ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗൺ 2020 മാർച്ചിൽ  പോളോ 1.0 ലിറ്റർ ടിഎസ്‌ഐ, 1.0 ലിറ്റർ എംപിഐ എന്നിവ വിപണിയിൽ അവതരിപ്പിച്ചിരുന്നു . ഇപ്പോൾ ഈ പോളോ 1.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. യഥാക്രമം 5.82 ലക്ഷം രൂപയും 8.02 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ  108 ബിഎച്ച്പി കരുത്തും 175 എൻഎം ടോർക്കുമാണ് ഈ മോഡലിന് നൽകുക. ആറ് സ്പീഡ് മാനുവൽ യൂണിറ്റും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 1.0 ടി‌എസ്‌ഐ എഞ്ചിൻ ഹൈലൈൻ പ്ലസ്, ജിടി ട്രിമ്മുകളിൽ മാത്രം ലഭ്യമാവൂ. 

1.0 ലിറ്റർ എംപിഐ പെട്രോൾ എഞ്ചിന്  75 ബിഎച്ച്പി കരുത്തും 95 എൻഎം ടോർക്കുമാണ് ഫോക്‌സ്‌വാഗൺ  വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭിക്കൂ . ട്രെൻഡ്ലൈൻ, കംഫർട്ട്‌ലൈൻ പ്ലസ് എന്നിവയുൾപ്പെടെ രണ്ട് ട്രിമ്മുകളിലാണ് പോളോ 1.0-എംപിഐ എത്തുന്നത്. 

കാബിന്‍ താപനില കുറയ്ക്കുന്നതിന് പുതിയ പോളോയില്‍ ചൂട് പ്രതിരോധിക്കുന്ന ഗ്ലാസ് നല്‍കിയിരിക്കുന്നു. ഈ പരിഷ്‌കരണം ഇന്ധന ഉപഭോഗം കുറയ്ക്കുമെന്ന് മാത്രമല്ല, ഡ്രൈവിംഗ് സമയത്ത് യാത്രാസുഖം വര്‍ധിപ്പിക്കുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.