ആമസോൺ ലൈവിലൂടെ പുറത്തിറക്കുന്ന ആദ്യത്തെ വാഹനമായി 2022 മിത്സുബിഷി ഔട്ട്‌ലാൻഡർ മാറുമെന്ന പ്രത്യേകതയും പരിപാടിക്കുണ്ട്
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്സുബിഷിയുടെ നാലാം തലമുറ ഔട്ട്ലാൻഡർ എസ്‌യുവിയെ ഫെബ്രുവരി 16-ന് ആഗോളതലത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോൺ ലൈവിലൂടെയാകും വാഹനത്തിന്‍റെ അവതരണമെന്ന് കമ്പനി പ്രഖ്യാപിച്ചതായി ന്യൂസ് വീല്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് കമ്പനി ഒരു ടീസർ വീഡിയോ പുറത്തിറക്കി.
ആമസോൺ ലൈവിലൂടെ പുറത്തിറക്കുന്ന ആദ്യത്തെ വാഹനമായി 2022 മിത്സുബിഷി ഔട്ട്‌ലാൻഡർ മാറുമെന്ന പ്രത്യേകതയും പരിപാടിക്കുണ്ട്. ആഗോള അരങ്ങേറ്റത്തിനായി മിത്സുബിഷി ഔട്ട്‌ലാൻഡറിന്റെ ആദ്യ യൂണിറ്റ് വഹിക്കുന്ന ഒരു വലിയ ബോക്സാണ് ടീസറിലൂടെ കാണിക്കുന്നത്. എസ്‌യുവി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌ത മോഡൽ 2021 ഫെബ്രുവരി 17-നായിരിക്കും അവിടെ അനാച്ഛാദനം ചെയ്യുക. എസ്‌യുവിയുടെ ടീസർ ചിത്രങ്ങൾ 2020 ഡിസംബറിൽ കമ്പനി പുറത്തിറക്കിയിരുന്നു.
റെനോ-നിസാൻ സഖ്യത്തിന്റെ CMF-C/D പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും 2022 മിത്സുബിഷി ഔട്ട്‌ലാൻഡർ എന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ തലമുറ മോഡൽ വലിപ്പത്തിൽ മുൻഗാമിയേക്കാൾ വിശാലമായിരിക്കുമെന്നാണ് സൂചന. വാഹനത്തിന് റാപ്റൗണ്ട് വിൻഡ്‌സ്ക്രീൻ ഡിസൈനും ഗ്ലോസി ബ്ലാക്ക് ഡി-പില്ലറും ലഭിച്ചേക്കും.
2.5 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ ഔട്ട്‌ലാൻഡറിനും ഹൃദയം. റിപ്പോർട്ട് പ്രകാരം ഓരോ ആക്‌സിലിലും ഒരു ഇലക്ട്രിക് മോട്ടോർ, 20 കിലോവാട്ട് വലിയ ലിഥിയം അയൺ ബാറ്ററി എന്നിവ ഉൾക്കൊള്ളുന്ന PHEV സാങ്കേതികവിദ്യയും എസ്‌യുവിയ്ക്ക് നൽകും. 70 കിലോമീറ്റർ വരെ ശ്രേണി നൽകാൻ പൂർണ ഇലക്ട്രിക് മോഡിൽ എസ്‌യുവിക്ക് കഴിയുമെന്നാണ് കമ്പനിയുടെ വാഗ്‌ദാനം. ഇത്തവണ ഔട്ട്ലാൻഡറിന് റാലിയിൽ നിന്ന് ലഭിച്ച സൂപ്പർ ഓൾ-വീൽ കൺട്രോൾ (S-AWC) സാങ്കേതികവിദ്യയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
