ഗാസിയാബാദ് : എക്സ്പ്രസ്സ് ഹൈവേയിൽ അടിയന്തിര ലാൻഡിംഗ് ചെയ്‍ത് ചെറുവിമാനം. വിമാനത്തിന്‍റെ അപ്രതീക്ഷിത ലാന്‍ഡിംഗില്‍ റോഡ് യാത്രികര്‍ അമ്പരന്നു. ഗാസിയാബാദിലെ ഈസ്റ്റേൺ പെരിഫരൽ എക്സ്പ്രസ്സ് വേയിലാണ് സംഭവം. സാങ്കേതിക തകരാറിനെ തുടർന്നാണ് നാഷനൽ കേ‍ഡറ്റ്സ് കോർപ്സിന്റെ എയർക്രാഫ്റ്റ് അടിയന്തിര ലാൻഡിംഗ് നടത്തിയത് . വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണ്. വ്യോമസേനാ ഉദ്യോഗസ്ഥരെത്തിയാണ് പൈലറ്റുമാരെ രക്ഷപ്പെടുത്തിയത്.

പൽവാലിനെയും ഹരിയാനയിലെ സോനിപത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിലാണ് വിമാനം ഇറങ്ങിയത്. രണ്ടു പേർക്ക് ഇരിക്കാവുന്ന സെനൈർ സിഎച്ച് 701 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്.  സർദാർപൂർ ഗ്രാമത്തിനു സമീപം റോഡില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞു.

കനേഡിയൻ നിർമിത സെനൈർ സിഎച്ച് 701 എന്ന വിമാനം പൈലറ്റുമാരെ പരിശീലിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.  6.38 മീറ്റർ നീളവും 8.23 മീറ്റർ ചിറക് വിരിവുമുണ്ട് ഈ ചെറു വിമാനത്തിന്. പരമാവധി 12000 അടി വരെ ഉയരത്തിൽ പറക്കാൻ സാധിക്കുന്ന വിമാനത്തിന് ഒരു പറക്കലിൽ 599 കിലോ മീറ്റർ വരെ സഞ്ചരിക്കാനാവും. മണിക്കൂറിൽ 137 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിമാനത്തിന്റെ ക്രൂസിങ് വേഗം 130 കിലോമീറ്ററാണ്. 

ഹൈവേയില്‍ ഇറങ്ങിയ വിമാനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.