അപൂർവ എർത്ത് മാഗ്നറ്റുകളുടെ ക്ഷാമം നേരിടാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ നടപടികൾ സ്വീകരിക്കുന്നു. 

പൂർവ-ഭൗമ കാന്തങ്ങൾക്ക് ചൈന ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങൾ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് ആഗോളതലത്തിൽ ഓട്ടോ, ഇലക്ട്രോണിക്സ് വ്യവസായങ്ങളെ ബാധിച്ചു. ഓട്ടോമൊബൈൽ, വീട്ടുപകരണങ്ങൾ ഉൾപ്പെടെ നിരവധി മേഖലകളിൽ ഈ കാന്തങ്ങൾ നിർണായക ഘടകങ്ങളാണ്. ഇപ്പോൾ ഈ അപൂർവ കാന്തങ്ങളുടെ വിതരണ പരിമിതികൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ നടപടികൾ സ്വീകരിക്കുന്നു. അടുത്ത ഒമ്പത് മാസത്തേക്ക് ഇതര സോഴ്‌സിംഗ് ചാനലുകളിലൂടെ അപൂർവ എർത്ത് മാഗ്നറ്റ് വിതരണം കൈകാര്യം ചെയ്യാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്.

നിലവിൽ ഇവയുടെ ക്ഷാമം കടുത്ത വെല്ലുവിളികൾ സൃഷ്‍ടിക്കുന്നുണ്ട്. എന്നാൽ ഈ വെല്ലുവിളികൾക്കിടയിലും പലവിധ ശ്രമങ്ങളിലൂടെ കമ്പനി നിലവിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്തു. എന്നാൽ ഇനി ഇടത്തരം, ദീർഘകാല തന്ത്രങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് മഹീന്ദ്ര ചീഫ് ഫിനാൻഷ്യൽ ഓഫീസർ അമർജ്യോതി ബറുവ പി‌ടി‌ഐയോട് പറഞ്ഞു. ബദൽ സ്രോതസുകളിൽ നിന്നുള്ള ഇൻവെന്ററി വർദ്ധിപ്പിക്കാൻ കമ്പനി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബറുവ പറഞ്ഞു. വളർച്ചാ പദ്ധതികൾ കണക്കിലെടുത്ത്, മുന്നോട്ട് പോകുന്നതിന് സമഗ്രമായ ഒരു തന്ത്രം പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ടീം കൂടുതൽ എഞ്ചിനീയറിംഗ് ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

വളർന്നുവരുന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോയ്‌ക്കിടയിൽ നിർണായക അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള എഞ്ചിനീയറിംഗ് ശ്രമങ്ങൾ കമ്പനി തുടരും. ഇലക്ട്രിക് വാഹനങ്ങളിലും ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ-പ്രൊപ്പൽഡ് വാഹനങ്ങളിലും ഉപയോഗിക്കുന്ന, ഓട്ടോമോട്ടീവ് ഉൽപ്പാദനത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുക്കളിൽ ഒന്നായ അപൂർവ എർത്ത് മാഗ്നറ്റ് വിതരണത്തിൽ ഓട്ടോ വ്യവസായം പ്രതിസന്ധി നേരിടുന്നതിനെ തുടർന്നാണ് മഹീന്ദ്രയുടെ ഈ നീക്കം.

അപൂർവ എർത്ത് കാന്തങ്ങൾക്ക് ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വിതരണ ശൃംഖലയിലെ തടസങ്ങൾക്ക് കാരണമായി, ഇത് ഓട്ടോമൊബൈൽ വ്യവസായം ഉൾപ്പെടെ ഒന്നിലധികം മേഖലകളെ ബാധിച്ചു. ഓട്ടോമൊബൈൽ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിലെ അവശ്യ ഘടകങ്ങളാണ് അപൂർവ എർത്ത് കാന്തങ്ങൾ.

അതേസമയം മഹീന്ദ്ര സിഎഫ്ഒയുടെ അഭിപ്രായവും മാരുതി സുസുക്കിയുടെ അഭിപ്രായത്തിന് സമാനമാണ് എന്നതാണ് ശ്രദ്ധേയം. അപൂർവ-ഭൂമി കാന്തങ്ങളുടെ ക്ഷാമം കുറയ്ക്കുന്നതിന് തങ്ങളുടെ എഞ്ചിനീയർമാർ പ്രവർത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച മാരുതി സുസുക്കി പറഞ്ഞു. തങ്ങളുടെ എഞ്ചിനീയർമാർ അപൂർവ എർത്ത് മാഗ്നറ്റുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഇതുവരെ ഉൽ‌പാദനത്തിൽ ഒരു പ്രശ്‍നവും ഉണ്ടായിട്ടില്ലെന്നും മാരുതി സുസുക്കി വ്യക്തമാക്കിയിരുന്നു. മറ്റുള്ളവയ്‌ക്കൊപ്പം, അപൂർവ എർത്ത് മാഗ്നറ്റുകളുടെ ക്ഷാമം ഉൽ‌പാദന പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും വ്യക്തമാക്കി.