Asianet News Malayalam

ഇനി ആര്‍ടിഒയില്‍ എട്ടും എച്ചും കാണിക്കാതെയും ലൈസന്‍സ് കിട്ടും!

റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് അഥവാ ആർടിഒ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അവസരമൊരുങ്ങുന്നു

New rule for get driving license without any test at RTO
Author
Delhi, First Published Jun 12, 2021, 9:46 AM IST
  • Facebook
  • Twitter
  • Whatsapp

രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന സംവിധാനത്തിന് കൂടുതല്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന പുതിയ ചില നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ എത്തുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് 2021 ഫെബ്രുവരിയില്‍ പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം കരട് വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്. 

റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് അഥവാ ആർടിഒ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ലൈസൻസ് ലഭിക്കാൻ അവസരമൊരുങ്ങുന്നതായി ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി പുതിയ അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ തുടങ്ങാനാണ് നീക്കം. ഈ സെന്‍ററുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ആർടിഒയുടെ ഡ്രൈവിങ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്നും ഇത്തരം സെന്ററുകൾക്ക് ബാധകമാകുന്ന ചട്ടങ്ങൾ ജൂലായ് ഒന്നിന് നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം അറിയിച്ചതായും ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൗരന്മാർക്ക് മികച്ച ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ഉയർന്ന നിലവാരത്തിൽ പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഇത്തരം സെന്ററുകളിൽ ഉണ്ടായിരിക്കണമെന്ന് ചട്ടത്തിൽ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളിൽനിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്ക് അവിടെനിന്നുതന്നെ ലൈസൻസ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓരോ മേഖലയ്ക്കും ആവശ്യമായ പ്രത്യേക പരിശീലനം നൽകാനും ഇത്തരം സെന്ററുകൾക്ക് അനുമതിയുണ്ട്. 2019-ലെ മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ എട്ടാം വകുപ്പാണ് അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകൾ സംബന്ധിച്ച ചട്ടമിറക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നത്. എന്നാൽ, ഇത്തരം സെന്ററുകൾ പൂർണമായും സർക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

അതേസമയം ഈ ട്രെയിനിങ് സെന്ററുകൾ എങ്ങനെയായിരിക്കണമെന്നും എന്തെല്ലാമാണ് പഠിപ്പിക്കേണ്ടതെന്നും സംബന്ധിച്ച വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ കരട് വിജ്ഞാപനമായിരുന്നു ഫെബ്രുവരിയില്‍ പുറത്തിറക്കിയത്. 1989-ലെ കേന്ദ്ര മോട്ടോർ വാഹനച്ചട്ടം ഭേദഗതി ചെയ്യുന്നതായിരുന്നു ഈ കരട് വിജ്ഞാപനം. ഇതനുസരിച്ച് ലൈസൻസ് ലഭിക്കാൻ നിലവിലുള്ള ലേണേഴ്‍സ് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫീസ് ഫോട്ടോ എന്നീ രേഖകൾക്ക് പുറമേ ആർടി ഓഫീസിൽ അംഗീകൃത ഡ്രൈവർ പരിശീലന കേന്ദ്രങ്ങളിൽ നിന്ന് കോഴ്‍സ് പൂർത്തിയാക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. ലേണേഴ്‌സ് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫോട്ടോ, ഫീസ് തുടങ്ങിയവ നിലനിർത്തും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  

നേരത്തെ ഇറക്കിയ കരട് വിജ്ഞാപനം അനുസരിച്ച് സ്വകാര്യ മേഖലയിലായിരുന്നു ഈ പരിശീലന കേന്ദ്രങ്ങള്‍ വരിക. 12-ാം ക്ലാസ് ജയിച്ച, അഞ്ചുവർഷം ഡ്രൈവിങ് പരിചയമുള്ളവർക്കാണ് ഡ്രൈവിംഗ് ട്രെയിനിങ് സെന്റർ തുടങ്ങാൻ അനുമതി നല്‍കുക. മോട്ടോർ മെക്കാനിക്സിൽ കഴിവ് തെളിയിച്ച അംഗീകൃത സർട്ടിഫിക്കറ്റുള്ള വ്യക്തികൾ കൂടിയായിരിക്കണം അപേക്ഷകര്‍. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മുൻഗണനയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പരിശീലന കേന്ദ്രങ്ങള്‍ക്കായി സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിർബന്ധമാണെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. രണ്ട് ക്ലാസ് മുറിയും ഒപ്പം  കംപ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റൻഡൻസ് തുടങ്ങിയ സൌകര്യങ്ങളും വേണം. കയറ്റവും ഇറക്കവും അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിംഗ് ട്രാക്കും വർക് ഷോപ്പും നിർബന്ധമാണ്. ഈ മാനദണ്ഡങ്ങൾ മറികടന്നാൽ മാത്രമേ പരിശീലന കേന്ദ്രത്തിന് അംഗീകാരം ലഭിക്കൂ. അഞ്ച് വര്‍ഷത്തേക്കാണ് ഈ സെന്‍ററുകള്‍ക്ക് അനുമതി നല്‍കുക. പിന്നീട് പുതുക്കാനും അവസരമുണ്ട്.

ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 29 മണിക്കൂറും ഹെവി വാഹനങ്ങൾക്ക് 38 മണിക്കൂറുമാണ് ക്ലാസ്. തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഡ്രൈവിങ് തിയറി, ഗതാഗത വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്ര അറിവ്, പബ്ലിക് റിലേഷൻ, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത തുടങ്ങിയവയാണ് തിയറി ക്ലാസിൽ പൊതുവായുള്ളത്. ഹെവി വാഹനങ്ങളുടെ കാര്യത്തിൽ തിയറിയിൽ എയ്ഡ്‌സ്, ലഹരി, മദ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, വാഹന റിപ്പയർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നഗര, ഗ്രാമ റോഡുകളിൽ പ്രാക്ടിക്കൽ പരിശീലനത്തിന് കൂടുതൽ സമയം നല്‍കണണമെന്നും വിജ്ഞാപനത്തിൽ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ചരക്കുനീക്ക വ്യവസായ മേഖലയിൽ മികച്ച പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ സേവനം ഉറപ്പാക്കാനും, അതുവഴി  റോഡപകടങ്ങൾ കുറക്കുവാനും ഡ്രൈവർമാരുടെ കാര്യശേഷി വർദ്ധിപ്പിക്കുവാനും  ഈ നീക്കം സഹായകരമാകുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios