Asianet News MalayalamAsianet News Malayalam

പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുള്ളവര്‍ക്ക് മാത്രം ഇനി വണ്ടി രജിസ്ട്രേഷന്‍, പുതിയ നിയമവുമായി ഒരു സംസ്ഥാനം!

ഒരു വീട്ടിൽ തന്നെ ഒന്നിലധികം കാറുകളും ഇരുചക്രവാഹനങ്ങളും ഉണ്ടെന്നിരിക്കെ ഇവയെല്ലാം നിർത്തിയിടുന്നത് വീടിനു മുന്നിലുള്ള റോഡിലാണ്. റോഡിന്റെ 25 മുതൽ 50 ശതമാനം വരെ ഇങ്ങനെ നിർത്തിയിടുന്ന വാഹനങ്ങൾ കൈയ്യേറുന്ന അവസ്ഥയാണ് നിലവിലുള്ളത്

new parking and vehicle registration rule in karnataka
Author
Bengaluru, First Published Dec 11, 2019, 12:17 PM IST

ബംഗളൂരു: സംസ്ഥാനത്തെ വാഹന രജിസ്‍ട്രേഷന് പുതിയ വ്യവസ്ഥ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. പാർക്കിങ് സ്ഥലം ഉണ്ടെന്ന് ഉറപ്പ് വരുത്തിയാൽ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്‍ത് നല്‍കുകയുള്ളൂ എന്നതാണ് സംസ്ഥാന ഗതാഗത വകുപ്പിന്‍റെ പുതിയ പദ്ധതി. 

ഇതു സംബന്ധിച്ച കരടുരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. ഇതനുസരിച്ച്  നിലവിലുളള വാഹന ഉടമകൾക്ക് രണ്ടു വർഷംവരെ സമയപരിധി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ വാഹനം പാർക്ക് ചെയ്യുന്നതിന് സ്ഥലമുണ്ടെന്നു കാണിക്കുന്ന രേഖകൾ സമർപ്പിക്കാം. വീഴ്ച്ചവരുത്തുന്നപക്ഷം വാഹന ഉടമകൾ ഓരോ തവണ വാഹനം പാർക്ക് ചെയ്യുമ്പോഴും പിഴ അടക്കണ്ടതായി വരും.

സ്വകാര്യവ്യക്തികൾക്കു പുറമേ സ്വകാര്യ ടാക്സികൾ, ലോറികൾ, കമ്പനി വാഹനങ്ങൾ തുടങ്ങിയവയക്കെല്ലാം പുതിയ നിയമം ബാധകമാണ്. നിലവിൽ പാർക്കിങ് ഫീസ് ഇല്ലാത്ത റോഡുകളിലെ പാർക്കിങ് നിർത്തലാക്കാനും കരട് രേഖയിൽ ശുപാർശ ചെയ്യുന്നുണ്ട്. കെട്ടിട നിർമ്മാണ പ്ലാനുകളിൽ വാഹന പാർക്കിങ് മാനദണ്ഡങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും കരടുരേഖ മുന്നോട്ട് വെയ്ക്കുന്നു.

ദിവസവും ആയിരക്കണക്കിനു പുതിയ വാഹനങ്ങളാണ് നഗരത്തിലെ നിരത്തുകളിലിറങ്ങുന്നതെന്നാണ് കണക്ക്. ഇവ സൃഷ്ടിക്കുന്ന ഗതാഗതകുരുക്കിനു പുറമേ മതിയായ പാർക്കിങ് സൗകര്യങ്ങളില്ലാത്തതും യാത്രക്കാരെയും ട്രാഫിക് പൊലീസുകാരെയും കൂടാതെ സ്വകാര്യ വ്യക്തികളെയും വളരെക്കാലമായി വലയ്ക്കുകയാണ്.

ഒരു വീട്ടിൽ തന്നെ ഒന്നിലധികം കാറുകളും ഇരുചക്രവാഹനങ്ങളും ഉണ്ടെന്നിരിക്കെ ഇവയെല്ലാം നിർത്തിയിടുന്നത് വീടിനു മുന്നിലുള്ള റോഡിലാണ്. റോഡിന്റെ 25 മുതൽ 50 ശതമാനം വരെ ഇങ്ങനെ നിർത്തിയിടുന്ന വാഹനങ്ങൾ കൈയ്യേറുന്ന അവസ്ഥയാണ് നിലവിലുള്ളത്. മറ്റുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇത്  ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികൾ ഉയർന്നിരുന്നു. കൂടാതെ വാഹന ഉടമകൾ മറ്റു വീടുകളുടെ മുന്നിൽ സ്വന്തം വാഹനം നിർത്തിയിടുമ്പോഴും പരാതി ഉയരാറുണ്ട്. 

പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരുന്നതോടെ റോഡുകളിലെ വാഹന പെരുക്കം ഒഴിവാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കര്‍ണാടക സർക്കാർ.

Follow Us:
Download App:
  • android
  • ios