ഹാർലി ഡേവിഡ്‍സൺ ഉത്പന്നങ്ങളുടെ വിപണനത്തിനും വിതരണത്തിനുമായി പ്രത്യേകം ഡിവിഷൻ  സജ്ജമാക്കി. ഓട്ടോമോട്ടീവ് വിദഗ്ദ്ധൻ രവി ആവലൂരാണ്  പുതിയ ഡിവിഷന്‍റെ തലവനെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഹീറോ മോട്ടോ കോർപ്  ചെയർമാനും സിഇഒയുമായ ഡോ പവൻ മഞ്ജലിനായിരിക്കും ഇദ്ദേഹം റിപ്പോർട്ടുകൾ നൽകേണ്ടി വരിക.

വാഹന എഞ്ചിനും യന്ത്രഭാഗങ്ങളും നിർമ്മിക്കുന്ന കൂപ്പറില്‍ നിന്നാണ് രവി ഹീറോ മോട്ടോകോർപിലേക്ക് വന്നിരിക്കുന്നത്.  കൂപ്പറിൽ ഇദ്ദേഹം സ്ട്രാറ്റജി ആൻറ് ഇൻറർനാഷണൽ ബിസിനസ്  തലവനായിരുന്നു. അതിന് മുമ്പ് ഡുകാത്തി ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു രവി. പുതിയ ടീമിൽ ഇന്ത്യയിലെ പ്രവർത്തനത്തിന് ഹാർലിഡേവിഡ്‍സണിൽ നിന്നുള്ള നാല് എക്സിക്യൂട്ടീവുകളും ഉൾപ്പെടുന്നുണ്ട്. വിപണനം, മാർക്കറ്റിങ്, ഉപഭോക്തൃ സേവനം, ലോജിസ്റ്റിക്സ് മേഖലകളിൽ ഇവരുടെ അനുഭവ സമ്പത്ത് മുതൽകൂട്ടാവും.

ജനുവരി 18 മുതൽ ഡീലർമാർക്കുള്ള ഹാർലി ഡേവിഡ്‍സൺ ഉത്പന്നങ്ങളുടെ ഹോൾസെയിൽ വിതരണം ആരംഭിക്കും.   അതേസമയം രാജ്യത്തെ പതിനൊന്ന്  ഹാർലി ഡേവിഡ്‍സൺ ഡീലർമാർ  ഹീറോമോട്ടോകോർപ്പ് ശൃംഖലയുടെ ഭാഗമായി കഴിഞ്ഞതായും പുതിയ ഡീലർമാർക്കുള്ള ഹോൾസെയിൽ വിതരണം ആരംഭിക്കുന്നതായും ഹീറോ വ്യക്തമാക്കി.  

ഹീറോ മട്ടോ കോർപ് സേവനവും വാഹനഭാഗങ്ങളുടെയും എസസറീസിൻറെയും വിൽപ്പന 11 നഗരങ്ങൾക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കുന്നുണ്ട്. സ്വന്തം വിതരണ ശൃംഖലയിലൂടെ ഇന്ത്യയാകെ തന്നെ സേവനങ്ങളെത്തിക്കാനാണ്  ലക്ഷ്യം വെയ്ക്കുന്നതെന്നും കമ്പനി പറയുന്നു. 

 ഉപഭോക്തൃ കേന്ദ്രീകൃതവും ഉത്തരവാദിത്തതോടെയുമുള്ള സേവനമാണ് വിൽപ്പന, വിൽപ്പനാനന്തര മേഖലയിൽ നൽകി വരുന്നത്. സേവന സന്നദ്ധതക്ക് പ്രാധാന്യം നൽകി ഹീറോ മോട്ടോകോർപും  ഹാർലി ഡേവിഡ്‍സണും ഇന്ത്യയിലെ നിലവിലെയും ഭാവിയിലെയും ഹാർലി ഡേവിഡ്‍സണ്‍ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി അറിയിച്ചു. പുതിയ മോഡലിനെക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വിടുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.