ഐക്കണിക്ക് അമേരിക്കന്‍ കമ്പനിയായ ഫോർഡ് ഐതിഹാസിക മോഡൽ ബ്രോൻകോയെ അടുത്തിടെയാണ് നിരത്തില്‍ തിരിച്ചെത്തിച്ചത്. നീണ്ട 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ കരുത്തന്‍റെ തിരിച്ചുവരവ്. ഇതിനു പിന്നാലെ തങ്ങളുടെ കൂടുതൽ മോഡലുകളിലേയ്ക്ക് ബ്രോൻകോയുടെ കരുത്തൻ ഡിസൈൻ ശൈലി പകരാൻ ഒരുങ്ങുകയാണ് ഫോർഡ് എന്നാണ് റിപ്പോര്‍ട്ട്. 

ഫോർഡിന്റെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് എസ്‌യുവി മോഡൽ ആയ എക്കോസ്‌പോർട്ടില്‍ ആയിരിയ്ക്കും ബ്രോൻകോയുടെ മുഖവും ഡിസൈൻ ഭാഷയും കമ്പനി ആദ്യം പരീക്ഷിയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ.  നിലവിലെ എക്കോസ്‌പോർട്ട് ഒരുക്കിയിരിയ്ക്കുന്ന ബി പ്ലാറ്റ്ഫോമിൽ തന്നെയായിരിയ്ക്കും പുതിയ പതിപ്പ് ഒരുങ്ങുക. വാഹനത്തിന്റെ മാതൃകാചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ബ്രോൻ‌കോ സ്പോർട്ടിന് സമാനമായ മുഖമാണ് എകോ‌സ്പോർട്ടിന് നൽകുക. 

അർധ വൃത്താകൃതിയിലുള്ള ഡിആർഎൽ ലാമ്പുകളും വലിയ ഹെഡ്‌ലാമ്പുകളും ക്ലാഡിങ്ങുകളുള്ള വലിയ ബമ്പറുമെല്ലാം കരുത്തൻ ലുക്കാണ് വാഹനത്തിന് നൽകുന്നത്. എക്കോസ്പോർട്ട് എന്ന് നീളത്തിൽ ഗ്രില്ലിൽ ആലേഖനം ചെയ്തിരിയ്ക്കുന്നത് കാണാം. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി-ജിടിഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം എത്തുക.

എക്കോസ്പോട്ട് ഇന്ത്യയില്‍ എത്തിയിട്ട് അടുത്തിടെ ഏഴ് വര്‍ഷം തികഞ്ഞിരുന്നു. 2013-ൽ ഇന്ത്യയിലെത്തിയ എക്കോസ്പോർട്ട് 2015 ആയപ്പോഴേക്കും രണ്ട് ലക്ഷം യൂണിറ്റുകളാാണ് നിരത്തുകളിലെത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന എക്കോസ്പോർട്ട് 40-ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. 2018-ൽ ഈ വാഹനം മുഖം മിനുക്കി എത്തിയിരുന്നു. 2020 ജനുവരിയില്‍ ബിഎസ്6 പതിപ്പും എത്തി. ഫോർഡിന്റെ ജന്മനാടായ അമേരിക്കയിലേക്കും 2016 മുതൽ ഇന്ത്യയിൽ നിർമിച്ച് എക്കോസ്പോർട്ട് കയറ്റുമതി ചെയ്യുന്നുണ്ട്.

മാരുതി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്യുവി 300, ഹ്യുണ്ടായി വെന്യു തുടങ്ങിയവര്‍ മുഖ്യഎതിരാളികളുള്ള ശ്രേണിയില്‍ മികച്ച പ്രകടനമാണ് വാഹനം കാഴ്‍ച വയ്ക്കുന്നത്. എങ്കിലും മത്സരം കടുത്തതോടെ പുതുതലമുറ എക്കോസ്പോര്‍ട്ടിന്റെ  പണിപ്പുരയിലാണ് നിര്‍മ്മാതാക്കളെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2021 ഓടെ ന്യൂജനറേഷന്‍ എക്കോസ്‍പോര്‍ട് വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. എന്തായാലും ഐതിഹാസക മോഡലായ ബ്രോന്‍കോയുടെ ലുക്കില്‍ എക്കോസ്പോര്‍ടിനെ കണ്ടതിന്റെ ആവേശത്തിലാണ് പല വാഹന പ്രേമികളും.

1966ലാണ്​ ബ്രോൻകോയെ ഫോർഡ്​ ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട്​ 1978ൽ ഫോർഡ്​ എഫ്​-സീരീസ്​ ട്രക്ക്​ പ്ലാറ്റ്​ഫോമി​​​ന്‍റെ ഭാഗമായി ബ്രോൻകോ മാറി. വര്‍ഷങ്ങളോളം ജനപ്രിയ വാഹനങ്ങളുടെ പട്ടികയായിലായിരുന്നു ബ്രോങ്കോയുടെ സ്ഥാനം.