കൊച്ചി: ഡ്യൂട്ടിക്കിടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന രണ്ട് വനിതാ പൊലീസുകാരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവില്‍ എ.ആര്‍ ക്യാമ്പിന് സമീപത്താണ് സംഭവം. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന നാവികസേന ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. 

സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലെ സിപിഒ ഹേമചന്ദ്ര, നോര്‍ത്ത് സ്‌റ്റേഷനിലെ എലിസബത്ത് ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും പിങ്ക് പട്രോളിംഗ് സ്‌ക്വാഡിലെ അംഗങ്ങളാണ് . വാഹനത്തില്‍ കയറാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ ഹേമചന്ദ്ര സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നിസാര പരിക്കേറ്റ എലിസബത്ത് ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു.  

ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ ബോണറ്റിലേക്ക് വീണ ശേഷം റോഡിലേക്ക് തെറിച്ചു വീണ ഹേമചന്ദ്രയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. മൂന്നു പല്ലുകളും നഷ്ടപ്പെട്ടു. അമിത വേഗതയില്‍ വാഹനമോടിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.