Asianet News MalayalamAsianet News Malayalam

26.68 കീമീ മൈലേജ്, മോഹവില, മികച്ച സുരക്ഷ; പുത്തന്‍ സെലേരിയോ എത്തി!

ജനപ്രിയ മോഡലായ സെലേരിയോയുടെ (Celerio) പുതിയ പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

New Maruti Suzuki Celerio launched in India
Author
Mumbai, First Published Nov 11, 2021, 4:47 PM IST
  • Facebook
  • Twitter
  • Whatsapp

റെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) ജനപ്രിയ മോഡലായ സെലേരിയോയുടെ (Celerio) പുതിയ പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.  LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്‍റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 4.99 ലക്ഷം രൂപ മുതല്‍ 6.94 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‍പീഡി ബ്ലൂ, ഫയര്‍ റെഡ് എന്നീ രണ്ട് പുതിയ നിറങ്ങള്‍ക്കൊപ്പം ആറ് നിറങ്ങളിലാണ് സെലേറിയോ വില്‍പ്പനയ്ക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സെലേറിയോ ഹാച്ച്​ബാക്കി​ന്‍റെ രണ്ടാം തലമുറയാണ്​ കമ്പനി രാജ്യത്ത്​ അവതരിപ്പിച്ചത്.  പുതിയ സെലേറിയോയുടെ ഏറ്റവും വലിയ പ്രത്യേകതയായി മാരുതി അവകാശപ്പെടുന്നത്​ ഇന്ധനക്ഷമതയാണ്​. സുസുകി ഡ്യുവൽ ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ ഒരു സിലിണ്ടറിന് ഒന്നിന് പകരം രണ്ട് ഫ്യൂവൽ ഇഞ്ചക്ടറുകളാണുള്ളത്. ഇതിനർഥം, 16-വാൽവ് എഞ്ചിനിലെ എട്ട് ഇൻ‌ടേക്ക് പോർട്ടുകളിൽ ഓരോന്നിനും അതിന്റേതായ ഇൻജക്ടർ ലഭിക്കുമെന്നാണ്​. ഇത് കൂടുതൽ കൃത്യമായ നിയന്ത്രണവും മികച്ച ഇന്ധനക്ഷമതയും നൽകും. മറ്റ് നവീകരണങ്ങൾക്കൊപ്പം മെച്ചപ്പെട്ട എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ സിസ്റ്റവും വാഹനത്തിലുണ്ട്​. ഇതെല്ലാമാണ്​ സെലേറിയോടെ മൈലേജ്​ രാജാവാക്കി മാറ്റുന്നത്​.

പുതിയ സെലേരിയോയുടെ വി.എക്​സ്​.​ഐ. എ.എം.ടി വേരിയൻറി​ന്​ 26.68kpl ഇന്ധനക്ഷമതയാണുള്ളതെന്ന്​ കമ്പനി പറയുന്നു. ഇന്ത്യയിൽ ഇന്നിറങ്ങു​ന്ന പെട്രോൾ ചെറുകാറുകളിൽ ഏറ്റവുംകൂടുതൽ ഇന്ധനക്ഷമത സെലേറിയോക്കാണെന്ന്​ പറയാം. ZXi, ZXi+ AMT എന്നിവ 26kpl മൈലേജ്​ നൽകും. LXi 25.24kpl നൽകും. VXi, ZXi, ZXI+ MT എന്നിവ 24.97kpl ഇന്ധനക്ഷമത നൽകും.

പുതിയ കെ 10 സി, മൂന്ന്​ സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ ഡ്യുവൽ ജെറ്റ് എഞ്ചിനാണ്​ വാഹനത്തി​ന്‍റെ ഹൃദയം. ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്​. വാഹനം നിർത്തിയിടു​മ്പോൾ തനിയെ ഓഫാവുകയും ക്ലച്ച്​ അമർത്തു​മ്പോൾ സ്​റ്റാർട്ട്​ ആവുകയും ചെയ്യുന്ന സംവിധാനമാണിത്​. കൂടുതൽ ഇന്ധനക്ഷമത ഇതിലൂടെ ലഭിക്കും. ബലേനോ ആർ എസിൽ ഉണ്ടായിരുന്നതി​ന്‍റെ നാച്ചുറലി ആസ്​പിറേറ്റഡ്​ പതിപ്പാണിത്​. എഞ്ചിൻ 67 എച്ച്‌പിയും 89 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഒന്നാം തലമുറ മോഡലിനേക്കാൾ 1 എച്ച്‌പിയും 1 എൻഎം ടോർക്കും കുറവാണ്. സമീപഭാവിയിൽ ഈ എഞ്ചിനുമായി കൂടുതൽ മാരുതി സുസുക്കി മോഡലുകൾ വരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.​ 

വാഗണറിന് സമാനമായ മാരുതിയുടെ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സെലേറിയോ നിർമിച്ചിരിക്കുന്നത്. വാഗണറിനേക്കാൾ അൽപ്പം വില കൂടുതലാണ് സെലേറിയോക്ക്​. സ്വിഫ്​റ്റിനും വാഗണറിനും ഇടയിലാകും വാഹനത്തെ മാരുതി പ്രതിഷ്​ടിക്കുക. വലിയ 1.2 ലിറ്റർ എഞ്ചിനിലും സെലേറിയോ ലഭ്യമാണ്. പ്രധാന എതിരാളിയായ ഹ്യുണ്ടായ് സാൻട്രോയുടെ വില 4.77 മുതൽ 6.45 ലക്ഷം രൂപയാണ്​. ടാറ്റ ടിയാഗോയുടെ വില 5 ലക്ഷം മുതൽ 6.93 ലക്ഷം രൂപ വരെയും ഡാറ്റ്‌സൺ ഗോയുടെ വില 4.03 മുതൽ 6.51 ലക്ഷം വരെയുമാണ്​. എതിരാളികളുടെയെല്ലാം വിലവിവരം സെലേറിയോയുമായി സാമ്യമുള്ളതാണെന്ന്​ പറയാം. ഇത്​ വാഹനത്തെ കൂടുതൽ മത്സരാധിഷ്​ടിതമാക്കുന്നുണ്ട്​. 

ലുക്കില്‍ വന്‍ അഴിച്ചുപണി നടത്തിയാണ് പുതുതലമുറ സെലേറിയോ എത്തിയിരിക്കുന്നത്. ഹണികോമ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, രണ്ട് ഹെഡ്‌ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ക്രോമിയം ലൈന്‍, പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, ക്ലാഡിങ്ങ് അകമ്പടിയില്‍ നല്‍കിട്ടുള്ള ഫോഗ്‌ലാമ്പ്, ഷാര്‍പ്പ് എഡ്ജുകളും മറ്റും നല്‍കിയിട്ടുള്ള ബമ്പര്‍ തുടങ്ങിയവയാണ് സെലേറിയോയില്‍ പുതുതലമുറ ഭാവം നല്‍കുന്നത്. മുന്‍ മോഡലില്‍ നിന്ന് ബോണറ്റില്‍ ഉള്‍പ്പെടെ വേറെയും മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്.

വശങ്ങളിലെ ഡിസൈനും പുതുമയോടെയാണ്. 15 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് ഫിനീഷിങ്ങ് അലോയി വീലാണ് പ്രധാന പുതുമ. ഇന്‍ഡിക്കേറ്റര്‍ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍, ബ്ലാക്ക് ഫിനീഷിങ്ങ് ബി.പില്ലര്‍ എന്നിവയാണ് വശങ്ങളിലെ മാറ്റം. പിന്‍ഭാഗത്തും ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടെയ്ല്‍ലാമ്പ് പുതിയ ഡിസൈനിലാണ്. ഹാച്ച്‌ഡോറില്‍ പ്രത്യേകമായി റിയര്‍വ്യൂ ക്യാമറ നല്‍കിയിട്ടുണ്ട്. ഹാച്ച്‌ഡോര്‍ ഹാന്‍ഡില്‍ ഉള്‍പ്പെടെയുള്ളവ മുന്‍ മോഡലിന് സമാനമാണ്. 

പൂര്‍ണമായും പുതുമയോടെ രൂപകല്‍പ്പന ചെയ്‍തിരിക്കുന്നു ഇന്‍റീരിയര്‍.  പുതിയ ഡിസൈനിലുള്ളതാണ് ഡാഷ്‌ബോര്‍ഡ്. ഉയര്‍ന്ന വേരിയന്റില്‍ മാരുതിയുടെ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്, മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവ അധികമായി നല്‍കുന്നുണ്ട്. താഴ്ന്ന വേരിയന്റില്‍ യു.എസ്.ബി. സപ്പോള്‍ട്ട് ചെയ്യുന്ന മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെയുള്ള ഫീച്ചറുകളുണ്ട്.

മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി 12-ല്‍ അധികം സേഫ്റ്റി ഫീച്ചറുകളാണ് പുതിയ സെലേറിയോയില്‍  മാരുതി നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, ബ്രേക്ക് അസിസ്റ്റ്, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, പ്രീ-ടെന്‍ഷനര്‍ ആന്‍ഡ് ഫോഴ്‌സ് ലിമിറ്റര്‍, ചൈല്‍ഡ് പ്രൂഫ് റിയര്‍ ഡോര്‍ ലോക്ക് തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷ ഉറപ്പാക്കും. 

3695 എം.എം. നീളവും 1655 എം.എം. വീതിയും 1555 എം.എം. ഉയരത്തിനുമൊപ്പം 2435 എം.എം. വീല്‍ ബേസുമാണ് സെലേറിയോയുടെ അളവുകള്‍. 170 എം.എമ്മാണ്  ഗ്രൗണ്ട് ക്ലിയറന്‍സ്. 313 ലിറ്റര്‍ എന്ന സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ബൂട്ട് സ്‌പേസും സെലേറിയോയുടെ സവിശേഷതയാണ്.  മാരുതി അരീന ഡീലർഷിപ്പുകളിലോ മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ 11,000 രൂപ നൽകി വാഹനം ബുക്ക്​ ചെയ്യാം. 

Follow Us:
Download App:
  • android
  • ios