കോംപാക്ട് എസ്‍യുവി ഡസറ്ററിന് പുത്തന്‍ ടര്‍ബോ എഞ്ചിനുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ എത്തുകയാണ്. കരുത്ത് കൂടിയ 1.3-ലിറ്റർ ടർബോ പെട്രോൾ എൻജിനുമായി ഈ മാസം തന്നെ വാഹനം ഇന്ത്യൻ വിപണിയിലെത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വാഹനത്തിന്റെ എഞ്ചിന്‍ സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരമാണ് 1.3 ലിറ്റര്‍ ടര്‍ബോ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ജോടിയാക്കും. ഓപ്ഷ്ണലായി സിവിടി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സും ലഭ്യമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കരുത്തും ടോര്‍ഖും, ഇന്ധനക്ഷമതയും അവതരണ വേളയില്‍ മാത്രമാകും വെളിപ്പെടുത്തുക. ഉത്സവ സീസണ്‍  അടുത്തതോടെയാണ് വാഹനത്തിന്റെ അവതരണം കമ്പനി വേഗത്തിലാക്കിയത്.

നിലവില്‍ വിപണിയില്‍ ഉള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 142 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. പുതിയ ടര്‍ബോ എഞ്ചിനൊപ്പം തന്നെ വാഹനത്തിന്റെ പുറമേയും ചില മാറ്റങ്ങളുണ്ടാകും.  മുന്‍ ഗ്രില്ലിലും ഫോഗ്‌ലാമ്പ് ഹൗസിങ്ങിലും പിറകിലെ ഡസ്റ്റര്‍ ബാഡ്ജിലും ചുവപ്പു ഹൈലൈറ്റുകള്‍ കാണാം. 17 ഇഞ്ച് വലുപ്പമുള്ള അലോയി വീലുകളും കമ്പനി പരിഷ്‌കരിച്ചു. അകത്തളത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല. 

എന്നാല്‍ ഇന്ധനം ലാഭിക്കാനായി എഞ്ചിൻ സ്റ്റോപ്പ്-സ്റ്റാർട്ട്, റിമോട്ട് വഴിയുള്ള ക്യാബിൻ പ്രീ-കൂളിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയ ഫീച്ചറുകള്‍ ഡസ്റ്റർ ടർബോയിൽ ഇടംപിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2020 മാര്‍ച്ചിലാണ് ബിഎസ് 6 പാലിക്കുന്ന ഡസ്റ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എസ്, ആര്‍എക്‌സ്ഇസഡ് എന്നീ മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമാണ് 2020 റെനോ ഡസ്റ്റര്‍ ലഭിക്കുന്നത്. 

ഏപ്രില്‍ മാസത്തോടെ പുതിയ ടര്‍ബോ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു റെനോയുടെ തീരുമാനം. എന്നാല്‍ കൊവിഡ്-19 നെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൌണിൽ അവതരണം വൈകുകയായിരുന്നു.