ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമാണ് കാർണിവല്‍. എംപിവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായെത്തിയ വാഹനം വില്‍പ്പനയിലും മുന്നിലാണ്. ഇപ്പോഴിതാ വാഹനത്തിന്‍റെ പുതിയ പതിപ്പിനെ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കിയ. 

പുതിയ മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്തു വന്നു കഴിഞ്ഞു. ഗ്ലോബൽ പ്രീമിയറിന് മുന്നോടിയായി കിയ തന്നെയാണ് വാഹനത്തിന്റെ ടീസർ ചിത്രം പുറത്തുവിട്ടത്. ഈ വർഷം അവസാനം രാജ്യന്തര വിപണിയിൽ അരങ്ങേറുന്ന കാർണിവൽ 2022 ൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.

കിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിലവിൽ നിന്ന് വ്യത്യസ്തമായി വില കുറഞ്ഞ 11 സീറ്റ് വകഭേദവും പുതിയ മോഡലിന് ലഭിച്ചേക്കും. എൻജിൻ വിവരങ്ങൾ കിയ പുറത്തുവിട്ടിട്ടില്ലെങ്കിലും 2.2 ലീറ്റർ ഡീസൽ, 280 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റർ ഡീസൽ, 1.6 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എന്നിവ പുതിയ വാഹനത്തിൽ പ്രതീക്ഷിക്കാം. നിലവിലെ കാർണിവല്ലിൽ നിന്ന് നിരവധി മാറ്റങ്ങളുമായിട്ടാണ് പുതിയ വാഹനം പുറത്തിറങ്ങുക. സിംഫോണിക് ആർക്കിടെക്ടർ എന്ന് കിയ വിളിക്കുന്ന പുതിയ ഡിസൈൻ ഭാഷ്യത്തിലാണ് വാഹനത്തിന് നിർമാണം. ടൈഗർ നോസ് ഗ്രില്ലും പുതിയ എൽഇഡി ലൈറ്റുകളുമുണ്ട്. നിലവിലെ കാർണിവല്ലിനെക്കാൾ 40 എംഎം നീളവും 30 എംഎം വീൽബെയ്സും 10 എംഎം വീതിയും പുതിയ വാഹനത്തിനുണ്ടാകും. 

രാജ്യാന്തര വിപണിയിൽ 1998ൽ പുറത്തിറങ്ങിയ കാർണിവലിന്റെ രണ്ട് ദശലക്ഷം യൂണിറ്റുകൾ വിറ്റിട്ടുണ്ടെന്നാണ് കിയ പറയുന്നത്. 2020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ആണ് കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വാഹനം. 

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭിക്കുന്ന കാർണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്‌ഷനുകളാണ് കിയ നൽകിയിരിക്കുന്നത്. ബേസ് പ്രീമിയം പതിപ്പിൽ 7 അല്ലെങ്കിൽ 8 ആയിരിക്കും. 7 അല്ലെങ്കിൽ 9 സീറ്റ് ഫോർമാറ്റിൽ ആണ് പ്രസ്റ്റീജ് എത്തുന്നത്. അതേസമയം ഏറ്റവും ഉയർന്ന പതിപ്പായ ലിമോസിൻ 7-സീറ്റർ ആയിരിക്കും.

അടിസ്ഥാന വകഭേദമായ പ്രീമിയത്തിൽ (ഏഴ്, എട്ട് സീറ്റുകളിൽ ലഭിക്കും) ടച്ച് സ്‍ക്രീ ഇൻഫോടൈൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, ക്രൂസ് കൺട്രോൾ, പുഷ് ബട്ടൻ സ്റ്റാർട്ട്, 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

രണ്ടാമത്തെ വകഭേദമായ പ്രസ്റ്റീജിൽ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, ഐസ് ക്യൂബ് എൽഇഡി ഫോഗ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, കോർണർ ബ്രേക്ക് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏഴ്, ഒമ്പത് സീറ്റ് വകഭേദങ്ങളിൽ പ്രസ്റ്റീജ് ലഭിക്കും. 

എം‌പിവിയുടെ ഏറ്റവും ഉയർന്ന മോഡലാണ് ലിമോസിൻ പതിപ്പ്. സ്റ്റാൻഡേർഡായി ആഡംബര VIP സീറ്റുകളുള്ള ഏഴ് സീറ്റർ വാഹനമാണിത്. വാഹനത്തിലെ എല്ലാ അപ്ഹോൾസ്റ്ററികളും നാപ്പ ലെതറിനാൽ നിർമ്മിച്ചതാണ്. രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിയതിന് ശേഷം വെറും മൂന്ന് മാസത്തിനുള്ളിൽ മൊത്തം 3,000 കാർണിവലുകൾ വിൽക്കാൻ കിയയ്ക്ക് കഴിഞ്ഞു. മാർച്ചിൽ മാത്രം 1,117 യൂണിറ്റ് പ്രീമിയം എംപിവി കമ്പനി വിപണിയിൽ എത്തിച്ചു. 24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് കാർണിവലിന്റെ വില.