മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ഥാറിന്റെ പുതുതലമുറ മോഡല്‍ നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്. അടിമുടി മാറി കൂടുതല്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് പുത്തന്‍ ഥാര്‍ എത്തുക. 

പരുക്കനെന്നു പേരുള്ള വാഹനമാണ് ഥാര്‍. എന്നാല്‍ ഈ പരുക്കൻ സ്വഭാവം മാറ്റി ന്യൂജന്‍ ഥാറിനെ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അതായത് ഓഫ് റോഡിംഗിനും മറ്റും അപ്പുറം മനുഷ്യരുടെ നിത്യജീവിതത്തിലെ ഉപയോഗങ്ങള്‍ക്കു കൂടി ഫലപ്രദമാകുന്നതാവും പുതിയ തലമുറ ഥാർ എന്നാണ് കമ്പനി പറയുന്നത്​.

അതിനായി ഇന്റീരിയര്‍ ഫീച്ചറുകളാള്‍ സമ്പന്നമാക്കും. ഓഡിയോ കൺട്രോളുകളുള്ള പുതിയ സ്റ്റിയറിങ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ പാർക്കിങ് ക്യാമറ എന്നിവയ്ക്കൊപ്പം പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഥാറിലുണ്ടാകും. നിറമുള്ള ഇൻസ്​ട്രുമന്‍റ് ക്ലസ്റ്റർ, പാർക്കിങ്ങ് ക്യാമറ, ഓട്ടോ ഫോൾഡിങ്ങ്​ മിററുകൾ, ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫോര്‍ വീല്‍ ഡ്രൈവ് ലിവര്‍, പുതിയ ഗിയര്‍ ലിവര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍,  പ്രീമിയം ലുക്കുള്ള ക്യാപ്റ്റന്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകളാല്‍ സമ്പന്നമാകും ഇന്റീരിയർ. 

ഒപ്പം സുരക്ഷക്കായി ഇരട്ട എയർ ബാഗുകൾ, എ.ബി.എസ്​, ഇ.ബി.ഡി, പാർക്കിങ്ങ്​ സെൻസറുകൾ, ഹാർഡ്​,​ സോഫ്​റ്റ്​ ടോപ്പുകൾ എന്നിവയും വരും. പുതുക്കിയ ഡാഷ്‌ബോർഡ് ഡിസൈനാന്‍, ഫ്രണ്ട് ബക്കറ്റ് സീറ്റുകൾ, എല്ലാ യാത്രകാർക്കും സീറ്റ് ബെൽറ്റുകൾ എന്നിവയും ഉണ്ടാകും. മുന്‍ മോഡലില്‍ നിന്ന് മാറി മുന്നിലേക്ക് ഫെയ്‌സ് ചെയ്തിരിക്കുന്ന പിന്‍നിര സീറ്റുകള്‍ ആണ് ഥാറിൽ ഉണ്ടാവുക.

പുതിയ ലാഡർഫ്രെയിം ഷാസിയാണ്​ മറ്റൊരു പ്രത്യേകത. ഓൺ റോഡ്​ കംഫർട്ടാണ്​ പുതിയ ഫ്രെയിം കൊണ്ടുവരുന്നതി​ലൂടെ ഉദ്ദേശിക്കുന്നത്​. നിരത്ത്​ ഉള്ളിടത്തും ഇല്ലാത്തിടത്തും സുഖമായി സഞ്ചരിക്കുകയാണ്​ ലക്ഷ്യം. ഇതിനായി പുതിയ സസ്​പെൻഷനും ഉൾപ്പെടുത്തും. 

പഴയ ഥാറിൽ ഒരു ഡീസൽ എഞ്ചിൻ മാത്രമായിരുന്നു നൽകിയിരുന്നത്​. ഇത്തവണ 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍, 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഥാര്‍ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാനുവലായിരിക്കും ട്രാന്‍സ്മിഷന്‍. ഇതോടൊപ്പം ചരിത്രത്തിൽ ആദ്യമായി ഓട്ടോമാറ്റിക്​ ഗിയർബോക്​സും കൂട്ടിച്ചേർക്കും.  

വാഹനത്തിന്റെ രൂപവും അല്‍പ്പം മാറും. പുതിയ ഥാർ‌ കൂടുതൽ വലുതും അൽപം കൂടി ഓഫ്‌ റോഡ്‌ ഫ്രണ്ട്‌ലി ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഡിസൈനിലുള്ള അലോയ് വീൽ, പിന്നിൽ സ്പെയർ ടയർ എന്നിവയും പുതിയ ഥാറിൽ കാണാം. പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, പുത്തൻ ബമ്പർ ഡിസൈൻ, മുൻവശത്ത്, പുതിയ ഹെഡ്‌ലാമ്പുകളും പുതുക്കിയ ഫ്രണ്ട് ഗ്രിൽ ഫാസിയയും വ്യക്തമായി അറിയാൻ സാധിക്കുന്നുണ്ട്.

പൂർണമായും ഉൽ‌പാദനത്തിന് തയ്യാറായ ഥാറിന്റെ ടെസ്റ്റിങ് ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഹാര്‍ഡ് ടോപ്പ്, വശങ്ങളിലെ ഗ്ലാസ്, ഹാച്ച്‌ഡോറിലെ ഗ്ലാസ്, വലിയ റിയര്‍വ്യൂ മിറർ തുടങ്ങിയ ഘടകങ്ങളൊക്കെ ജീപ്പ് റാങ്ക്‌ളറിനെയാണ് ഓര്‍മിപ്പിക്കുന്നത്.  അടുത്തിടെ വാഹനത്തിന്‍റെ ട്രയൽ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചിരുന്നു. ഉത്സവ സീസണിൽ ദീപാവലിക്ക് മുമ്പായി പുതിയ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ നീക്കം. 

2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്‍മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. 2015ലാണ് വാഹനത്തിന്‍റെ  ഒടുവിലത്തെ ഫെയ്‍സ്‍ലിഫ്റ്റ് വിപണിയില്‍ എത്തുന്നത്. 

10വർഷംകൊണ്ട്​ മഹീന്ദ്ര വിറ്റഴിച്ചത്​ 60,000 ഥാറുകളാണ്​. അടുത്ത 10 വർഷത്തിൽ വിൽപ്പനയിൽ വമ്പൻ കുതിപ്പാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. അതുകൊണ്ടു തന്നെ ഓഫ് റോഡ് പ്രേമികള്‍ക്ക് ഒപ്പം കുടുംബങ്ങളിലേക്കും അതുവഴി ലക്ഷക്കണക്കിന്​ ഉപഭോക്​താക്കളിലേക്കും കടന്നെത്താമെന്നാണ് മഹീന്ദ്രയുടെ കണക്കുകൂട്ടല്‍. വരാനിരിക്കുന്ന പുത്തൻ ഫോഴ്സ് ഗൂർഖ അഞ്ച് ഡോർ പതിപ്പായ സുസുക്കി ജിംനി എന്നിവയായിരിക്കും പുത്തന്‍ ഥാർ എസ്‌യുവിയുടെ പ്രധാന എതിരാളികൾ.