Asianet News MalayalamAsianet News Malayalam

പത്ത് ദിവസം കൊണ്ട് ഈ വണ്ടിക്ക് കിട്ടിയത് 10,000 ബുക്കിംഗ്; അമ്പരന്ന് വാഹനലോകം!

ബുക്കിംഗ് ആരംഭിച്ച് പത്ത് ദിവസം പിന്നിട്ടതോടെ 10,000 ആളുകളാണ് രണ്ടാം തലമുറ ക്രെറ്റ ബുക്ക് ചെയ്‍തിരിക്കുന്നത് 

New Hyindai Creta Booking Status
Author
Mumbai, First Published Mar 12, 2020, 3:08 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ക്രെറ്റയുടെ രണ്ടാം തലമുറ മാര്‍ച്ച് 17ന് വിപണിയിലെത്തുകയാണ്. വാഹനത്തിന്‍റെ ബുക്കിംഗ് ഹ്യുണ്ടായി ഔദ്യോഗികമായി തുടങ്ങിക്കഴിഞ്ഞു.  മാർച്ച് 2 മുതലാണ് ബുക്കിംഗ് കമ്പനി സ്വീകരിച്ചു തുടങ്ങിയത്. 25000 രൂപ നൽകിയാല്‍ ഹ്യുണ്ടായി ഡീലർഷിപ്പ് വഴിയും ഓൺലൈനായും ബുക്ക് ചെയ്യാം. ബുക്കിംഗ് ആരംഭിച്ച് പത്ത് ദിവസം പിന്നിട്ടതോടെ 10,000 ആളുകളാണ് രണ്ടാം തലമുറ ക്രെറ്റ ബുക്ക് ചെയ്‍തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും ബോളിവുഡ് താരവുമായ ഷാരുഖ് ഖാന്‍ ആണ് ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാം തലമുറ മോഡല്‍ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചത്. 

പുതു തലമുറ ഹ്യുണ്ടായി ക്രെറ്റയുടെ വലുപ്പം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കോംപാക്റ്റ് എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപത്തിന് മാറ്റമില്ല. രണ്ടാം തലമുറ ക്രെറ്റ കൂടുതല്‍ സ്പോര്‍ട്ടിയാണ്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. 17 ഇഞ്ച് അലോയി വീലും ഇതിലുണ്ട്. 

E,EX,S,SX,SX(O) എന്നീ വേരിയന്റുകളിലെത്തുന്ന പുതിയ ക്രെറ്റയ്ക്ക് 10 ലക്ഷം രൂപ മുതല്‍ 16 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് ഡീസല്‍ എന്‍ജിന്‍ മോഡലുകളും ഏഴ് പെട്രോള്‍ എന്‍ജിന്‍ മോഡലുകളുമാണുള്ളത്. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനുമാണ് ക്രെറ്റയില്‍ നല്‍കുന്നത്. മൂന്ന് ട്രാന്‍സ്മിഷനും ക്രെറ്റയില്‍ നല്‍കുന്നുണ്ട്. 

ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയയുടെ സെല്‍റ്റോസുമായി പുത്തന്‍ ക്രെറ്റയുടെ പ്ലാറ്റ്‌ഫോമും എഞ്ചിന്‍ ഓപ്ഷനുകളും പങ്കിടും. കിയ സെല്‍റ്റോസിന് കരുത്തേകുന്ന എന്‍ജിനാണ് രണ്ടാം തലമുറ ക്രെറ്റയിലും. 115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

ആകര്‍ഷകമായ ഡിസൈന്‍ മാറ്റമാണ് രണ്ടാം തലമുറ ക്രെറ്റയില്‍. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള ഡിസൈന്‍ മാറ്റങ്ങള്‍. 

വെന്യുവില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ അലോയ് വീലുകളാണ് ഈ വാഹനത്തിലും. ബ്ലാക്ക് ഫിനീഷിങ് ബി-പില്ലറുകള്‍, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ് എന്നിവ ഈ വാഹനത്തിന്റെ വശങ്ങളില്‍ നിന്നുള്ള സൗന്ദര്യമാണ്. സ്‌റ്റൈലിഷായുള്ള പിന്‍ഭാഗമാണ് സ്‌കെച്ചിലുള്ളത്. ടെയ്ല്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പ് ലൈറ്റും പുതിയ ടെയ്ല്‍ലാമ്പും ഡ്യുവല്‍ ടോണ്‍ ബമ്പറും റിയര്‍ ഫോഗ് ലാമ്പും പിന്‍വശത്തെയും ഏറെ ആകര്‍ഷകമാക്കുന്നു. 

പുതിയ മോഡല്‍ നിലവിലെ പതിപ്പിനേക്കാള്‍ മികച്ചതും ആധുനികവുമായിരിക്കും. പുതിയ മുന്‍ ഗ്രില്ലിനൊപ്പം എല്‍ഇഡി ഡിആര്‍എല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, സ്പ്ളിറ്റ് ടെയില്‍ ലാമ്പുകള്‍ എന്നിവയും 2020 ക്രെറ്റയ്ക്ക് ലഭിക്കും. കറുത്ത ട്രിം ഉള്ള സ്‌റ്റൈലിഷ് സ്പ്ലിറ്റ്-ടൈപ്പ് ടെയില്‍ ലാമ്പുകളും രണ്ട് ലൈറ്റിംഗ് ഘടകങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ലൈറ്റ് സ്ട്രിപ്പും ഉള്‍പ്പെടെ പിന്‍ഭാഗം അടിമുടി മാറ്റങ്ങളോടെയാണ് എത്തുന്നത്. 

വാഹനത്തിന്‍റെ കാബിന്‍ സംബന്ധിച്ച രേഖാചിത്രങ്ങള്‍ കമ്പനി അടുത്തിടെ പുറത്തുവിട്ടിരുന്നു. മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകളായിരിക്കും നല്‍കുന്നത്. പുതിയ സ്റ്റിയറിംഗ് വളയം, ഇരുവശങ്ങളിലുമായി കുത്തനെ സ്ഥാപിച്ച എയര്‍ വെന്റുകള്‍ എന്നിവ കാണാം. ഡാഷ്‌ബോര്‍ഡിന്റെ രൂപകല്‍പ്പന ലളിതമാണ്. സെന്റര്‍ കണ്‍സോളില്‍ ബട്ടണുകളുടെ എണ്ണം കുറവായിരിക്കും. ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം നല്‍കിയിരിക്കുന്നു. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ പുതു തലമുറ ഹ്യുണ്ടായ് ക്രെറ്റയില്‍ നല്‍കുമെന്നതില്‍ സംശയമില്ല. പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ രേഖാചിത്രങ്ങളില്‍ കാണാം. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമില്ല.

Follow Us:
Download App:
  • android
  • ios