ക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയൻ. ഇപ്പോഴിതാ ഹിമാലയൻ പുതിയ പരിഷ്‍കാരങ്ങളുമായി വിപണിയിൽ എത്തിയിരിക്കുകയാണ്. 2021 ഹിമാലയന് 2.01 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത് എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് 2021 ഹിമാലയന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 6,500 rpm-ൽ പരമാവധി 24.3 bhp കരുത്തും 4,000- 4,500 rpm-ൽ 32 Nm ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. ലേക് ബ്ലൂ, ഗ്രേവൽ ഗ്രേ, റോക്ക് റെഡ്, ഗ്രാനൈറ്റ് ബ്ലാക്ക്, മിറേജ് സിൽവർ, പൈൻ ഗ്രീൻ എന്നീ ആറ് കളർ ഓപ്ഷനുകളാണ് 2021 ഹിമാലയൻ ലഭിക്കുക.

ഒരു കറുത്ത കേസിംഗ് മുൻവശത്ത് ഹെഡ്‌ ലാമ്പിന് നൽകിയിട്ടുണ്ട്. ഇപ്പോൾ പുതുക്കിയ വിൻഡ്‌ഷീൽഡ് ഉയരമുള്ളതും കൂടുതൽ പ്രായോഗികവുമാണ്. കൂടാതെ, ഫ്യുവൽ ടാങ്കിന് അടുത്തായി സ്ഥിതിചെയ്യുന്ന ഫ്രണ്ട് ഫ്രെയിം ചെറുതായി മുന്നോട്ട് നീക്കിയിട്ടുണ്ട്. ഉയരമുള്ള റൈഡർമാരുടെ കാൽമുട്ടുകൾ ഫ്രണ്ട് ഫ്രെയിമിൽ സ്പർശിക്കുന്ന പ്രശ്നം പരിഹരിക്കാനാണ് ഇത്. ടിയർ‌ഡ്രോപ്പ് ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും റിയർ വ്യൂ മിററുകളും, സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്ലിം ടെയിൽ സെക്ഷൻ എന്നീ ഫീച്ചറുകൾ മുമ്പത്തെ മോഡലിന് സമാനമായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ കണക്കുകളനുസരിച്ച് ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹിമാലയൻ. അതുകൊണ്ടു തന്നെയാവണം ഈ ബൈക്കിന്റെ വിൽപ്പനയിൽ വമ്പന്‍ മുന്നേറ്റം തന്നെയാണ് കമ്പനിക്ക്.  ഹിമാലയന്‍റെ ബിഎസ്6 പതിപ്പ് 2020 ജനുവരിയില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു. ബിഎസ്6 പതിപ്പിനൊപ്പവും ബൈക്കിന് നിരവധി പുതിയ സവിശേഷതകള്‍ നല്‍കിയാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചതും.