Asianet News MalayalamAsianet News Malayalam

രണ്ടാം തലമുറ ജിഎല്‍എ പ്രീ ബുക്കിംഗ് തുടങ്ങി ബെന്‍സ്

രണ്ടാം തലമുറ ജിഎല്‍എ എസ്‌യുവിയുടെ പ്രീ ബുക്കിംഗ് കമ്പനി ഇന്ത്യയില്‍ ആരംഭിച്ചു

New Mercedes Benz GLA bookings open in India
Author
Mumbai, First Published Apr 26, 2021, 2:26 PM IST

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സിന്റെ ഏറ്റവും ചെറിയ എസ്‌യുവിയാണ് ജിഎല്‍എ. ഇപ്പോഴിതാ രണ്ടാം തലമുറ ജിഎല്‍എ എസ്‌യുവിയുടെ പ്രീ ബുക്കിംഗ് കമ്പനി ഇന്ത്യയില്‍ ആരംഭിച്ചതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യാ വെബ്‌സൈറ്റില്‍ പുതിയ ജിഎല്‍എ ലിസ്റ്റ് ചെയ്‍തതായും ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തെ ഈ മാസം വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഒരുപക്ഷേ വിപണി അവതരണം അടുത്ത മാസമായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ എ ക്ലാസ് ലിമോസിന്‍ ഉപയോഗിക്കുന്ന 1.3 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ കടമെടുത്തേക്കും. എഎംജി ലൈന്‍ എന്ന ടോപ് സ്‌പെക് വേരിയന്റ് കൂടി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 40 ലക്ഷം രൂപയില്‍ എക്‌സ് ഷോറൂം വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാഴ്ച്ചയില്‍, മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി ബുച്ച് ലുക്കിലാണ് രണ്ടാം തലമുറ ജിഎല്‍എ വരുന്നത്. ബോണറ്റിലെയും വശങ്ങളിലെയും സ്‌കള്‍പ്റ്റഡ് ലൈനുകളാണ് കാരണം. എ ക്ലാസ് നിരയിലെ മറ്റ് മോഡലുകള്‍ പോലെ, നടുവില്‍ ക്രോം സ്ലാറ്റ് സഹിതം ഡയമണ്ട് സ്റ്റഡ് പാറ്റേണ്‍ ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സംയോജിപ്പിച്ച സ്വെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ ടോപ് വേരിയന്റില്‍ നല്‍കും. പിന്‍ഭാഗത്ത് ഓള്‍ ന്യൂ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, സ്‌കള്‍പ്റ്റഡ് ബൂട്ട് ലിഡ്, സ്‌പോയ്‌ലര്‍, കരുത്തുറ്റ ബംപര്‍ എന്നിവ കാണാം.

വാഹനത്തിന് ഇപ്പോള്‍ പുതിയ കാബിന്‍ ലഭിച്ചു. ഇന്‍ഫൊടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റേഷന്‍ ആവശ്യങ്ങള്‍ക്കായി സ്പ്ലിറ്റ് ഫംഗ്ഷന്‍ സഹിതം വലിയ സിംഗിള്‍ യൂണിറ്റ് ഡിസ്‌പ്ലേ നല്‍കി. ടച്ച്‌സ്‌ക്രീന്‍ ഫംഗ്ഷന്‍, എംബിയുഎക്‌സ് സിസ്റ്റം, വോയ്‌സ് കമാന്‍ഡ് ഫംഗ്ഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടിഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയം, പനോരമിക് സണ്‍റൂഫ്, മെഴ്‌സേഡസിന്റെ ‘പ്രീ സേഫ്’ സേഫ്റ്റി പാക്കേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് പുതു തലമുറ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എ ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2020 മധ്യത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 മഹാമാരിയാണ് വിപണി അവതരണം വൈകിപ്പിച്ചത്. ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് ആസ്ഥാനമായ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ച 15 കാറുകളിലൊന്നാണ് പുതിയ ജിഎല്‍എ.

Follow Us:
Download App:
  • android
  • ios