ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാൻ ഒക്‌ടാവിയയുടെ ഇന്ത്യന്‍ പ്രവേശനം വൈകുമെന്ന് റിപ്പോര്‍ട്ട്. സ്‍കോഡ ഓട്ടോ ഇന്ത്യ ഡയറക്ടർ സാക് ഹോളിസ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. നാലാം തലമുറ ഒക്ടാവിയ 2021 -ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.

2020 മോഡല്‍ ഒക്ടാവിയയെ സ്‌കോഡ അടുത്തിടെയാണ് സ്‍കോഡ ആഗോളതലത്തില്‍ അനാവരണം ചെയ്‍ത് .  ചെറിയ മാറ്റങ്ങളുമായാകും വാഹനം ഇന്ത്യന്‍ നിരത്തിൽ എത്തുക. പരീക്ഷണയോട്ടത്തിന് വിധേയമായ ഒക്‌ടാവിയയിൽ ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ടെയിൽ ലൈറ്റുകൾ എന്നിവയുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ ഏറെ ആകർഷകമാണ്. കൂടാതെ 17 ഇഞ്ച് റോട്ടർ എയ്‌റോ അലോയ് വീലുകളും വശങ്ങളെ മനോഹരമാക്കുന്നു.

ഇന്ത്യയില്‍ എത്തുമ്പോല്‍ വാഹനത്തിന്‍രെ ഗൗണ്ട് ക്ലിയറൻസും കൂടുതലായിരിക്കും. ബ്രാൻഡിന്റെ MQB പ്ലാറ്റ്‌ഫോമിലെ പുനർനിർമിച്ച പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ സ്‌കോഡ ഒക്ടാവിയ അതിന്റെ മുൻഗാമിയേക്കാൾ 19 മില്ലീമീറ്റർ നീളവും 15 മില്ലീമീറ്റർ വീതിയും കൂടുതലുള്ള കാറായിരിക്കും. പുതിയ ഒക‌്ടാവിയ ഈ വർഷം അവസാനത്തോടെ വിൽപ്പനക്ക് എത്തേണ്ടതായിരുന്നു. എന്നാൽ കൊവിഡ്-19 ന്റെ സാഹചര്യത്തിലാണ് കമ്പനിയുടെ പിന്നോട്ടു പോകല്‍. വിപണിയിൽ എത്തുമ്പോൾ 20 മുതൽ 25 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ് ഷോറൂം വില.

സ്‍കോഡ ഇതുവരെ നിര്‍മിച്ചത് എഴുപത് ലക്ഷം യൂണിറ്റ് ഒക്ടാവിയകള്‍ ആണെന്ന കണക്കുകളും അടുത്തിടെ പുറത്തുവന്നിരുന്നു. 70 ലക്ഷമെന്ന എണ്ണം തികച്ച ഒക്ടാവിയയെ സ്‌കോഡയുടെ  മ്ലാഡ ബോലെസ്ലാവ് പ്ലാന്റില്‍നിന്നും 2020 ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്.  1959 മുതല്‍ 1971 വരെയാണ് സ്‌കോഡ ഒക്ടാവിയ ആദ്യം നിര്‍മിച്ചിരുന്നത്. പിന്നീട് ആധുനിക കാലത്തെ ആദ്യ തലമുറ സ്‌കോഡ ഒക്ടാവിയ 1996 ല്‍ വിപണിയിലെത്തി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴില്‍ വികസിപ്പിച്ച ആദ്യ സ്‌കോഡ ആയിരുന്നു ഒക്ടാവിയ.