Asianet News MalayalamAsianet News Malayalam

ഡ്യുവൽജെറ്റ് എഞ്ചിന്‍, വമ്പന്‍ മൈലേജ്; ടിയാഗോയെ തവിടുപൊടിയാക്കാന്‍ പുത്തന്‍ സെലേറിയോ

2021 മാരുതി സെലേറിയോ (Maruti Celerio) പുതിയ 1.0 ലിറ്റർ K10C, 3 സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനോടെ (dualjet petrol engine) ആണ് എത്തുക എന്നതാണ് ഇതുസംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍

New Maruti Suzuki Celerio launch with new dueljet petrol engine
Author
Mumbai, First Published Oct 4, 2021, 3:48 PM IST
  • Facebook
  • Twitter
  • Whatsapp

മാരുതിയുടെ ജനപ്രിയ മോഡല്‍ സെലേറിയോയുടെ (Maruti Celerio) പുത്തന്‍ പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുകയാണെന്ന് കഴിഞ്ഞ കുറച്ചുകാലമായി കേട്ടുതുടങ്ങിയിട്ട്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ വിവരങ്ങളും മുമ്പ് നിരവധി തവണ പുറത്തുവന്നിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വാഹനത്തിന്‍റെ വരവ് വൈകി.   2021 മാരുതി സെലേറിയോ (Maruti Celerio) പുതിയ 1.0 ലിറ്റർ K10C, 3 സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനോടെ (dualjet petrol engine) ആണ് എത്തുക എന്നതാണ് ഇതുസംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍. ഓട്ടോ കാര്‍ ഇന്ത്യ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. 

ആഗോളതലത്തില്‍ നിരവധി സുസുക്കി കാറുകളിൽ കാണാനാവുന്ന അതേ എഞ്ചിൻ ഓപ്ഷനാണിത്. കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടിയാഗോയൊപ്പം പിടിച്ചുനിൽക്കാനാണ് ഈ മാറ്റങ്ങൾ മാരുതി നടപ്പിലാക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  സുസുക്കിയുടെ 1.0 ലിറ്റർ ഡ്യുവൽജെറ്റ് എഞ്ചിൻ പരിഷ്ക്കരിച്ച എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീകർക്കുലേഷൻ (EGR), ഉയർന്ന കംപ്രഷൻ അനുപാതം, ഡ്യുവൽ ഇൻജക്‌ടറുകൾ എന്നിവ ഇൻലെറ്റ് വാൽവുകളോട് ചേർന്ന് കിടക്കുന്നു. ഈ സാങ്കേതികവിദ്യകൾ വാഹനത്തിന്റെ ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.  ഡ്യുവൽജെറ്റ് മോട്ടോറുമൊത്തുള്ള പുതിയ മാരുതി സെലേറിയോ ഏകദേശം 26 കിലോമീറ്ററിന്റെ ഏറ്റവും മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.  കാറിന്റെ പ്രധാന എതിരാളികളായ ടാറ്റ ടിയാഗോ എഎംടി, ഹ്യുണ്ടായി ഗ്രാൻഡ് i10 എന്നിവ യഥാക്രമം 23.84 കിലോമീറ്റർ, 18.9 കിലോമീറ്റർ എന്നിങ്ങനെയാണ് മൈലേജ് നൽകുന്നത്.

2021 മാരുതി സെലേറിയോ മോഡൽ ലൈനപ്പില്‍ നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 82 bhp കരുത്ത് ഉത്പാദിപ്പിക്കും. ഹാച്ച്ബാക്കിന്റെ പുതിയ 1.0 ലിറ്റർ ഡ്യുവൽജെറ്റ് മോട്ടോർ 5-സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭ്യമാകും. കൂടാതെ ഫാക്ടറി ഘടിപ്പിച്ച സിഎൻജി കിറ്റും സെലേറിയോ ലൈനപ്പിലേക്ക് എത്തും. നിലവിൽ മാരുതിയുടെ സിഎൻജി കാറുകൾക്ക് ഗംഭീര പ്രതികരണമാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. ഇതിന്റെ പ്രധാന കാരണം ഇലക്‌ട്രിക് കാറുകളുടെ ഉയർന്ന വിലയും ചാർജിംഗ് സംവിധാനങ്ങളുടെ അപര്യാപ്‌തതയുമാണ്. വാഹനം നവംബർ 10ന് വിപണിയിൽ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അടിമുടി മാറ്റങ്ങളുമായി എത്തുന്ന മോഡല്‍ വിപണിയിൽ കൂടുതൽ ചലനങ്ങൾ സൃഷ്‌ടിക്കുമെന്നാണ് കരുതുന്നത്. 

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതുതലമുറ സെലെറിയോ വലുതാണെന്നാണ് നേരത്തെയുള്ള പരീക്ഷണയോട്ട ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന് ലഭിച്ചേക്കും. മാരുതിയുടെ മോഡുലാര്‍ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ സെലേറിയോ ഒരുങ്ങിയിട്ടുള്ളത്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌റ്റൈലിഷ് അലോയികള്‍, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ വൈപ്പര്‍, സംയോജിത എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം എന്നിവ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടാം. കാര്യമായ മാറ്റങ്ങള്‍ അകത്തളത്തിലും പ്രതീക്ഷിക്കാം. മാരുതിയുടെ പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായി ഫീച്ചര്‍ സമ്പന്നമായായിരിക്കും പുതിയ സെലേറിയോയും എത്തുക. ഡാഷ്ബോര്‍ഡ് മൗണ്ട് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയും ലഭിക്കും. ഫാബ്രിക് സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, ഓട്ടോമാറ്റിക് എസി, സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ടാകും.

സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സ്റ്റാന്‍ഡേര്‍ഡായി ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍, സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി മുതലായവ വാഹനത്തിൽ ഇടംപിടിക്കും. മുമ്പ് പല തവണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്.

2014 ഓട്ടോ എക്സ്പോയിലാണ് ആദ്യമായി മാരുതി സുസുക്കി സെലേരിയോയെ അവതരിപ്പിക്കുന്നത്. 2020ലെ കണക്കനുസരിച്ച് സെലേറിയോയുടെ പ്രതിമാസ വില്‍പ്പന ഏകദേശം 4,000 യൂണിറ്റ് മുതല്‍ മുതല്‍ 6,000 യൂണിറ്റ് വരെയാണ്.
 

Follow Us:
Download App:
  • android
  • ios