ഇലക്ട്രിക്ക് വാഹന സാങ്കേതിക വിദ്യയ്ക്കായി പുത്തൻ ബ്രാൻഡുമായി ടാറ്റ മോട്ടോഴ്‍സ്. സിപ്ട്രോൺ എന്നാണു ഈ ബ്രാന്‍ഡിന്‍റെ പേര്. നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തോടെ പുതിയ ബ്രാൻഡ് പ്രവർത്തനം ആരംഭിക്കുമെന്നും ടാറ്റ  വ്യക്തമാക്കി. 

മികച്ച പ്രകടനക്ഷമത, കാര്യക്ഷമതയേറിയ ഹൈ വോൾട്ടേജ് സിസ്റ്റം, ദീർഘദൂര റേഞ്ച്, അതിവേഗ ബാറ്ററി ചാർജിങ് തുടങ്ങിയവയാണ് സിപ്ട്രോണിന്റെ മികവായി ടാറ്റ പറയുന്നത്. ഒപ്പം സിപ്ട്രോൺ ശ്രേണി ഐ പി 67 നിലവാരം പാലിക്കുമെന്നും ബാറ്ററിക്ക് എട്ടു വർഷ വാറന്റിയുമാണ് വാഗ്ദാനം. 

പത്തു ലക്ഷത്തോളം കിലോമീറ്റർ നീണ്ട പരീക്ഷണ ഓട്ടത്തിലൂടെ തെളിയിച്ച മികവിന്റെ പിൻബലത്തോടെയാണ് സിപ്ട്രോൺ സാങ്കേതികവിദ്യയുടെ വരവെന്നും ടാറ്റ മോട്ടോഴ്‌സ്ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ ഗ്വന്റെര്‍ ബട്‌ഷെക് പറഞ്‍ഞു. ഈ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ഇന്ത്യയിൽ വൈദ്യുത വാഹന തരംഗം തന്നെ സൃഷ്ടിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.