കൂടുതല്‍ സ്റ്റൈലും ആഡംബരവും നല്‍കി ഥാറിനെ ഒരു അഡാറ് ഥാറാക്കി വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര.  ഐതിഹാസിക ബ്രാന്‍ഡായ ജീപ്പ് റാങ്ക്ളറിനെ ഓര്‍മ്മപ്പെടുത്തുന്ന വാഹനമാണ് പുതുതായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂർണമായും ഉൽ‌പാദനത്തിന് തയ്യാറായ ഥാറിന്റെ ടെസ്റ്റിങ് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

പുതുക്കിയ സ്റ്റൈലിങ്ങിൽ, കൂടുതൽ സവിശേഷതകളോടെ 2020 ഥാർ എത്തുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. അവ ശരിയെന്നു തെളിയിക്കുന്ന പരീക്ഷണയോട്ട ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിൽ പുതിയ ഥാർ പ്രദർശനത്തിനെത്തിയേക്കും. 

ഹാര്‍ഡ് ടോപ്പ്, വശങ്ങളിലെ ഗ്ലാസ്, ഹാച്ച്‌ഡോറിലെ ഗ്ലാസ് വലിയ റിയര്‍വ്യൂ മിറർ തുടങ്ങിയ ഘടകങ്ങളൊക്കെയാണ് റാങ്ക്‌ളറിനെ ഓര്‍മിപ്പിക്കുന്നത്. ഇന്റീരിയറും അല്‍പ്പം റിച്ചാണ്. പ്രീമിയം ലുക്കുള്ള സീറ്റുകള്‍, പുതിയ സ്റ്റിയറിങ് വീല്‍, ഇന്‍ഫോടെയ്ന്‍മെന്റ്, പുതിയ ഗിയര്‍ ലിവര്‍ തുടങ്ങി നിരവധി പുതുമ ഇന്റീരിയറിലുണ്ട്.

വാഹനത്തിന്റെ രൂപത്തിലും വലിയ സാമ്യതകളുണ്ട്. പുതിയ ഥാർ‌ കൂടുതൽ വലുതും അൽപം കൂടി ഓഫ്‌ റോഡ്‌ ഫ്രണ്ട്‌ലി ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഡിസൈനിലുള്ള അലോയ് വീൽ, പിന്നിൽ സ്പെയർ ടയർ എന്നിവയും പുതിയ ഥാറിൽ കാണാം. പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, പുത്തൻ ബമ്പർ ഡിസൈൻ, മുൻവശത്ത്, പുതിയ ഹെഡ്‌ലാമ്പുകളും പുതുക്കിയ ഫ്രണ്ട് ഗ്രിൽ ഫാസിയയും വ്യക്തമായി അറിയാൻ സാധിക്കുന്നുണ്ട്.

പുതുക്കിയ ഡാഷ്‌ബോർഡ് ഡിസൈനാന്‍, ഫ്രണ്ട് ബക്കറ്റ് സീറ്റുകൾ, എല്ലാ യാത്രകാർക്കും സീറ്റ് ബെൽറ്റുകൾ എന്നിവയും ഉണ്ടാകും. ഓഡിയോ കൺട്രോളുകളുള്ള പുതിയ സ്റ്റിയറിങ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ പാർക്കിങ് ക്യാമറ എന്നിവയ്ക്കൊപ്പം പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഥാറിലുണ്ടാകും. 

138 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചന.  ഓട്ടോമാറ്റിക് ഗിയർബോക്സുള്ള പെട്രോൾ എൻജിനും ലഭിക്കുമെന്നാണ് റിപ്പോർട്ടുകളുണ്ട്. പുതിയ ഥാറിന്റെ വില കൂടുമെന്നും സൂചനകളുണ്ട്.  2020-ന്റെ തുടക്കത്തില്‍ തന്നെ പുതിയ വാഹനം നിരത്തിലെത്തിയേക്കും. 

2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്‍മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. 2015ലാണ് വാഹനത്തിന്‍റെ  ഒടുവിലെ ഫെയ്‍സ്‍ലിഫ്റ്റ് വിപണിയിലെത്തുന്നത്.