Asianet News MalayalamAsianet News Malayalam

പുത്തന്‍ വെര്‍ണയുടെ ബുക്കിംഗ് തുടങ്ങി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാന്‍ വെര്‍ണയുടെ പരിഷ്‍കരിച്ച പതിപ്പിന്‍റെ പ്രീ-ഓര്‍ഡര്‍ ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങി

New Hyundai Verna Booking Started
Author
Mumbai, First Published Mar 14, 2020, 9:56 AM IST

ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാന്‍ വെര്‍ണയുടെ പരിഷ്‍കരിച്ച പതിപ്പിന്‍റെ പ്രീ-ഓര്‍ഡര്‍ ഔദ്യോഗികമായി  സ്വീകരിച്ചുതുടങ്ങി. 25,000 രൂപയാണ് ബുക്കിംഗ് തുക. ഓണ്‍ലൈനില്‍ അല്ലെങ്കില്‍ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് നടത്താം. ഈ മാസം അവസാനത്തോടെ വെര്‍ണയുടെ മുഖം മിനുക്കിയ പതിപ്പ് നിരത്തുകളിലെത്തും. 

വലിയ കാസ്‌കേഡിംഗ് ഗ്രില്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡൈടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ സഹിതം പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പുതിയ വൃത്താകൃതിയുള്ള ഫോഗ് ലാംപുകള്‍, പുതിയ ഡുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, മുന്നിലും പിന്നിലും പുതിയ ബംപറുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവ പുതിയ വെര്‍ണയിലെ സ്റ്റൈലിംഗ് മാറ്റങ്ങളാണ്. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സണ്‍റൂഫ് നല്‍കിയിരിക്കുന്നു. പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് 4.2 ഇഞ്ച് കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ ലഭിച്ചു. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം പ്രതീക്ഷിക്കുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ്, ഹാന്‍ഡ്‌സ് ഫ്രീ ബൂട്ട് ഓപ്പണിംഗ്, ആര്‍ക്കമീസ് സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകള്‍ തുടരും.

വെന്യൂ, ഇലാന്‍ട്ര മോഡലുകളില്‍ നല്‍കിയതുപോലെ പുതിയ വെര്‍ണയില്‍ ഹ്യുണ്ടായുടെ ബ്ലൂ ലിങ്ക് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ ഉണ്ടായിരിക്കും. അഡ്വാന്‍സ്ഡ് ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി സിസ്റ്റത്തില്‍ സ്മാര്‍ട്ട്‌വാച്ച് കണക്റ്റിവിറ്റി സാധ്യമാകും. ‘ഹലോ ബ്ലൂ ലിങ്ക്’ എന്ന് അഭിസംബോധന ചെയ്ത് ശബ്ദ നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും. ആകെ 45 കണക്റ്റിവിറ്റി ഫീച്ചറുകളോടെയാണ് 2020 ഹ്യുണ്ടായ് വെര്‍ണ ഫേസ്‌ലിഫ്റ്റ് വരുന്നത്.

ഫാന്റം ബ്ലാക്ക്, ഫിയറി റെഡ്, പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍, ടൈറ്റന്‍ ഗ്രേ, സ്റ്റാറി നൈറ്റ് എന്നീ ആറ് നിറങ്ങളില്‍ പരിഷ്‌കരിച്ച ഹ്യുണ്ടായ് വെര്‍ണ ലഭിക്കും.

ഹ്യുണ്ടായി വെന്യൂവില്‍ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റയില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും പുതിയ വെര്‍ണയില്‍ നല്‍കും. ടര്‍ബോ പെട്രോള്‍ മോട്ടോറുമായി 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ആയിരിക്കും ട്രാന്‍സ്‍മിഷന്‍. ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഐവിടി) ഓപ്ഷനായിരിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരിക്കും 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോറിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

2018ലാണ് ഇതിനു മുമ്പ് വെര്‍ണയുടെ പരിഷ്‍കരിച്ച പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാന്‍ കഴിയുന്ന മിററുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ വാഹനത്തെ സമ്പന്നമാക്കുന്നു.

7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, വയര്‍ലെസ് ചാര്‍ജ്ജിംഗ്, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, ക്രമീകരിക്കാവുന്ന പിന്‍ സീറ്റ് ഹെഡ്‌റെസ്റ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍, ടെലിസ്‌കോപിക് സ്റ്റീയറിംഗുകള്‍ തുടങ്ങി വാഹനത്തിന്‍റെ പ്രത്യേകതകള്‍ നീളുന്നു. ആറ് എയര്‍ബാഗുകളും വാഹനത്തിലുണ്ട്.

ഹോണ്ട സിറ്റി, മാരുതി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് തുടങ്ങിയവരാണ് വിപണിയില്‍ വെര്‍ണയുടെ മുഖ്യ എതിരാളികള്‍.
 

Follow Us:
Download App:
  • android
  • ios