Asianet News MalayalamAsianet News Malayalam

ട്രൈബറിന്‍റെ കരുത്ത് കൂട്ടാനൊരുങ്ങി റെനോ, നെഞ്ചിടിപ്പില്‍ എതിരാളികള്‍!

പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ വികസിപ്പിക്കാനൊരുങ്ങി കമ്പനി

New 1.0 turbo-petrol engine to power Renault Triber
Author
Mumbai, First Published Dec 10, 2019, 10:43 AM IST

ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്. ഇപ്പോഴിതാ പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ കമ്പനി വികസിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഡസ്റ്റർ എസ്‌യുവിയിൽ ഉൾപ്പെടെ വിദേശത്ത് വിൽക്കുന്ന നിരവധി കാറുകളിൽ റെനോ വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റർ നാല് സിലിണ്ടർ SCe യൂണിറ്റിന്റെ ഡീട്യൂൺ ചെയ്‍ത  1.0 ലിറ്റർ മൂന്ന് സിലിണ്ടർ യൂണിറ്റായിരിക്കും ഈ പുതിയ പെട്രോൾ എഞ്ചിനെന്നും ആദ്യമിത് റെനോ ട്രൈബറിലാവും പരീക്ഷിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ട്രൈബറിന്‍റെ ചിറകിലേറി നവംബര്‍ മാസത്തെ വില്‍പ്പനയില്‍ 77 ശതമാനത്തിന്റെ വളര്‍ച്ചാണ് റെനോ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6134 വാഹനങ്ങളാണ് നിരത്തിലെത്തിച്ചതെങ്കില്‍ 2019 നവംബറില്‍ 10,882 വാഹനങ്ങള്‍ റെനോ നിരത്തിലെത്തിച്ചെന്നാണ് കണക്കുകള്‍. ഇതോടെ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായും റെനോ മാറി.

എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത. 4.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

നിലവില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്‍മിഷന്‍.  ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്‍റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‍സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.

മൂന്നാം നിരയിലെ നീക്കം ചെയ്യാവുന്ന സീറ്റുകൾ, മടക്കാവുന്ന മധ്യനിര സീറ്റുകൾ, മൂന്നാമത്തെ വരികൾക്കുള്ള പ്രത്യേക എസി വെന്റുകൾ, ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേയ്ക്കൊപ്പം ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, GPS നാവിഗേഷൻ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പവർഡ് വിംഗ് മിററുകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

റെനോ വികസിപ്പിക്കുന്ന പുതിയ ടർബോ പെട്രോൾ എഞ്ചിന് 95 bhp കരുത്ത് പുറപ്പെടുവിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഈ എഞ്ചിന്‍ കൂടി ചേരുന്നതോടെ ട്രൈബറിന്‍റെ വിപണിയിലിും നിരത്തിലുമുള്ള ട്രൈബറിന്‍റെ കുതിപ്പിന് വേഗത കൂടുമെന്നുറപ്പ്.

മാത്രമല്ല റെനോ ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവിയിലും ഈ ടർബോ പെട്രോൾ എഞ്ചിൻ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

HBC എന്ന കോഡ് നാമമുള്ള പുതിയ കോംപാക്റ്റ് എസ്‌യുവി 2020 -ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വിഡ്, ട്രൈബർ എന്നിവ ഒരുങ്ങുന്ന അതേ CMF-A പ്ലാറ്റ്ഫോം ഉപയോഗിച്ചാവും പുതിയ വാഹനവും നിർമ്മിക്കുക. 

Follow Us:
Download App:
  • android
  • ios