.

.ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios