നിയമം കടുപ്പിക്കുമ്പോഴും പേരിനൊരു ഹെല്‍മറ്റ് ധരിച്ച് നിരത്തിലിറങ്ങുന്നവര്‍ കുറവല്ല. പൊലീസിനെയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരയെും കബളിപ്പിക്കാമെന്നു കരുതുന്ന ഇത്തരക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള മോട്ടോര്‍ വാഹനവകുപ്പ്. പൊലീസിനെയോ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയോ പറ്റിക്കാന്‍ വെറുമൊരു ഹെല്‍മറ്റ് വെച്ചാല്‍ മാത്രം പോരെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതായിരിക്കണം ഹെല്‍മറ്റെറ്റ് എന്നും പോസ്റ്റിലുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വെറുതെ ഒരു ഹെല്‍മെറ്റ് പോര...

ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടത്തില്‍ നിന്നും ഒരു നല്ല ഹെല്‍മെറ്റ് നമ്മുടെ തലയെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് ഇനി വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പറയണമെന്നില്ല. കാരണം അനേകായിരം തവണ പലരും പല മീഡിയയിലൂടെയും അത് പറഞ്ഞതാണ്.
എന്റെ തലയല്ലേ..? അതില്‍ നിങ്ങള്‍ക്ക് എന്ത് കാര്യം..? റോഡ് മുഴുവനും നന്നാക്കിയതിന് ശേഷം ഹെല്‍മെറ്റിന്റെ കാര്യം പറഞ്ഞാ മതി..! ഓ ഹെല്‍മെറ്റിടാത്തതാണല്ലോ ഏറ്റവും വലിയ അപരാധം..? തുടങ്ങിയ ചോദ്യങ്ങളും അതോടൊപ്പം ഉണ്ടാവും.

മോട്ടോര്‍ വാഹന നിയമ പ്രകാരം

നാല് വയസിന് മുകളിലുള്ള ഏതൊരാളും മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണം.
ധരിക്കുന്ന ഹെല്‍മെറ്റ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ് (BlS) നിലവാരമനുസരിച്ചായിരിക്കണം.
ഹെല്‍മെറ്റ് നിര്‍മിക്കാനുപയോഗിക്കുന്ന മെറ്റീരിയല്‍ അപകടസമയത്ത് ഒരുനിശ്ചിത അളവിലെങ്കിലും ഡ്രൈവറുടെ തല്ക്ക് സംരക്ഷണം നല്‍കുന്നതായിരിക്കണം.
ഹെല്‍മെറ്റിന്റെ ആകൃതിയും വലുപ്പവും തലയ്ക്ക് സംരക്ഷണം നല്‍കാനുതകുന്നതാവണം.
ഒരു സ്ട്രാപ്പ് ഉപയോഗിച്ച് ഹെല്‍മെറ്റ് സുരക്ഷിതമായി താടിയില്‍ ഉറപ്പിക്കാനാവണം.

ഇവയൊക്കെ ശരിക്കും ഉറപ്പാക്കാന്‍ BIS: 4151 സ്റ്റാന്റേഡുപ്രകാരം നിര്‍മ്മിച്ച ഹെല്‍മെറ്റുകള്‍ക്ക് മാത്രമേ കഴിയുകയുള്ളു.

ഹെല്‍മെറ്റ് ഒരു നിയമം എന്നതിലുപരി ഒരു ശീലമാവട്ടെ.....(മാസ്‌ക് പോലെ)