പുതിയ സർവീസ് പാക്കേജുകൾ പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യ. പുതിയ അഡ്വാൻസ്‍ഡ് പിക്ക് ആൻഡ് ഡ്രോപ് പ്രോഗ്രാമിലൂടെ കിയ മോട്ടോഴ്‍സ് വിൽപ്പനാന്തര സേവന നടപടികൾ പൂർണമായും സമ്പർക്കരഹിതമാക്കിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സർവീസ് പൂർത്തിയാക്കി വാഹനം തിരിച്ചെത്തിക്കുന്നതിനൊപ്പം ഉടമസ്ഥർക്ക് സ്വന്തം ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന പരിപാലന പാക്കേജും കിയ അവതരിപ്പിച്ചിട്ടുണ്ട്. മൈ കൺവീനിയൻസ് പദ്ധതി പ്രകാരമാണു സ്വന്തം താൽപര്യം അനുസരിച്ചുള്ള സർവീസ് പാക്കേജ് തിരഞ്ഞെടുക്കാൻ വാഹന ഉടമസ്ഥർക്കു അവസരം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പിക് അപ് ആൻഡ് ഡ്രോപ് സേവനം മൊബൈൽ ആപ്ലിക്കേഷൻ വഴി ആവശ്യപ്പെടാം. ശേഷം എസ് എം എസ് തുടർച്ചയായ അറിയിപ്പുകളും മാപ് അധിഷ്ഠിത വാഹന ട്രാക്കിങ് സൗകര്യവും കിയ മോട്ടോഴ്സ് നൽകും.

പിക്ക് അപ് ആൻഡ് ഡ്രോപ് സേവനത്തിനെത്തുന്ന ഡ്രൈവർമാർ സുരക്ഷിതമായ സീറ്റ് കവറും കിറ്റും ഉപയോഗിക്കണം. കൂടാതെ, വാഹനം ഏറ്റെടുക്കാൻ എത്തുന്ന ഡ്രൈവറുടെ തിരിച്ചറിയൽ രേഖയും വിസിറ്റിങ് കാർഡുമൊക്കെ മുൻകൂറായി ഡിജിറ്റൽ രീതിയിൽ ഉടമസ്ഥനു അയച്ചുകൊടുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. 

വാഹനം വാങ്ങുമ്പോൾ തന്നെ ദീർഘകാല സർവീസ് പാക്കേജും തിരഞ്ഞെടുക്കാം. രണ്ടു വർഷം അഥവ 20,000 കിലോമീറ്റർ, മൂന്നു വർഷം അഥവാ 30,000 കിലോമീറ്റർ, നാലു വർഷം അഥവാ 40,000 കിലോമീറ്റർ, അഞ്ചു വർഷം അഥവാ അര ലക്ഷം കിലോമീറ്റർ എന്നിങ്ങനെ വ്യത്യസ്ത കാലാവധിയുള്ള സർവീസ് പാക്കേജുകൾ ഒരുക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.