Asianet News MalayalamAsianet News Malayalam

വാഹനങ്ങള്‍ നേരിട്ടു വില്‍ക്കാന്‍ മെഴ്‍സിഡസ് ബെന്‍സ്

'റീട്ടെയിൽ ഓഫ്​ ദി ഫ്യൂച്ചർ' (ആർ.ഒ.ടി.എഫ്​) എന്ന പേരിൽ ഉപഭോക്താക്കൾക്ക് കമ്പനി നേരിട്ട് കാറുകൾ വിൽക്കുന്ന പദ്ധതിയാണ്​ മെഴ്​സിഡസ് ബെൻസ് ഇന്ത്യ നടപ്പാക്കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു​. 

New  Buying process of Mercedes cars
Author
Mumbai, First Published Oct 27, 2021, 4:19 PM IST

രാജ്യത്ത്​ വാഹനം നേരിട്ട്​ വിൽക്കാനൊരുങ്ങി ജര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്​സിഡസ്​ ബെൻസ് (Mercedez Benz)​. 'റീട്ടെയിൽ ഓഫ്​ ദി ഫ്യൂച്ചർ' (ആർ.ഒ.ടി.എഫ്​) (Retail Of The Future) എന്ന പേരിൽ ഉപഭോക്താക്കൾക്ക് കമ്പനി നേരിട്ട് കാറുകൾ വിൽക്കുന്ന പദ്ധതിയാണ്​ മെഴ്​സിഡസ് ബെൻസ് ഇന്ത്യ (Mercedez Benz India) നടപ്പാക്കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു​. 

ഈ വർഷം ജൂണിൽതന്നെ കമ്പനി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നു. ഈ സംവിധാനം നടപ്പാക്കുന്ന നാലാമത്തെ വിപണിയാണ് ഇന്ത്യയെന്ന് മാനേജിങ് ഡയറക്ടറും സി. ഇ.ഒ.യുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു. ജൂണിൽ പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്നപ്പോൾത്തന്നെ 1700 ബുക്കിങ് ഇതുവഴി ലഭിച്ചതായി കമ്പനി വ്യക്തമാക്കി.

പുതിയ സംവിധാനം അനുസരിച്ച്​ ടെസ്റ്റ് ഡ്രൈവുകളും വാഹന വിതരണവും ഡീലർഷിപ്പുകൾ തന്നെ നടത്തും. എന്നാൽ വാഹനം വാങ്ങുന്നവർ ബെൻസിന് നേരിട്ട് പണം നൽകുകയായിരിക്കും ചെയ്യുക. ഡിസ്​കൗണ്ടുകളും ഓഫറുകളും കമ്പനി നേരിട്ട്​ നടപ്പാക്കും. ഉപഭോക്താക്കൾക്ക് ഡീലർമാരുമായി വിലയോ ഒാഫറുകളോ ചർച്ച ചെയ്യാൻ കഴിയില്ല. പരമ്പരാഗതമായി, കാർ നിർമ്മാതാക്കൾ അവരുടെ വാഹനങ്ങൾ ആദ്യം അംഗീകൃത ഡീലർഷിപ്പുകൾക്ക് വിൽക്കുകയും അവർ ഭാവി ഉടമകൾക്ക് റീട്ടെയിൽ ചെയ്യുകയുമാണ്​ ചെയ്​തിരുന്നത്​. ഇതിനാണ്​ ബെൻസ്​ മാറ്റം വരുത്തുന്നത്​.

ബുക്കിംഗ്​ സമയത്തുതന്നെ ഉപഭോക്താക്കൾക്ക് വിഐഎൻ (വാഹന തിരിച്ചറിയൽ നമ്പർ) നൽകും. ഓൺലൈൻ സ്റ്റോറിൽ നിന്ന്​ വാഹനം വാങ്ങുന്നവർക്ക് ലഭ്യമായ സ്റ്റോക്കിൽ നിന്ന് അവരുടെ കൃത്യമായ മോഡൽ സ്പെസിഫിക്കേഷൻ തിരയാനും അവരുടെ പിൻ കോഡ് അടിസ്ഥാനമാക്കി ഓൺ-റോഡ് വില കാണാനും ബുക്കിങ്​ നടത്താനും കഴിയും.

ആഗോള വിപണിയിൽ സ്വീഡൻ, ഓസ്ട്രിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് നേരത്തെ ഈ സംവിധാനം ബെൻസ്​ നടപ്പിലാക്കിയത്. ആർ.ഒ.ടി.എഫ്​ പ്രകാരം ഉപഭോക്​താക്കൾക്കുള്ള കിഴിവുകൾ തുടരുമെന്നും അവ രാജ്യത്തുടനീളം ഒരേപോലെയായിരിക്കുമെന്നും ബെൻസ്​ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios