Asianet News MalayalamAsianet News Malayalam

പുക സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഇനി കട്ടപ്പുക, ഉറപ്പാണ് പിഴയും തടവും!

വാഹനത്തില്‍ സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ തവണ 2000 രൂപ പിഴയോ മൂന്ന് മാസം തടവ് ശിക്ഷയോ ലഭിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

MVD Kerala Face Book Post About Pollution Certificate
Author
Trivandrum, First Published Apr 15, 2021, 12:44 PM IST

സംസ്ഥാനത്തെ പുകപരിശോധനാകേന്ദ്രങ്ങള്‍ ഓണ്‍ലൈനാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. പുകപരിശോധനാകേന്ദ്രങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനും പോലീസിനും ഓണ്‍ലൈനില്‍ ലഭിക്കും.  സംസ്ഥാനത്ത് വാഹന പുകപരിശോധന കൃത്യമല്ലെന്ന് നേരത്തെ തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംവിധാനം അടിമുടി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു പല സംസ്ഥാനങ്ങളും വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് കേരളവും ഇപ്പോള്‍ നടപ്പിലാക്കുന്നത്. 

അതേസമയം അമിതമായി പുക പുറത്തു വിടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക പരിശോധനയ്ക്ക് മോട്ടോര്‍വാഹനവകുപ്പ് തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏപ്രില്‍ 15 മുതല്‍ 30 വരെ ഇതിനായി പ്രത്യേക പരിശോധന നടത്താനാണ് നീക്കം എന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ അറിയിപ്പ്. 

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി. വാഹനത്തില്‍ സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ തവണ 2000 രൂപ പിഴയോ മൂന്ന് മാസം തടവ് ശിക്ഷയോ ലഭിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയോ ആറ് മാസം വരെ തടവോ നല്‍കാമെന്നും മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ദേശിക്കുന്നുണ്ടെന്നും പരിശോധന ദിവസം മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ ദക്ഷിണമേഖലാ ബെഞ്ചിൻ്റെ ഉത്തരവ് പ്രകാരം കേരളത്തിലെ അന്തരീക്ഷ വായു നിലവാരം (air quality) വർദ്ധിപ്പിക്കുന്നതിനായി ഹ്രസ്വകാല അടിസ്ഥാനത്തിലും ദീർഘകാല അടിസ്ഥാനത്തിലുമായി വിവിധ കർമ്മ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുകയാണ്.

ഉയർന്ന തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പുക വമിച്ച് പോവുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനാണ് ബഹു.ട്രിബ്യൂണൽ ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 15 മുതൽ 30 വരെ മോട്ടോർ വാഹന വകുപ്പ്  "ഓപ്പറേഷൻ ഗ്രീൻ അവയർനെസ്സ്" എന്ന പേരിൽ പ്രത്യേക വാഹന പരിശോധനകൾ നടത്തുന്നു. കൂടാതെ, മെയ് മാസം മുതൽ തുടർന്നുള്ള മാസങ്ങളിലെ എല്ലാ രണ്ടാമത്തെ ആഴ്ചകളിലും ഈ പരിശോധന തുടരും.
👉 മോട്ടോർ വാഹന ചട്ടം 115 (7) : എല്ലാ വാഹനങ്ങളിലും ഗവ: അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച പുക പരിശോധനാ സർട്ടിഫിക്കറ്റ് (Pollution Under Control Certificate - PUCC) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
👉 മോട്ടോർ വാഹന ചട്ടം 116 (1) : ഒരു വാഹന പരിരോധനാ ഉദ്യോഗസ്ഥൻ PUC സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടാൽ ആയത് വാഹന പരിശോധനാ ദിവസം മുതൽ 7 ദിവസത്തിനകം ഹാജരാക്കിയിരിക്കണം.
👉 മോട്ടോർ വാഹന ചട്ടം 116 (6) : നിശ്ചിത സമയ പരിധിക്കുള്ളിൽ (7 ദിവസം) മേൽപ്പറഞ്ഞ PUC സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലോ / അല്ലെങ്കിൽ PUC test ൽ പരാജയപ്പെട്ട സർട്ടിഫിക്കറ്റ് ഹാജാക്കുകയോ ചെയ്താൽ മോട്ടോർ വാഹന നിയമം 190 (2) പ്രകാരം :
➖ആദ്യ തവണ 2000  രൂപ പിഴയോ 3 മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ 2 ഉം കൂടിയോ അല്ലെങ്കിൽ മേൽപ്പറഞ്ഞവ കൂടാതെ 3 മാസം വരെ ലൈസൻസിന് അയോഗ്യത കൽപ്പിക്കുകയോ ആവാം.
➖കുറ്റം ആവർത്തിച്ചാൽ 10000  രൂപ പിഴയോ 6 മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ 2 ഉം കൂടിയോ ലഭിക്കും. 
➖7 ദിവസത്തിനുള്ളിൽ കാണിക്കുന്നത് നിശ്ചിത വായു നിലവാരമുള്ള (Valid) PUC സർട്ടിഫിക്കറ്റാണെങ്കിൽ വകുപ്പ് 177 പ്രകാരം 250 രൂപ അടക്കേണ്ടി വരും.
➖ മോട്ടോർ വാഹന ചട്ടം 116 (8) : നിശ്ചിത സമയ പരിധിക്കുള്ളിൽ PUC സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആ വാഹനത്തിൻ്റെ RC സസ്പെൻ്റ് ചെയ്യാനുള്ള അധികാരം രജിസ്റ്ററിംഗ് അതോറിറ്റിക്ക് ഉണ്ട്.
കൃത്യമായ ഇടവേളകളിൽ നമ്മുടെ വാഹനത്തിൻ്റെ എൻഞ്ചിൻ ഓയിൽ, എയർ ഫിൽറ്റർ, ഫ്യൂവൽ ഫിൽറ്റർ എന്നിവ മാറുക. കാലപ്പഴക്കം കാരണം എൻഞ്ചിനിലുള്ള തേയ്മാനം വന്ന ഭാഗങ്ങൾ മാറ്റിയിടുക. നമ്മുടെയും ഭാവിതലമുറയുടെയും നല്ലതിനായി ഗുണനിലവാരമുള്ള അന്തരീക്ഷവായു കൂടിയേ തീരൂ.

 

 

Follow Us:
Download App:
  • android
  • ios