ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അന്താരാഷ്‌ട്ര വിപണികളിലെ തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ i30-യുടെ പുതിയ സ്പോർട്ടി N വേരിയന്റ് പുറത്തിറക്കാൻ ഒരുങ്ങുന്നതായി സൂചന.  പെർഫോമൻസ് കാറായ ഹ്യുണ്ടായി i30 N വേരിയന്റിന്റെ ടീസർ ചിത്രങ്ങൾ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. 

പുതിയ, ആക്രമണാത്മക രൂപത്തിലുള്ള ഫ്രണ്ട്, റിയർ ബമ്പറുകൾ, രണ്ട് വലിയ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, എൻ സിഗ്‌നേച്ചറുള്ള വൈഡ് സെന്റർ ഗ്രിൽ, പുതിയ റിയർ ലാമ്പുകൾ, വി ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയാണ് പുതിയ ഐ 30 Nന്‍റെ പുതിയ രൂപകൽപ്പന. 

പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ബോൾഡർ ഫ്രണ്ട് ഗ്രിൽ, നവീകരിച്ച റിയർ ഡിഫ്യൂസർ, വലിയ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാം ചിത്രങ്ങളില്‍ കാണാം. 

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിൽ എത്തുന്നതുകൊണ്ട് സമൂലമായ മാറ്റങ്ങളൊന്നും വരുത്തുകയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേസ് മോഡലിൽ ഇത് പരമാവധി 250 bhp കരുത്താകും ഉത്പാദിപ്പിക്കുക. എന്നാൽ, പെർഫോമൻസ് പായ്ക്ക് 275 bhp പവറായിരിക്കും വാഗ്‌ദാനം ചെയ്യുക. എട്ട് സ്പീഡ് ഡിസിടി ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുകയെന്നാണ് റിപ്പോർട്ട്.

6.2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ നിലവിൽ ഹ്യുണ്ടായി i30 N പ്രാപ്‌തമാണ്. പുതിയ i30 N ഫോർഡ് ഫോക്കസ് ST, ഫോക്‌സ്‌വാഗണ്‍ ഗോൾഫ് ജിടിഐ എന്നീ പെർഫോമൻസ് ഹാച്ച്ബാക്ക് മോഡലുകളുമായാകും വിപണിയിൽ എത്തുക.