Asianet News MalayalamAsianet News Malayalam

വരുന്നൂ, പുതിയൊരു ഗ്ലാമറുമായി ഹീറോ

ഗ്ലാമറിന്റെ പുതിയ പതിപ്പ് വിപണിയില്‍ എത്തിക്കാനുള്ള പദ്ധതിയിലാണ് ഹീറോ മോട്ടോ കോര്‍പ്

New Hero Glamour XTec Launch Follow Up
Author
Mumbai, First Published Jun 19, 2021, 9:50 AM IST
  • Facebook
  • Twitter
  • Whatsapp

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ ജനപ്രിയ മോഡലാണ് ഹീറോ ഗ്ലാമര്‍ ബൈക്ക്. ഈ ഗ്ലാമറിന്റെ പുതിയ പതിപ്പ് വിപണിയില്‍ എത്തിക്കാനുള്ള പദ്ധതിയിലാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗ്ലാമര്‍ X-TEC എന്ന പേരിലാണ് ഈ പുതിയ മോഡല്‍ എത്തുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

X-TEC നിലവില്‍ വിപണിയിലുള്ള ഗ്ലാമര്‍ ബൈക്കുകളിലെ ഉയര്‍ന്ന വകഭേദമായായിരിക്കും എത്തുകയെന്നാണ് റിപ്പോർട്ട്. 2020 നവംബറില്‍ എക്‌സ്-ടെക് എന്ന പേരിനായി ഹീറോ ട്രേഡ് മാര്‍ക്ക് ഫയല്‍ ചെയ്‍തിരുന്നു. റെഗുലര്‍ മോഡലില്‍ നിന്ന് അല്‍പ്പം ഡിസൈന്‍ മാറ്റം വരുത്തിയും പുത്തന്‍ നിറങ്ങളിലുമായിരിക്കും എക്‌സ്-ടെക് എത്തുക. ടെക്‌നോ ബ്ലാക്ക്, ഗ്രേ ബ്ലൂ, ഗ്രേ റെഡ് എന്നീ മൂന്ന് നിറങ്ങളിലായിരിക്കും എക്‌സ്-ടെക് അവതരിപ്പിക്കുക എന്നാണ് സൂചന. ഗ്ലാമര്‍ എക്‌സ്-ടെക്കിന് ഇന്ത്യയിലെ മറ്റ് കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി കണക്ടിവിറ്റി ഫീച്ചറുകള്‍ നല്‍കും.

122 കിലോഗ്രാം ഭാരം വരുന്ന മോട്ടോർസൈക്കിളിന് 10 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. ഡയമണ്ട്-ടൈപ്പ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഹീറോ ഗ്ലാമർ എക്‌സ്‌ടെക് നിർമിക്കുക. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പുതിയ കണ്‍സോളില്‍ ഒരുങ്ങുന്ന എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റ്, ബ്ലൂ ടൂത്ത് കണക്ടിവിറ്റി എന്നിവ പുതിയ പതിപ്പിലും തുടരും. ഗിയര്‍ പൊസിഷന്‍ കാണിക്കുന്ന സംവിധാനവും നൽകിയേക്കും. ബൈക്കിൽ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും തന്നെ ഉണ്ടാകില്ല. എക്‌സ്-ടെക്കിനും കരുത്തേകുന്നത് റെഗുലര്‍ ഗ്ലാമറിലെ അതെ എഞ്ചിനാകും. ഗ്ലാമറിന്റെ ഹൃദയം 124.7 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ്. ഇത് 10.58 ബി.എച്ച്.പി. പവറും 10.6 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും.

സസ്‌പെൻഷനായി ബൈക്കിന് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളും ലഭിക്കും. ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ലഭിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹീറോ മോട്ടോകോർപ്പിന്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് X-TEC എന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്തായാലും ഈ അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമമാകുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios