വിഖ്യാതമായ ജീപ്പ് ബ്രാന്‍ഡില്‍ തന്നെയായിരിക്കും തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വ്യക്തമാക്കി ഇറ്റാലിയന്‍ - അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യ. വിവിധ സെഗ്മെന്റുകളിലായി ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് എഫ്‌സിഎ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ പാര്‍ത്ഥ ദത്ത വ്യക്തമാക്കി. 

പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ സമയക്രമം പാര്‍ത്ഥ ദത്ത വെളിപ്പെടുത്തിയില്ല. ഏറ്റവും കുറഞ്ഞത് മൂന്ന് പുതിയ എസ് യുവികളുടെ പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്ന് വ്യക്തമാക്കി. ഇതിലൊരു മോഡല്‍ മൂന്നുനിര സീറ്റുകളോടെ വിപണിയിലെത്തും. ഇന്ത്യയിലെ ജീപ്പ് നിരയില്‍ ഏറെ ജനപ്രിയമായ കോംപസിന് മുകളിലും ഗ്രാന്‍ഡ് ചെറോക്കീയുടെ താഴെയുമായിരിക്കും ഈ മോഡലിന് സ്ഥാനം.

ഡി സെഗ്മെന്റിലായിരിക്കും പുതിയ എസ് യുവി അവതരിപ്പിക്കുന്നത്. സമീപഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ മൂന്നുനിര എസ് യുവി എത്തുമെന്ന് പാര്‍ത്ഥ ദത്ത പറഞ്ഞു. അളവുകളുടെയും വലുപ്പത്തിന്റെയും കാര്യത്തില്‍ ചെറോക്കീയുമായി സാമ്യം ഉണ്ടായിരിക്കും. ബിഎസ് 6 കാലഘട്ടത്തില്‍ കൂടുതല്‍ പ്രീമിയം സെഗ്മെന്റുകളില്‍ ജീപ്പിന്റെ ഡീസല്‍ മോഡലുകള്‍ പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മറ്റ് രണ്ട് മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ദത്ത അറിയിച്ചു. ഇതിലൊന്ന് നാല് മീറ്ററില്‍ താഴെ നീളം വരുന്ന സബ്‌കോംപാക്റ്റ് എസ് യുവി ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.