കള്ള ടാക്സിയെന്ന് ആരോപിച്ച് മനസമ്മതത്തിനായി വരനും ബന്ധുക്കളും സഞ്ചരിച്ച ഇന്നോവ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് പിടികൂടി. നടപടികള്‍ നീണ്ടുപോയതോടെ മനസമ്മതത്തിന് നിശ്ചയിച്ച മുഹൂര്‍ത്തവും തെറ്റി. 

എഴുകുംവയല്‍ കാക്കനാട് റെനിറ്റിനാണ് ഈ ദുരനുഭവം. റെനിറ്റിന്‍റെ മനസമ്മതം രാജാക്കാട് ക്രിസ്തുരാജ് പള്ളിയില്‍ ശനിയാഴ്ച രാവിലെ 11.30-നാണ് നിശ്ചയിച്ചിരുന്നത്. കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലൂടെയുള്ള യാത്രയിലാണ് മോട്ടര്‍ വാഹന വകുപ്പ് വരന്‍ സഞ്ചരിച്ച വാഹനം പിടികൂടിയത്.  രാജാക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയായിരുന്നു വധു. ഇതോടെ വരന്‍ അടക്കമുള്ളവര്‍  വഴിയില്‍ കുടുങ്ങുകയായിരുന്നു.

വരന്‍ സഞ്ചരിച്ച വാഹനം കള്ളടാക്‌സിയായി ഓടുന്നതാണെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ നടപടി. വിവാഹ ചടങ്ങുകള്‍ക്ക് ഈ വാഹനം വ്യാപകമായി ഉപയോഗിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്, വാഹനം റെനിറ്റിന്റെ സുഹൃത്തും അയല്‍വാസിയുമായ വ്യക്തിയുടേതായിരുന്നു. ഈ വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് 6000 രൂപ പിഴയിട്ട ശേഷമാണ് വിവാഹ സംഘത്തെ വിട്ടത്. 

എന്നാല്‍ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം സമയം വൈകിപ്പിക്കുകയായിരുന്നെന്ന് വരനും ബന്ധുക്കളും ആരോപിച്ചു. മനസമ്മതത്തിന് പോകുന്ന വരനും കൂട്ടരുമാണെന്ന് അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ വാഹനം വിട്ടുനല്‍കാന്‍ തയാറായില്ലെന്നും ഉദ്യോഗസ്ഥര്‍ വാഹനത്തിന്റെ താക്കോല്‍ പിടിച്ചുവാങ്ങിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.