സംസ്ഥാനത്തെ ടാക്‌സി കാറുകളില്‍ ഉള്‍പ്പെടെ അനധികൃത സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നതായി സൂചന. ഇതിനെതിരെ പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതി സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്രകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് നടപടി എന്നാണ് വിവരം.

മാത്രമല്ല അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കുന്ന വാഹനങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അടുത്ത ദിവസം മുതല്‍ പരിശോധന തുടങ്ങുമെന്നാണ് സൂചന. ആദ്യഘട്ടമെന്ന നിലയില്‍ സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ വാഹനങ്ങളിലാണ് പരിശോധന നടത്തുക. വകുപ്പിന്റെ പേരടങ്ങിയ ബോര്‍ഡാണ് ഇത്തരം വാഹനത്തില്‍ ഘടിപ്പിക്കേണ്ടത്. അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നീലയില്‍ കറുത്ത ലിപിയിലുള്ള വിവരണമാണ് പ്രദര്‍ശിപ്പിക്കേണ്ടത്. 

വകുപ്പിന്റെ പേരോ മറ്റുവിവരങ്ങളോ ഒന്നുമില്ലാതെ വെറും 'കേരള സര്‍ക്കാര്‍' എന്നു മാത്രം ബോര്‍ഡ് വയ്ക്കുന്ന വാഹനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരേയും നടപടി സ്വീകരിക്കാനാണ് മോട്ടോര്‍വാഹന വകുപ്പ് ഒരുങ്ങുന്നതെന്നാണ് സൂചന.