സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ 7500 രൂപ പിഴ, റോബിൻ ബസിന് ഈരാറ്റുപേട്ടയിൽ കൈയടിയോടെ സ്വീകരണം, വീണ്ടും തടഞ്ഞു
കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ഗിരീഷ് പറഞ്ഞു.

പത്തനംതിട്ട: വിവാദമായ റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി. എന്നാൽ, പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് 200 മീറ്റർ എത്തുംമുമ്പേ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും 7500 രൂപ പിഴ ചുമത്തുകയും ചെയ്തു. ഈരാട്ടുപേട്ടയിൽ റോബിൻ ബസിന് നാട്ടുകാർ വൻവരവേൽപ്പ് നൽകി. മോട്ടര്‍ വാഹനവകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ചാണ് റോബിൻ ഓട്ടം തുടങ്ങിയത്, പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് 7500 രൂപ പിഴയിട്ടത്.
പരിശോധന തുടരുമെന്ന് എംവിഡി അറിയിച്ചതിന് പിന്നാലെ, പാലായ്ക്ക് തൊട്ടുമുമ്പ് ബസ് വീണ്ടും ഉദ്യോഗസ്ഥർ തടഞ്ഞു. പത്തനംതിട്ട മുതൽ കോയമ്പത്തൂർ വരെയാണ് സർവീസ്. യാത്രയിലുടനീളം ബസ് ഉടമ ബേബി ഗിരീഷും ബസിൽ ഉണ്ടാകും. എംവിഡിയുടെ പ്രതികാര നടപടിക്കെതിരെ ബേബി ഗിരീഷ് പ്രതികരിച്ചു. കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ഗിരീഷ് പറഞ്ഞു.
Read More.... ഡിസംബറിൽ ആറുദിവസം ബാങ്ക് പണിമുടക്ക്
മോട്ടോര്‍ വാഹനവകുപ്പ് ബസ് തടഞ്ഞ് പരിശോധന നടത്തി. തുടർന്ന് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. വൈപ്പർ ബ്ലേഡിനു കനംകുറവ്. മഡ്ഫ്ലാപ് നട്ട് കൃത്യമല്ല, ബ്രേക്ക് ചവിട്ടുമ്പോൾ എയർ പോകുന്ന ശബ്ദം കേൾക്കുന്നു, ഫുട്‌റെസ്റ്റിന്റെ റബറിനു തേയ്മാനം തുടങ്ങിയ കാരണങ്ങൾ നിരത്തിയാണ് ഫിറ്റ്നസ് റദ്ദാക്കിയത്. എന്നാൽ 45 ദിവസത്തിന് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി റോബിൻ വീണ്ടുമെത്തി.