തിരുവനന്തപുരം: ഐപിസി 279, 283 വകുപ്പുകള്‍ അനുസരിച്ചുകൂടി കേസെടുക്കുന്നതിനുള്ള അധികാരം സംസ്ഥാനത്തെ ട്രാഫിക് പൊലീസിന് വീണ്ടും നല്‍കിയതായി റിപ്പോര്‍ട്ട്.  മുമ്പുണ്ടായിരുന്ന ഈ അധികാരം ട്രാഫിക് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം എടുത്തുമാറ്റുകയായിരുന്നു. എന്നാല്‍ ഈ അധികാരം പുന:സഥാപിച്ച് കൊണ്ട് സംസ്ഥാന പൊലീസ് മേധാവി പുതിയ ഉത്തരവിറക്കിയാതായാണ് പുതിയ വാര്‍ത്തകള്‍. 

വാഹനാപകടങ്ങളടക്കം രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം മുമ്പ് ട്രാഫിക് സ്റ്റേഷനുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഇത്തരം ചുമതലകള്‍ ലോക്കല്‍ പോലീസിന് കൈമാറിയത്.  ട്രാഫിക് പോലീസ് സ്റ്റേഷനുകളെയും ട്രാഫിക് യൂണിറ്റുകളെയും ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകളാക്കി മാറ്റിയ ശേഷമായിരുന്നു ഈ നടപടി. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും നഗരങ്ങളിലെ ഗതാഗത നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുമാണ് ട്രാഫിക് പോലീസിനെ കേസന്വേഷണ ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.  

നിലവില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ 184, 185 ചട്ടങ്ങള്‍പ്രകാരം മാത്രം സ്വമേധയാ കേസെടുക്കാനായിരുന്നു ട്രാഫിക് പൊലീസിന്‍റെ അധികാരം. ഇതനുസരിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക എന്നീ കുറ്റകൃത്യങ്ങളില്‍ മാത്രം ഇടപെടാനാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഗതാഗത തടസമുണ്ടാക്കുന്നതടക്കമുള്ള കുറ്റങ്ങളില്‍ ഇവര്‍ക്ക് നേരിട്ട് കേസെടുക്കാനാവാത്തത് പരിമിതിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കാനാണ് ഇനിമുതല്‍  ഗതാഗത നിയമലംഘനങ്ങളില്‍ കേസെടുക്കാനും ഫലപ്രദമായ രീതിയില്‍ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ നടത്തുന്നതിനും ട്രാഫിക് പോലീസിന് വീണ്ടും അധികാരം നല്‍കിയത്.  

ഐ.പി.സി. 279, 283 വകുപ്പുകള്‍ അനുസരിച്ചുകൂടി കേസെടുക്കുന്നതിനുള്ള അധികാരമാണ് ട്രാഫിക് പൊലീസിന് വീണ്ടും ലഭിക്കുന്നത്. അശ്രദ്ധമായി വാഹനമോടിക്കുക, ഗതാഗത തടസ്സമുണ്ടാക്കുക എന്നിവയാണ് ഈ വകുപ്പുകളില്‍ പെടുന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട് പെറ്റി കേസുകള്‍ എടുക്കുന്നതിനും പിഴയീടാക്കുന്നതിനും പെറ്റി കേസുകളില്‍ കുറ്റപത്രം നല്‍കുന്നതിനും ട്രാഫിക് പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.