2022 ജനുവരിയിൽ പുതിയ രണ്ടാം തലമുറ Q7 ഫേസ്‌ലിഫ്റ്റ് കാർ അവതരിപ്പിക്കും എന്ന് കമ്പനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു

2022-ലെ പുതുവർഷം ഗംഭീരമായി ആരംഭിക്കാൻ ജര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യ (Audi India) ഒരുങ്ങുകയാണ്. 2022 ജനുവരിയിൽ പുതിയ രണ്ടാം തലമുറ Q7 ഫേസ്‌ലിഫ്റ്റ് കാർ അവതരിപ്പിക്കും എന്ന് കമ്പനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ കമ്പനി ഡീലർഷിപ്പുകളിലും കാർ എത്തിത്തുടങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

BS6 എമിഷൻ മാനദണ്ഡങ്ങളുടെ വരവോടെ 2020 ഏപ്രിലിൽ നിർത്തലാക്കിയ മോഡലാണ് ഇത്. വാഹനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, കാറിന്‍റെ എക്സ്റ്റീരിയർ പ്രൊഫൈലിലേക്ക് ഒരു കൂട്ടം കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ ഔഡി അവതരിപ്പിച്ചു. പുതിയ Q7 ന് ഇപ്പോൾ ഒരു പുതിയ മുഖം ഫീച്ചർ ചെയ്യുന്ന ഒരു റീമാസ്റ്റേർഡ് ഫ്രണ്ട്-എൻഡ് ലഭിക്കുന്നു. ഇത് ഏറ്റവും പുതിയ ഔഡി ക്യു ഫാമിലി ശ്രേണിക്ക് അനുസൃതമാണ്. വിശദമായി പറഞ്ഞാൽ, പുതിയ സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലൈറ്റുകളും, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പിനോട് ചേർന്നുള്ള ക്രോം ഫ്രെയിമോടുകൂടിയ പുനർരൂപകൽപ്പന ചെയ്‍ത ഗ്രില്ലും കൊണ്ട് കമ്പനി കാറിനെ സ്റ്റൈലിഷാക്കിയിരിക്കുന്നു. കൂടാതെ, വലിയ എയർ ഇൻലെറ്റുകളുള്ള ഒരു പുതിയ ബമ്പറും ഉണ്ട്. പുതിയ Q7 ന് ക്രോം ട്രിം ഉള്ള ട്വീക്ക് ചെയ്‍ത LED റിയർ ലൈറ്റുകൾക്കൊപ്പം പുതിയ അലോയി വീലുകളും ലഭിക്കുന്നു.

ഹുഡിന് കീഴിൽ, എട്ട് സ്‍പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ജോഡിയാക്കാൻ സാധ്യതയുള്ള പുതിയ 3.0-ലിറ്റർ V6 ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനിലാണ് കാർ എത്താന്‍ സാധ്യതയുള്ളത്. ഈ എഞ്ചിൻ പരമാവധി 335 bhp കരുത്തും 500 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. ഒരു സ്റ്റാൻഡേർഡ് ക്വാട്രോ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം സഹിതം ഈ ഫെയ്‌സ്‌ലിഫ്റ്റഡ് എസ്‌യുവി വരാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പനോരമിക് സൺറൂഫ്, ബാംഗ്, ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം, ഓപ്ഷണലായി എച്ച്‌യുഡി, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉൾപ്പെടാൻ സാധ്യതയുള്ള നിരവധി ഫീച്ചറുകൾ കൂട്ടിച്ചേർക്കലുകളും പ്രതീക്ഷിക്കാം. ഏറ്റവും പുതിയ ഔഡി Q7 ന്റെ ഉത്പാദനം ഔറംഗബാദിൽ ആരംഭിച്ചു കഴിഞ്ഞതായും 2022 ന്റെ തുടക്കത്തിൽ ലോഞ്ച് നടക്കുമെന്നും പ്രതീക്ഷിക്കുന്നു.

ആഡംബര കാർ നിർമ്മാതാവ് ഈ മാസം ആദ്യം തന്നെ മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള പ്ലാന്റിൽ (SAVWIPL) പുതിയ ക്യു 7 അസംബിൾ ചെയ്യാൻ തുടങ്ങിയതായാണ് സൂചനകള്‍. ബിഎംഡബ്ല്യു X7, മെഴ്‍സിഡസ് ബെന്‍സ് GLS, വോള്‍വോ XC90, ലാൻഡ് റോവർ ഡിസ്‍കവറി എന്നിവയ്‌ക്കെതിരെയാകും പുത്തന്‍ ഔഡി Q7 മത്സരിക്കാൻ സാധ്യത. 

2007ലാണ് ഒഡി ക്യു 7 ആദ്യമായി ഇന്ത്യയിലെത്തുന്നത്. എന്നാല്‍ 2019-ൽ ആഗോള വിപണിയിൽ അരങ്ങേറ്റം കുറിച്ച ഈ പുതിയ പതിപ്പ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ആഭ്യന്തര നിരത്തുകളിലേക്ക് എത്തുന്നത്. കൊവിഡ്-19 മഹാമാരിയുടെ സാഹചര്യവും സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവും കാരണമാണ് വാഹനം ഇന്ത്യയിലേക്ക് വരാൻ ഇത്രയും കാലതാമസം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയിലെ തങ്ങളുടെ മോഡൽ ശ്രേണി വിപുലീകരിച്ച് ആഭ്യന്തര വിപണിയെ കൈയ്യിലെടുക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുത്തിരിക്കുകയാണ് ഔഡി എന്നും റിപ്പോര്‍ട്ടുകള്‍‌ ഉണ്ട്. 2021-ൽ തന്നെ ഇലക്‌ട്രിക് ഉൾപ്പടെ നിരവധി കാറുകൾ ഇതിനോടകം അവതരിപ്പിച്ച കമ്പനി വരും വർഷവും ഇത് തുടരാനാണ് ഒരുങ്ങുന്നത്.