Asianet News MalayalamAsianet News Malayalam

ഉറപ്പാണ് സുരക്ഷ; ഇടിപരീക്ഷയില്‍ വിജയനായി കിയ കാര്‍ണിവല്‍

ഇപ്പോഴിതാ ഇടി പരീക്ഷയില്‍ വിജയിച്ച് സുരക്ഷയും തെളിയിച്ചിരിക്കുകയാണ് കാര്‍ണിവല്‍

New Kia Carnival 8 Seater Scored 5 Star Crash Test Rating In A NCAP
Author
Mumbai, First Published May 5, 2021, 1:01 PM IST

ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായിട്ടാണ്  ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ എത്തിയത്.  2020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ  പ്രീമിയം എംപിവിയെ മ്പനി പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറിയ വാഹനത്തിന്‍റെ  പുതിയ തലമുറയെ 2020 ഓഗസ്റ്റിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇടി പരീക്ഷയില്‍ വിജയിച്ച് സുരക്ഷയും തെളിയിച്ചിരിക്കുകയാണ് കാര്‍ണിവല്‍ എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റിലാണ് കിയ കാര്‍ണിവല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ മികവ് തെളിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ണിവലിന്റെ എട്ട് സീറ്റര്‍ പതിപ്പാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ഇടിപരീക്ഷയില്‍ വിജയിച്ചത്. യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷന്‍ അവോയിഡന്‍സ് അസസ്‌മെന്റിലും മികച്ച മാര്‍ക്കാണ് ഈ എം.പി.വി. സ്വന്തമാക്കിയത്. വാഹനത്തില്‍ നല്‍കിയിട്ടുള്ള സുരക്ഷ ഫീച്ചറുകളുടെയും മറ്റും മികവാണ് കാര്‍ണിവലിന് സുരക്ഷിത എം.പി.വി. എന്ന അംഗീകാരത്തിന് അര്‍ഹമാക്കിയത്. 

മുതിര്‍ന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷയില്‍ മികച്ച സ്‌കോറാണ് കാര്‍ണിവലിന് ലഭിച്ചത്. സൈഡ് ഇംപാക്ട് ടെസ്റ്റിലും ഈ എം.പി.വിക്ക് തിളങ്ങാനായി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റും വശങ്ങളില്‍ നിന്ന് ഉണ്ടായേക്കാവുന്ന ആഘാതങ്ങലും കാര്‍ണിവലിന് വെല്ലുവിളി ഉയര്‍ത്തിയിട്ടില്ലെന്നാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്. 

വാഹനത്തിന്റെ കരുത്തിനൊപ്പം ഇതില്‍ നല്‍കിയിട്ടുള്ള ഐ.എസ്.ഒ. ഫിക്‌സ് ആങ്കറുകള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ന്‍ കീപ്പിങ്ങ്, ഹെഡ്-പ്രൊട്ടക്ടിങ്ങ് എയര്‍ബാഗുകള്‍, ഇന്റലിജെന്റ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ തുടങ്ങിയ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ കാര്‍ണിവലില്‍ മികച്ച സുരക്ഷ പ്രധാനം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.

2020-ഫെബ്രുവരിയിലാണ് കാര്‍ണിവല്‍ എന്ന വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. ഇതിനുപിന്നാലെ തന്നെ കാര്‍ണിവല്‍ എം.പി.വിയില്‍ തലമുറ മാറ്റവും സംഭവിക്കുകയായിരുന്നു. ഏതാനും ചില വിദേശ രാജ്യങ്ങളില്‍ മാത്രമാണ് കിയയുടെ പുതിയ കാര്‍ണിവല്‍ എത്തിയിട്ടുള്ളത്. മുഖഭാവത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തി ഡിസൈനില്‍ കാര്യമായ അഴിച്ചുപണി നടത്തിയാണ് പുതിയ കാര്‍ണിവല്‍ എത്തുന്നത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച പുതിയ ഗ്രില്ല്, നേര്‍ത്ത ഡിസൈനില്‍ എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലൈറ്റ്, പുതിയ ഡിആര്‍എല്‍, ക്ലാഡിങ്ങും സ്‌കിഡ് പ്ലേറ്റും നല്‍കിയ ബംമ്പര്‍, നീളത്തിലുള്ള ഫോഗ്‌ലാമ്പ് എന്നിവയാണ് മുന്‍വശത്തെ പുതുമ.

നിലവിലുള്ള മോഡലിനെക്കാള്‍ വലിപ്പത്തിലാണ് പുതിയ മോഡല്‍ എത്തുന്നത്. 40 എംഎം നീളവും 10 എംഎം വീതിയും 30 എംഎം വീല്‍ബേസും ഉയരും. 5155 എംഎം നീളവും 1995 എംഎം വീതിയും 3090 എംഎം വീല്‍ബേസുമായിരിക്കും കാര്‍ണിവലിന്റെ വലിപ്പം. ഏഴ് സീറ്റില്‍ 627 ലിറ്റര്‍ ബൂട്ട് സ്‌പേസാണുള്ളത് പിന്‍നിര സീറ്റ് മടക്കി ഇത് 2905 ലിറ്ററായി ഉയര്‍ത്താനും സാധിക്കും.

പുതിയ അലോയി വീലാണ് സൈഡ് വ്യൂവിലെ പ്രധാന മാറ്റം. ഇതിനുപുറമെ, രൂപമാറ്റം വരുത്തിയ റിയര്‍വ്യു മിറര്‍, ബോഡി കളര്‍ ഡോര്‍ ഹാന്‍ഡില്‍, ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള റണ്ണിങ്ങ് ബോര്‍ഡ്, സ്‌പോര്‍ട്ടി ഭാവമുള്ള റൂഫ് റെയില്‍ എന്നിവ വശങ്ങളിലെ കാഴ്ചയില്‍ കാര്‍ണിവലിന് അഴകേകുന്നവയാണ്. ഡോര്‍ മുന്‍ മോഡലിലേത് പോലെ പിന്നിലേക്ക് സ്ലൈഡ് ചെയ്യുന്നവയാണ്. 

ലളിതമായ ഡിസൈനില്‍ ഒരുങ്ങിയിട്ടുണ്ടെന്നതാണ് പിന്‍വശത്തിന്റെ പ്രത്യേകത. ഹാച്ച്‌ഡോറില്‍ മുഴുവനായി നീളുന്ന ടെയ്ല്‍ലാമ്പ്, പുതിയ ഡിസൈനിലുള്ള കാര്‍ണിവല്‍ ബാഡ്ജിങ്ങ്, കുഴിഞ്ഞ ഡോര്‍ ഹാന്‍ഡില്‍, ബംമ്പറിലേക്ക് സ്ഥാനം മാറിയ റിവേഴ്‌സ് ലൈറ്റും റിഫഌക്ഷനും സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള റിയര്‍ ബംമ്പര്‍ എന്നിവയാണ് പിന്‍വശത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. 

12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായിരിക്കും അകത്തളത്തിന് ആഡംബര ഭാവം നല്‍കുക. ഇതിനൊപ്പം കാറിലെ സിസ്റ്റത്തിലൂടെയും സ്മാര്‍ട്ട് ഫോണിലൂടെയും ലൈവ് ടെലിമാറ്റിക് ഇന്‍ഫോര്‍മേഷന്‍ നല്‍കുന്ന സാങ്കേതികവിദ്യയും കാര്‍ണിവലില്‍ നല്‍കും. സിസ്റ്റവുമായി ഒരേ സമയം രണ്ട് ഫോണുകള്‍ കണക്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നുണ്ട്.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുതിയ കാര്‍ണിവല്‍ എത്തുന്നത്. 290 ബിഎച്ച്പിയും 355 എന്‍എം ടോര്‍ക്കുമേകുന്ന 3.5 ലിറ്റര്‍ GDi വി6 എന്‍ജിന്‍, 268 ബിഎച്ച്പി പവറും 332 എന്‍എം ടോര്‍ക്കുമേകുന്ന 3.5 ലിറ്റര്‍ MPi വി6 പെട്രോള്‍ എന്‍ജിന്‍, 199 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ സ്മാര്‍ട്ട് സ്ട്രീം ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 

ഈ പുതിയ മോഡല്‍ 2022-ല്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം  ആദ്യം എത്തിയ കാര്‍ണിവല്‍ മോഡലിന് ഇന്ത്യൻ വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios