ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പിന്റെ 2021 മോഡല്‍ കോംപസ് യുറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ എന്‍ജിനും ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ് പുതിയ ജീപ്പിന്റെ പ്രത്യേകത. ജീപ്പ് കോംപസിലെ ഇത്തവണത്തെ പ്രധാന പുതുമ 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 4xe ഹൈബ്രിഡ് സംവിധാനവുമാണ്. 

വൈകാതെ തന്നെ ഈ എന്‍ജിന്‍ ഇന്ത്യയിലിറക്കുന്ന കോംപസിലും ലഭിച്ചേക്കും. പെട്രോള്‍ മോഡല്‍ കോംപസിന് നിലവില്‍ 1.4 ലിറ്റര്‍ ടര്‍ബോ എന്‍ജിനാണ് ഹൃദയം. 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിൻ 130 ബിഎച്ച്പിയും 150 ബിഎച്ച്പിയും ഉത്പാദിപ്പിക്കുന്ന രണ്ട് ട്യൂണിങ്ങാണ് ഉള്ളത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ആറ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും 150 ബിഎച്ച്പി മോഡലില്‍ നല്‍കും. 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ കോംപസില്‍ തുടരുമെന്നാണ് സൂചന.

യു കണക്ട് സര്‍വീസ് മള്‍ട്ടിമീഡിയ സെന്റര്‍, പുതിയ സ്റ്റിയറിങ്ങ് വീല്‍, വകഭേദത്തിനനുസരിച്ച് 8.4, 7.0 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ജിപിഎസ്, ട്രാഫിക് അലേര്‍ട്ട്, വെതര്‍ അലേര്‍ട്ട് തുടങ്ങിയ സംവിധാനങ്ങള്‍ ഇന്റീരിയറില്‍ ഉണ്ടായേക്കും.

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ  കോംപസ് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനങ്ങളിലൊന്നാണ്. അടുത്തിടെയാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പ് നിരത്തിലെത്തിയത്.