Asianet News MalayalamAsianet News Malayalam

വരുന്നൂ പുത്തന്‍ സെലേറിയോ, ബുക്കിംഗ് തുടങ്ങി ഡീലര്‍മാര്‍

പുതുലമുറ സെലേറിയോ സെപ്റ്റംബറില്‍ അവതരിപ്പിച്ചേക്കുമെന്നും വാഹനത്തിനുള്ള അനൌദ്യോഗിക ബുക്കിംഗ് ചില ഡീലര്‍മാര്‍ തുടങ്ങിയതായും റിപ്പോര്‍ട്ട്

New Maruti Celerio Launch And Booking
Author
Mumbai, First Published Jun 28, 2021, 2:50 PM IST

മാരുതിയില്‍ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സെലേറിയോ. വാഹനത്തിന്‍റെ പുത്തന്‍ പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുകയാണെന്ന് കഴിഞ്ഞ കുറച്ചുകാലമായി കേട്ടുതുടങ്ങിയിട്ട്. പരീക്ഷണോയട്ടം നടത്തുന്ന വാഹനത്തിന്‍റെ വിവരങ്ങളും മുമ്പ് നിരവധി തവണ പുറത്തുവന്നിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വാഹനത്തിന്‍റെ വരവ് വൈകി. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ലോഞ്ചിന് തയ്യാറെടുക്കുകയാണ് രണ്ടാം തലമുറ സെലേറിയോ. പുതുലമുറ സെലേറിയോ സെപ്റ്റംബറില്‍ അവതരിപ്പിച്ചേക്കും എന്നും വാഹനത്തിനുള്ള അനൌദ്യോഗിക ബുക്കിംഗ് ചില ഡീലര്‍മാര്‍ തുടങ്ങിയതായും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 5000 മുതല്‍ 11000 രൂപ വരെ ഈടാക്കിയാണ് ഡീലര്‍ഷിപ്പുകള്‍ ബുക്കിംഗ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതുതലമുറ സെലെറിയോ വലുതാണെന്നാണ് നേരത്തെയുള്ള പരീക്ഷണയോട്ട ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന് ലഭിച്ചേക്കും. മാരുതിയുടെ മോഡുലാര്‍ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ സെലേറിയോ ഒരുങ്ങിയിട്ടുള്ളത്. 

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌റ്റൈലിഷ് അലോയികള്‍, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ വൈപ്പര്‍, സംയോജിത എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം എന്നിവ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടാം. കാര്യമായ മാറ്റങ്ങള്‍ അകത്തളത്തിലും പ്രതീക്ഷിക്കാം. മാരുതിയുടെ പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായി ഫീച്ചര്‍ സമ്പന്നമായായിരിക്കും പുതിയ സെലേറിയോയും എത്തുക. ഡാഷ്ബോര്‍ഡ് മൗണ്ട് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയും ലഭിക്കും. ഫാബ്രിക് സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, ഓട്ടോമാറ്റിക് എസി, സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ടാകും.

നിലവിൽ ഒരു ലീറ്റർ പെട്രോൾ എൻജിനോടെയാണു സെലേറിയൊ വിൽപ്പനയ്ക്കെത്തുന്നത്. എന്നാൽ പുതുതലമുറ സെലേറിയൊയിൽ വാഗൻ ആറിലെ പോലെ രണ്ട് എൻജിൻ സാധ്യതകൾ ലഭ്യമാവുമെന്നാണു സൂചന.  K10B 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പുതിയ സെലേറിയോയുടെയും ഹൃദയമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ബിഎസ്6 എഞ്ചിന്‍ 67 bhp കരുത്തില്‍ 90 Nm ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് എന്നിവയുമാകും ട്രാന്‍സ്‍മിഷന്‍.

സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സ്റ്റാന്‍ഡേര്‍ഡായി ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍, സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി മുതലായ വാഹനത്തിൽ ഇടംപിടിക്കും. മുമ്പ് പല തവണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്.

2014 ഓട്ടോ എക്സ്പോയിലാണ് ആദ്യമായി മാരുതി സുസുക്കി സെലേരിയോയെ അവതരിപ്പിക്കുന്നത്. എഎംടി ഓപ്ഷനോടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന ആദ്യ വാഹനം കൂടിയാണ് സെലേറിയോ. നിലവില്‍ ഇന്ത്യൻ വിപണിയിൽ ടാറ്റ ടിയാഗൊയും ഹ്യുണ്ടായി സാൻട്രോയുമായിരുന്നു സെലേറിയൊയുടെ മുഖ്യ എതിരാളികൾ. എന്നാല്‍ രണ്ടാം തലമുറ സെലേറിയോയ്ക്ക് ഹ്യുണ്ടേയ് ഗ്രാൻഡ് ഐ 10നോടും ഏറ്റുമുട്ടാൻ കഴിഞ്ഞേക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2020ലെ കണക്കനുസരിച്ച് സെലേറിയോയുടെ പ്രതിമാസ വില്‍പ്പന ഏകദേശം 4,000 യൂണിറ്റ് മുതല്‍ മുതല്‍ 6,000 യൂണിറ്റ് വരെയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios