കഴിഞ്ഞ കുറേക്കാലമായി ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ച് കേള്‍ക്കുന്ന പേരുകളാണ് ഇലോണ്‍ മസ്‌കും അദ്ദേഹത്തിന്‍റെ സ്വകാര്യ ബഹിരാകാശ ഗതാഗത കമ്പനിയായ സ്പേസ് എക്സുമൊക്കെ. ഉപഗ്രങ്ങള്‍ ബഹിരാകാശത്തെത്തിക്കുകയും ബഹിരാകാശനിലയത്തിലേക്ക് സാധനങ്ങളെത്തിക്കാന്‍ നാസയെ സഹായിക്കുകയും ചെയ്യുന്ന കമ്പനി ഇപ്പോള്‍ നാസയ്ക്ക് വേണ്ടി ബഹിരാകാശ ഗവേഷകരെ ബഹിരാകാശ നിലയത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 

ഭൂമിയിലേക്ക് തിരിച്ചിറക്കാന്‍ സാധിക്കുന്ന റോക്കറ്റ് ബൂസ്റ്ററുകള്‍ യാഥാര്‍ത്ഥ്യമാക്കിയതും ഏറ്റവും ശക്തിയേറിയ ഫാല്‍ക്കണ്‍ 9 ഹെവി റോക്കറ്റ് പരീക്ഷിച്ചതുമൊക്കെ മസ്‍കിന്‍റെ മിടുക്കാണ്. സ്പേസ് എക്സ് അടുത്തിടെ ഒരു റോക്കറ്റ് പുറത്തിറക്കി. 'സ്റ്റാർഷിപ്പ് മാർക്ക് വൺ' എന്ന് പേരിട്ടിരിക്കുന്ന ഈ പടുകൂറ്റൻ ബഹിരാകാശ റോക്കറ്റിന്‌ 100 പേരെ വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് പോകാനുള്ള ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മനുഷ്യരെ ചന്ദ്രനിലേക്കു മാത്രമല്ല ചൊവ്വയിലോ സൗരയൂഥത്തിലെ മറ്റെവിടെയെങ്കിലുമോ എത്തിക്കാനും തിരികെ ഭൂമിയില്‍ സുരക്ഷിതമായി കൊണ്ടിറക്കാനും സ്റ്റാര്‍ഷിപ്പിനു കഴിയുമെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ആദ്യമായി പറന്നുയര്‍ന്ന് 19,800 മീറ്ററില്‍ (65,000 അടി) എത്തിയശേഷം ഭൂമിയിലേക്ക് മടങ്ങി ലാന്‍ഡ് ചെയ്യുമെന്നുമാണ് മസ്‌കിന്‍റെ പ്രതീക്ഷകള്‍. 

എന്നാല്‍ ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം യഥാര്‍ത്ഥത്തില്‍ ചന്ദ്രനല്ലെന്നും ചൊവ്വയില്‍ കോളനി സ്ഥാപിക്കുകയാണ് സ്പേസ് എക്സിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നതും പരസ്യമായ രഹസ്യമാണ്. ശാസ്ത്ര സങ്കല്‍പ്പ സിനിമകളില്‍ കാണാറുള്ളതു പോലെ ബഹിരാകാശത്തൊരു മനുഷ്യ സാമ്രാജ്യം. പല ഗവേഷകരുടെയും ഇന്നുള്ള ഏറ്റവും വലിയ സ്വപ്‍നമാണത്. സ്റ്റാർഷിപ്പിന്‍റെ അവതരണത്തോടെ ഭൂമിക്കു പുറത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ചുരുക്കം. 

പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. ബഹിരാകാശത്തെത്തുന്ന മനുഷ്യരുടെ ജീവിതം സുന്ദരമാക്കാനും മസ്‍കിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം പകരാനും ഒരു കിടിലന്‍ പരീക്ഷണത്തിലാണ് നാസയുടെ ഹ്യുമന്‍ റിസര്‍ച്ച് വിഭാഗമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊന്നുമല്ല, ബഹിരാകാശ യാത്രികര്‍ക്കും അവിടുത്തെ നിവാസികള്‍ക്കും സെക്സ് ചെയ്യാനുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിലാണത്രെ നാസയുടെ ഗവേഷകര്‍. ഭൂമിക്കു പുറത്തുള്ള മനുഷ്യരുടെ ഏകാന്തതയും വിരസതയും ഒഴിവാക്കാനായി ടെലിഡൈല്‍ഡോണിക്ക് സെക്സ് എന്ന സാങ്കേതിക വിദ്യയാണത്രെ നാസയും  ആംസ്റ്റര്‍ഡാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിറൂ എന്ന സെക്സ് പാവക്കമ്പനിയും സംയുക്തമായിവികസിപ്പിക്കുന്നത്. 

ബഹിരാകാശാ മനുഷ്യരുടെ ലൈംഗിക ജീവിതം ഏറെക്കാലമായി ശാസ്ത്രജ്ഞരുടെ പഠനവിഷയമാണെങ്കിലും ഇതിന് അനുയോജ്യമായ ഒരു മാര്‍ഗ്ഗം വികസിപ്പിച്ചെടുക്കാന്‍ ഗവേഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇതിനായി ഇന്‍റര്‍നെറ്റ് അധിഷ്‍ഠിതമായ സെക്സ് പാവകളെയാണ് നാസ വികസിപ്പിക്കുന്നത്. ഈ പുതിയ സംവിധാനം ഉപയോഗിച്ച് ബഹിരാകാശത്തുള്ള മനുഷ്യര്‍ക്ക് ഭൂമിയിലെ തങ്ങളുടെ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍  സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതായത് ബഹിരാകാശ പേടകത്തിലോ ചൊവ്വയിലോ മറ്റ് ഗ്രഹങ്ങളിലോ ഉള്ള കോളനിയിലോ ജീവിക്കുന്ന മനുഷ്യന് ഭൂമിയിലെ തങ്ങളുടെ പങ്കാളിയുമായി ലൈംഗിക ചോദനകള്‍ അനുഭവിക്കാനും പങ്കുവയ്ക്കാനും സാധിക്കും. ഇങ്ങനെ ബഹിരാകാശ നിവാസികളുടെയും ഭാവിയില്‍ ഭൂമിക്ക് പുറത്തെത്തുന്ന മറ്റുമനുഷ്യരുടെയുമൊക്കെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനും മാനസീകാരോഗ്യം കൂട്ടാനും സാധിക്കുമെന്നാണ് ശാസ്‍ത്രജ്ഞരുടെ കണക്കുകൂട്ടല്‍.