Asianet News MalayalamAsianet News Malayalam

പാട്രിയോട്ടോ കമാന്‍ഡറോ? സസ്പെന്‍സ് പൊളിച്ച് ജീപ്പ്

കോംപസിന്റെ പ്ലാറ്റ്‌ഫോം ആയ സ്‍മാൾ വൈഡ് 4x4 ഉപയോഗിച്ച് തയ്യാറക്കുന്ന 7 സീറ്റർ എസ്‌യുവി ആണ് എത്തുന്നത്.  പുണെക്കെടുത്ത രഞ്ജൻഗാവ് പ്ലാന്റിലാണ് ഇന്ത്യ ഉൾപ്പടെയുള്ള റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്കുള്ള കമാൻഡറിന്റെ നിർമ്മാണം നടക്കുക.

Name confirmed for jeeps new model seven seat SUV
Author
New Delhi, First Published May 30, 2021, 10:26 PM IST

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017-ലാണ്  ഐക്കണിക്ക് അമേരിക്കൻ വാഹന കമ്പനിയായ ജീപ്പ് ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയിൽ റാംഗ്ലർ, കോംപസ് എന്നീ മോഡലുകളാണ് നിലവില്‍ ജീപ്പ് വിൽക്കുന്നത്. ജീപ്പ് കോംപസിനെ അടിസ്ഥാനമാക്കി ഇന്ത്യൻ വിപണിക്കായി ജീപ്പ് പുതിയൊരു മോഡല്‍ വികസിപ്പിക്കുന്നതായി കഴിഞ്ഞ കുറച്ചുനാളുകളായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജീപ്പ് കോംപസിന് മുകളിലായും റാംഗ്ലറിന് താഴെയുമായി എത്തുന്ന ഈ മോഡലിന്‍റെ പേര് ഇപ്പോള്‍ ഏകദേശം ഉറപ്പായിരിക്കുകയാണ്. ജീപ്പ് കമാന്‍ഡര്‍ എന്നായിരിക്കും ഈ മോഡലിന്‍റെ  പേരെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോംപസിന്റെ പ്ലാറ്റ്‌ഫോം ആയ സ്‍മാൾ വൈഡ് 4x4 ഉപയോഗിച്ച് തയ്യാറക്കുന്ന 7 സീറ്റർ എസ്‌യുവി ആണ് എത്തുന്നത്. പുതിയ ജീപ്പ് കമാൻഡറിന്റെ അരങ്ങേറ്റം ബ്രസീലിയൻ വിപണിയിൽ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുണെക്കെടുത്ത രഞ്ജൻഗാവ് പ്ലാന്റിലാണ് ഇന്ത്യ ഉൾപ്പടെയുള്ള റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്കുള്ള കമാൻഡറിന്റെ നിർമ്മാണം നടക്കുക.

ചൈനീസ് വിപണിയിൽ ജീപ്പ് വിൽക്കുന്ന 7-സീറ്റർ എസ്‌യുവി മോഡൽ ആയ ഗ്രാൻഡ് കമാന്‍ഡറിന് സമാനമായിരിക്കും എച്ച് 6 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന ‌ഈ പുത്തൻ എസ്‌യുവി എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വർഷം ആദ്യം വിപണിയില്‍ എത്തിയ 2021 കോംപസ് മോഡലിനോട് സമാനമായിരിക്കും കമാൻഡർ എന്നാണ് പുതിയ വിവരം. എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടായ് ഉടൻ വില്പനക്കെത്തിക്കുന്ന ആൽകസർ എന്നീ മോഡലുകളായിരിക്കും ജീപ്പ് കമാൻഡറിന്റെ എതിരാളികൾ. പുതിയ ഗ്രിൽ, ഹെഡ്‍ലാംപ്, ടെയിൽ ലാംപ്, മുൻ പിൻ ബമ്പറുകൾ എന്നിങ്ങനെ പുത്തൻ കോംപസിലെ മാറ്റങ്ങൾ കമാൻഡറിലും ലഭിച്ചേക്കും. കമാൻഡറിന്റെ ഇന്റീരിയറിൽ 3 നിര സീറ്റുകൾ, പരിഷ്കരിച്ച അപ്ഹോൾസ്റ്ററി, പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പാനരോമിക് സൺറൂഫ് എന്നിവ ഉൾപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യാന്തര വിപണിയിൽ കമാൻഡർ എന്ന് പേരാണ് സ്വീകരിക്കുകയെങ്കിലും മറ്റൊരു പേരിലായിരിക്കും ഇന്ത്യയിലേക്ക് കമാന്‍ഡര്‍ എത്തുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാരണം അടുത്ത കാലം വരെ മഹീന്ദ്രയുടെ എംഎം 540 ജീപ്പിന്റെ പേരായിരുന്നു കമാൻഡർ. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ജീപ്പിന് ഈ എസ്‌യുവിക്ക് കമാൻഡർ എന്ന പേര് ഉപയോഗിക്കാൻ സാധിക്കുമോ എന്ന് വ്യക്തമല്ല. പാട്രിയോട്ട് എന്ന പേര് ജീപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്‍തിട്ടുണ്ടെങ്കിലും അതായിരിക്കുമോ പുതിയ വാഹനത്തിന്റെ വ്യാപാരനാമം എന്നു വ്യക്തമല്ല. എന്തായാലും പുതിയ വാഹനത്തിന്റെ റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ പ്രൊഡക്‌ഷൻ ഹബ്ബായിരിക്കും ഇന്ത്യ എന്നും റിപ്പോർട്ടുകളുണ്ട്.

2005-ലാണ് കമാൻഡർ എന്ന നെയിംപ്ലേറ്റിനൊപ്പം ഒരു ഏഴ് സീറ്റർ മോഡലിനെ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. ഗ്രാൻഡ് ചെറോക്കിക്ക് മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന എസ്‌യുവി ഒരിക്കലും ബ്രാൻഡ് പ്രതീക്ഷിച്ച വിജയം നേടിയില്ല. തുടർന്ന് 2011-ഓടെ അത് നിർത്തലാക്കുകയും ചെയ്‌തു. തുടര്‍ന്ന് 2017 ഷാൻഹായ് മോട്ടോർ ഷോയിലാണ് പുതിയ എസ്‍യുവിയുടെ ആദ്യ മാതൃക ജീപ്പ് അവതരിപ്പിച്ചത്.  യുന്തു കൺസെപ്റ്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വാഹനത്തിന്‍റെ ഡിസൈന്‍. കോംപസിന്റെ സ്മോൾ വൈഡ് പ്ലാറ്റ്ഫോമിലുള്ള വാഹനത്തിന്‍റെ രൂപം ബോക്സി പ്രൊഫൈലിലായിരിക്കും. മോണോക്കോക് ബോഡിയായ എസ്‌യുവിയില്‍ മൂന്ന് നിരകളായി ഏഴ് സീറ്റുകളുമുണ്ടാവും. സെവൻ സ്ലോട്ട് ഗ്രില്ലും ആങ്കുലർ വീൽ ആർച്ചുകളും എൽ.ഇ.ഡി ടെയിൽഗേറ്റുമൊക്കെ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. ഈ  എസ്‌യുവിയെ കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയിലും ബ്രസീൽ വിപണികളിലും നിരവധി തവണ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ജീപ്പ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios