ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇലക്ട്രിക്ക് സെഡാനുമായെത്തുന്നു. ഐ ഫോര്‍ എന്നാണ് യു എസ് വൈദ്യുത വാഹന ഭീമന്‍ ടെസ്‌ലയുടെ മോഡൽ ത്രീയെ നേരിടാനെത്തുന്ന ഈ വാഹനത്തിന്റെ പേര്. അടുത്ത നാലു വര്‍ഷത്തിനകം അഞ്ചു പുതിയ വൈദ്യുത മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ബിഎംഡബ്ല്യു ഈ കാര്‍ വികസിപ്പിക്കുന്നത്. ഐ ഫോറിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 

ഇലക്ട്രിക്ക് മോട്ടോര്‍ സഹിതം 80 കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്കാണു കാറിന്‍റെ ഹൃദയം. പരമാവധി 537 പി എസ് കരുത്ത് ഈ എഞ്ചിന്‍ സൃഷ്ടിക്കും. മൊഡ്യുലര്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കുന്ന ഈ വൈദ്യുത സെഡാന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്റര്‍ ഓടാനാവുമെന്നാണു ബിഎംഡബ്ല്യു പറയുന്നത്. 

പൂജ്യത്തില്‍ നിന്നും100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഐ ഫോറിന് വെറും നാലു സെക്കന്‍ഡ് മതിയെന്നാണു ബിഎംഡബ്ല്യുവിന്‍റെ അവകാശവാദം. ഐ ഫോറില്‍ ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയും ബിഎംഡബ്ല്യു ലഭ്യമാക്കും. വെറും 35 മിനിറ്റിനുള്ളില്‍ കാറിലെ ബാറ്ററിയുടെ 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാം. 150 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാര്‍ജിനൊപ്പമാവും ഈ സൗകര്യം ലഭിക്കുക. മണിക്കൂറിൽ 193 കിലോമീറ്ററാവും കാറിന്‍റെ പരമാവധി വേഗം. 

2021-ല്‍ ഐ ഫോര്‍ വില്‍പനയ്‌ക്കെത്തിയേക്കും. കാറിന്റെ വില സംബന്ധിച്ച സൂചനകളൊന്നും ബിഎംഡബ്ല്യു നല്‍കിയിട്ടില്ല.  നിലവില്‍ ഹാച്ച്ബാക്കായ ഐ ത്രീ മാത്രമാണ് ബിഎംഡബ്ല്യുവിന്റെ വൈദ്യുത വാഹന ശ്രേണിയായ ഐയില്‍ വില്‍പ്പനയ്ക്കുള്ളത്.