Asianet News MalayalamAsianet News Malayalam

ഉറക്കമൊഴിച്ച് വണ്ടി പരിശോധിച്ചിട്ടും കീശ നിറഞ്ഞില്ല, അമ്പരന്ന് ഉദ്യോഗസ്ഥര്‍!

ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ അടക്കം മോട്ടോര്‍ വാഹനവകുപ്പിന്റെ മുഴുവന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗവും പരിശോധനക്കിറങ്ങിയിരുന്നു. എന്നിട്ടും പിഴത്തുകയില്‍ കാര്യമായ വര്‍ധനയുണ്ടാകാത്തതാണ് ചര്‍ച്ചയാകുന്നത്. 

MVD Vehicle Checking  24 Hours
Author
Trivandrum, First Published Jul 8, 2019, 12:34 PM IST

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ 24 മണിക്കൂര്‍ വാഹനപരിശോധനയില്‍ ലഭിച്ചത് 38.26 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെമുതല്‍ ഞായറാഴ്ച പുലര്‍ച്ചെവരെയായിരുന്നു പരിശോധന. എന്നാല്‍ ശനിയാഴ്ച വൈകിട്ട് വരെ നടന്ന പതിവ് പരിശോധനയില്‍ 20 ലക്ഷം രൂപവരെ പിഴയായി ലഭിച്ച സ്ഥാനത്താണ് 24 മണിക്കൂര്‍ പരിശോധിച്ചിട്ടും ഇത്രയും കുറവ് തുക ലഭിച്ചതെന്നതാണ് കൗതുകകരം. 

24 മണിക്കൂറും ഉദ്യോഗസ്ഥരെ റോഡില്‍ നിയോഗിച്ച് കൊണ്ട് മോട്ടോര്‍വാഹനവകുപ്പിന്റെ മുഴുവന്‍ സംവിധാനവും നിരത്തിലിറക്കി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്. 4580 കേസുകളാണ് ഈ പരിശോധനക്കിടെ എടുത്തത്.  അമിതഭാരം കയറ്റിയ 283 വാഹനങ്ങളും അമിത പ്രകാശമുള്ള ഹെഡ് ലൈറ്റ് ഉപയോഗിച്ച 1162 വാഹനങ്ങളും പരിശോധനയില്‍ കുടുങ്ങി.  

ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ അടക്കം മോട്ടോര്‍ വാഹനവകുപ്പിന്റെ മുഴുവന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗവും പരിശോധനക്കിറങ്ങിയിരുന്നു.  എന്നിട്ടും പിഴത്തുകയില്‍ കാര്യമായ വര്‍ധനയുണ്ടാകാത്തതാണ് ചര്‍ച്ചയാകുന്നത്. 

ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പുറത്തിറക്കിയ സ്ഥലംമാറ്റപ്പട്ടികക്കെതിരേ വകുപ്പ് മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി 24 മണിക്കൂര്‍ ഡ്യൂട്ടി.  ഇത് പകപോക്കലാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.  അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥരുടെ നിസഹകരണമാണ് പിഴത്തുക ഇത്രയും കുറയാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരേതനും സ്ഥാനക്കയറ്റം ലഭിച്ചവരും ഉള്‍പ്പെടെ നിരവധിപേര്‍ ഇടംപിടിച്ച സ്ഥലംമാറ്റപ്പട്ടികയ്ക്ക് എതിരെയായിരുന്നു തങ്ങളുടെ പരാതി എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios