Asianet News MalayalamAsianet News Malayalam

പെര്‍മിറ്റ് വേണ്ട, ഇനി ഏതു റൂട്ടിലും സ്വകാര്യ ബസുകൾ ഓടിക്കാം!

ഇതോടെ ഏത് റൂട്ടിലും ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും

New Permit Norms For Private Buses
Author
Trivandrum, First Published Dec 2, 2020, 9:28 AM IST

തിരുവനന്തപുരം: നിലവിലെ പെര്‍മിറ്റ് വ്യവസ്ഥകള്‍ ഒഴിവാക്കി വന്‍കിട സ്വകാര്യബസ് ഉടമകള്‍ക്ക് നിരത്തുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുള്ള കരടുനിയമവും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസോടിക്കാൻ അനുമതിനൽകി ഉത്തരവിറക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഓൺലൈൻ ടാക്‌സി സർവീസിന് മാർഗനിർദേശങ്ങൾ ഇറക്കിയതിനൊപ്പമാണ് പുതിയ നീക്കവും നടക്കുന്നത്. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സർക്കാരിനും ഉത്തരവിറക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചെതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്രമോട്ടോർവാഹന നിയമഭേദഗതി പ്രകാരം ഓൺലൈൻ ടാക്‌സികളെ നിയന്ത്രിക്കാൻ നിയമനിർമാണത്തിന് നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രത്തിന്‍റെ പുതിയ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തര്‍സംസ്ഥാന പാതകളിലെ സ്വകാര്യബസുകൾ നിയമവിധേയമാക്കുന്നതാണ് ഓൺലൈൻ അഗ്രഗേറ്റർ പോളിസി. ഓൺലൈനിൽ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ അഗ്രഗേറ്റർ ലൈസൻസുള്ളവർക്ക് ഓൺലൈൻ ടിക്കറ്റ് നൽകി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം കിട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ നിയമം നിലവില്‍ വന്നാല്‍ നിലവിലെ അന്തര്‍സംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന ഓൺലൈൻ ബുക്കിങ്‌ സംവിധാനങ്ങളും മൊബൈൽ ആപ്പും നിയമവിധേയമാകും.  ഡ്രൈവർമാർക്കും ജീവനക്കാർക്കും യോഗ്യതയും നിഷ്‌കർഷിച്ചു. ഇവർക്ക് പരിശീലന ക്ലാസുകളും ആരോഗ്യ പരിശോധനയും ഇൻഷുറൻസും നിർബന്ധമാണ്. ജീവനക്കാരുടെ സേവനങ്ങൾ വിലയിരുത്താന്‍ യാത്രികര്‍ക്കും അവസരം നല്‍കുന്നതാണ് പുതിയ നിയമം എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ അഗ്രഗേറ്റർ ലൈസൻസ് എടുത്താൽ ഏത് റൂട്ടിലും ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും.

അഞ്ചുവർഷത്തേക്ക്‌ അഞ്ചുലക്ഷം രൂപയാണ് ലൈസൻസ് ഫീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികൾ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണം. സഹകരണനിയമപ്രകാരം രജിസ്ട്രർചെയ്ത സ്ഥാപനങ്ങൾക്കും ലൈസൻസിന് അപേക്ഷിക്കാം. സംസ്ഥാന സർക്കാരുകളോ അവർ ചുമതലപ്പെടുത്തുന്ന ഏജൻസികളോ ആണ് ലൈസൻസ് നൽകേണ്ടത്. സംസ്ഥാന സർക്കാർ അനുവദിച്ചാൽ യാത്രക്കാരെ കൊണ്ടുപോകാൻ സ്വകാര്യവാഹനങ്ങളും ഉപയോഗിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍ പുതിയ നിയമം കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെയും ഇടത്തരം സ്വകാര്യ ബസ് സര്‍വ്വീസുകളുടെയുമൊക്കെ അന്ത്യത്തിനു തന്നെ കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സംസ്ഥാനത്തെ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തണമെങ്കില്‍ സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണമെന്ന നിബന്ധനയാണ് സ്വകാര്യ ലക്ഷ്വറി ബസുകൾക്ക് നിലവിലെ തടസ്സം. റൂട്ട് നിശ്ചയിച്ച് നിരക്ക് പ്രഖ്യാപിച്ച് ഓരോ പോയന്റിൽനിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടു പോകാനുള്ളതാണ് സ്റ്റേജ് കാര്യേജ് പെർമിറ്റ്.  ഒരു ബസിന് ടിക്കറ്റുനൽകി യാത്രക്കാരെ കൊണ്ടുപോകണമെങ്കിൽ നിലവിലെ നിയമം അനുസരിച്ച് സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണം. 

എന്നാല്‍ കരാര്‍ അടിസ്ഥാനത്തിൽ ഒരു സ്ഥലത്തുനിന്നു യാത്രക്കാരെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാനുള്ള കോൺട്രാക്ട് കാര്യേജ് പെർമിറ്റാണ് നിലവില്‍ ഇവർക്കു നൽകുന്നത്.  ഈ പെര്‍മിറ്റ് അനുസരിച്ച് റൂട്ട്, സമയം, പെർമിറ്റ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം സംസ്ഥാനസർക്കാരാണ് നിശ്ചയിക്കുന്നത്. എന്നാൽ പുതിയ ഭേദഗതി നടപ്പിലായാല്‍ കോൺട്രാക്റ്റ് ക്യാരേജ് ബസുകൾക്ക് അവർ നിശ്ചയിക്കുന്ന റോഡുകളിലൂടെ ഏത് സമയത്തും ഓടാനാകും. 

മികച്ച യാത്രാസൗകര്യം ലഭിക്കുമെന്നത് യാത്രക്കാർക്ക് നേട്ടമാകുമെങ്കിലും നിരക്കിന്‍റെ പേരില്‍ കടുത്ത കൊള്ള നടന്നേക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്. കാരണം  അന്തര്‍സംസ്ഥാന പാതകളിലെ സ്വകാര്യ ആഡംബര ബസുകൾക്ക് അംഗീകൃതടിക്കറ്റ് നിരക്കില്ല. തിരക്കിനനുസരിച്ച് കൂട്ടിയും കുറച്ചുമാണ് അവർ ടിക്കറ്റ് തുക വാങ്ങുന്നത്. പെർമിറ്റില്ലാതെ ഓടുന്നതിന്റെ പേരിൽ കേസെടുത്താണ് നിലവിൽ ഇവരെ സർക്കാർ നിയന്ത്രിക്കുന്നത് . എന്നാല്‍ പെർമിറ്റ് ആവശ്യമില്ലെന്നുവന്നാൽ ഈ ബസുകളുടെ മേല്‍ സംസ്ഥാന സർക്കാരിനുള്ള നിയന്ത്രണം നഷ്ടമാകുമെന്ന് ചുരുക്കം. 

Follow Us:
Download App:
  • android
  • ios