Asianet News MalayalamAsianet News Malayalam

ഈ സ്‍കൂട്ടറുകള്‍ ഒമ്പതെണ്ണം സ്വന്തമാക്കി ഇന്ത്യയിലെ ഒരു വിദേശ എംബസി, കാരണം ഇതാണ്!

ഒരു പ്രത്യേക പെയിന്റ് തീം, സൂക്ഷ്‍മമായ ഗ്രാഫിക്‌സ്, രാജ്യത്തിന്റെ ഔദ്യോഗിക ലോഗോ എന്നിവയോടെയാണ് ഈ സ്‍കൂട്ടര്‍ എംബസി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

Netherland Embassy in India bought  Ola Electric  S1 Pro e scooter
Author
Mumbai, First Published Nov 18, 2021, 8:40 AM IST

ന്ത്യയിലെ നെതർലാൻഡ്‌സ് എംബസിയിൽ (Netherland Embassy) ഒമ്പത് എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ എത്തിക്കുമെന്ന് അറിയിച്ച് ഒല ഇലക്ട്രിക്. പ്രത്യേക ഉത്തരവ് പ്രകാരം ആണിതെന്ന് കമ്പനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കസ്റ്റമൈസ് ചെയ്‍ത ഒല എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഒരു പ്രത്യേക 'ഡച്ച് ഓറഞ്ച്' പെയിന്റ് തീം, സൂകഷ്‍മമായ ഗ്രാഫിക്‌സ്, നെതർലാൻഡ്‌സിന്റെ (Netherland) ഔദ്യോഗിക രാജ്യ ലോഗോ എന്നിവയോടെയാണ് വരുന്നത്.

ഇന്ത്യയിലെ നെതർലാൻഡിന്‍റെ എംബസിയുടെ വിവിധ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കായി ഈ ഒമ്പത് സ്‌കൂട്ടറുകളും ഉപയോഗിക്കുമെന്ന് ഒല ഇലക്ട്രിക് പറയുന്നു. ഈ ഇലക്ട്രിക് സ്‍കൂട്ടറുകൾ ദില്ലിയിലെ നെതർലൻഡ് എംബസിയും മുംബൈയിലെയും ബെംഗളൂരുവിലെയും കോൺസുലേറ്റ് ഓഫീസും ഉപയോഗിക്കുമെന്ന് ഒല പ്രസ്‍താവനയിൽ പറഞ്ഞു. സ്‍കൂട്ടറുകൾ ഉടൻ വിതരണം ചെയ്യും എന്നും ഒല വ്യക്തമാക്കി. 

നെതർലാൻഡ്‌സിന്റെ എംബസിക്കായി ഈ കസ്റ്റം സ്‌കൂട്ടറുകൾ നിർമ്മിക്കുന്നതിൽ ആവേശഭരിതരാണെന്നും അവർ ഒലയുടെ മിഷൻ ഇലക്ട്രിക്കിൽ ചേർന്നതിൽ അഭിമാനിക്കുന്നുവെന്നും പ്രത്യേക ഓർഡറിനെക്കുറിച്ച് സംസാരിച്ച ഒല ഇലക്ട്രിക്കിന്‍റെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു. ഒലയുടെ വിപുലമായ രൂപകൽപ്പനയുടെയും നിർമ്മാണ പ്രക്രിയയുടെയും സാക്ഷ്യപത്രമായാണ് ഈ കസ്റ്റം ഇലക്ട്രിക് സ്‍കൂട്ടറുകൾ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇഷ്‌ടാനുസൃതമായി രൂപകൽപ്പന ചെയ്‌ത ഒല S1 പ്രോ സ്‌കൂട്ടറുകൾ വാങ്ങുന്നതിൽ ആവേശഭരിതരാണെന്ന് നെതർലൻഡ്‌സ് എംബസിയിലെ അംബാസഡർ മാർട്ടൻ വാൻ ഡെൻ ബെർഗ് പറഞ്ഞു. അവ നെതർലാൻഡ്‌സ് ലോഗോയ്‌ക്കൊപ്പം ഡച്ച് ഓറഞ്ച് നിറത്തിൽ മനോഹരമായി രൂപകൽപ്പനയുമായി കസ്റ്റമൈസ് ചെയ്‍തിരിക്കുന്നു. 

പരിസ്ഥിതിക്ക് മാത്രമല്ല, കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഒരു പ്രധാന ഭാഗമായാണ് എംബസി ഒല എസ്1 തിരഞ്ഞെടുത്തതെന്നും ബെർഗ് പറഞ്ഞു. "ഒരു നഗര പരിതസ്ഥിതിയിൽ കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിന് ഇലക്ട്രിക്കിലേക്ക് പോകുന്നത് നിർണായകമാണ്. വാഹനങ്ങളുടെ ഡെലിവറിക്കായി ഞാൻ കാത്തിരിക്കുകയാണ്, അതിനാൽ ഞങ്ങളുടെ ഓഫീസിലെ നിലവിലുള്ള സ്‌കൂട്ടറുകൾക്ക് പകരം ഒല എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ നൽകാനാകും.." ബെർഗ് കൂട്ടിച്ചേർത്തു.

രാജ്യം ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ വമ്പന്‍ വിപ്ലവവുമായാണ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒല ഒരു ഇലക്ട്രിക്ക് സ്‍കൂട്ടറുമായി രംഗത്ത് എത്തിയത്. ബുക്കിംഗില്‍ ചരിത്രം സൃഷ്‍ടിച്ച ഈ സ്‍കൂട്ടര്‍ വിപണത്തില്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയാണ്. എസ്1, എസ് 1 പ്രോ എന്നീ രണ്ട് വേരിയന്‍റുകളായാണ് ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. കൂടുതല്‍ റേഞ്ച്, ഉയര്‍ന്ന പവര്‍, വലിയ സ്റ്റേറേജ് കപ്പാസിറ്റി , മികച്ച കണക്ടിവിറ്റി ഉള്‍പ്പെടെ, ഇലക്ട്രിക് സ്‍കൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ചാണ് ഒല വിപണിയിലെത്തുന്നത്. 85,000 രൂപ മുതല്‍ 1,29,000 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്ടീവയുടെ വിലയേക്കാള്‍ കുറവാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എസ്1 ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ സ‍ഞ്ചരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. എസ്1 വേരിയന്റ് വെറും 3.6 സെക്കന്റ് കൊണ്ട് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും.  നോര്‍മല്‍ ‚സ്പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകള്‍. എസ് 1 പ്രോ വേരിയന്റില്‍ നോര്‍മല്‍ ‚സ്പോര്‍ട്ട് ഡ്രൈവ് മോഡുകള്‍ക്ക് പുറമേ ഹൈപ്പര്‍ മോഡും നല്‍കിയിട്ടുണ്ട്. എസ് 1 പ്രോ ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ സ‍ഞ്ചരിക്കും. മണിക്കൂറില്‍ 115 കിലോമീറ്ററാണ് എസ് 1 പ്രോയുടെ പരമാവധി വേഗത.

ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ 10 നിറങ്ങളിലാണ് വിപണിയില്‍ എത്തന്നത്. ഗ്ലോസി, മാറ്റ് ഫിനിഷിൽ ചുവപ്പ്, പിങ്ക്, മഞ്ഞ, സിൽവർ, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ ലഭ്യമാണ്.  എസ്1 വേരിയന്‍റ് അഞ്ച് നിറങ്ങളിൽ ലഭ്യമാകുമ്പോള്‍ പ്രോയ്ക്ക് കമ്പനി 10 കളർ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്​.

Follow Us:
Download App:
  • android
  • ios