മുംബൈ:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കാന്‍ മഹാരാഷ്‍ട്രയിലെ പുതിയ സഖ്യ സര്‍ക്കാര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബുള്ളറ്റ് ട്രെയിനിനൊപ്പം നാനാര്‍ റിഫൈനറി പദ്ധതി ഉള്‍പ്പെട മുന്‍ ബിജെപി സര്‍ക്കാരിന്റെ പല വമ്പന്‍ പദ്ധതികളും ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യ സര്‍ക്കാര്‍  ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് പുതിയ സര്‍ക്കാരിന്റെ പരിഗണനയെന്നും ബുള്ളറ്റ് ട്രെയിന് വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ശിവസേന എംഎല്‍എയായ ദീപക് കേസര്‍ക്കാര്‍ വ്യക്തമാക്കി. നാനാര്‍ റിഫൈനറി പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുമെന്നും ആരേ കോളനിയില്‍ ഇനി ഒരു മരം പോലും മുറിക്കാന്‍ അനുവദിക്കില്ലെന്നും ശിവസേന വക്താവ് മാനിഷ കയാന്‍ഡെയും വ്യക്തമാക്കി. ബുള്ളറ്റ് ട്രെയിന്‍, നാനാര്‍ പദ്ധതികളിലും മറിച്ചൊരു അഭിപ്രായമില്ലെന്നും ഇതെല്ലാം നിരവധിപേരെ ദോഷകരമായി ബാധിക്കുമെങ്കില്‍ പിന്നെ എന്തിനാണ് ഈ പദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്നും മാനിഷ കയാന്‍ഡെ ചോദിച്ചു. 

2017 സെപ്‍തംബര്‍ 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിടുന്നത്. 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രധാന വാഗ്‍ദാനമായിരുന്ന പദ്ധതി എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സ്വപ്‍നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നു. അഹമ്മദാബാദ് - മുംബൈ പാതയിൽ ആറു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണു ലക്ഷ്യം.

നൂറ്റിപ്പത്ത് ലക്ഷം കോടി ചെലവുവരുന്ന പദ്ധതി 81 ശതമാനം ജപ്പാൻ വായ്പയോടെയാണ് നടപ്പിലാക്കുന്നത്. 88000 കോടിയാണ് ജപ്പാൻ വായ്പ. അൻപത് വർഷംകൊണ്ട് തിരിച്ചടക്കേണ്ട വായ്പയ്ക്ക് 1 ശതമാനം പലിശയാണ് നൽകേണ്ടത്. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗതയുള്ള ബുള്ളറ്റ് ട്രെയിൻ യാതാർത്ഥ്യമായാൽ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള 508 കിലോമീറ്റർ ദൂരം രണ്ടുമണിക്കൂർ കൊണ്ട് പിന്നിടാനാകും.

പദ്ധതി പൂര്‍ത്തീകരിക്കാന്‍ 2023 വരെയാണ് സമയപരിധി. എന്നാല്‍ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമായ 2022 ഓഗസ്റ്റ് 15 മുതല്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെ ലക്ഷ്യം.