Asianet News MalayalamAsianet News Malayalam

ക്യാമറയില്‍ കുടുങ്ങി ടാറ്റയുടെ പുത്തന്‍ വിങ്ങര്‍

ഇപ്പോഴിതാ ക്യാമറക്കണ്ണുകളില്‍ കുടുങ്ങിയിരിക്കുകയാണ് പരീക്ഷണയോട്ടം നടത്തുന്ന ഈ വാഹനത്തിന്‍റെ ദൃശ്യങ്ങള്‍. 

New Tata Winger With Updated Styling Spied
Author
Mumbai, First Published Jun 16, 2020, 11:30 AM IST

ഡ്രൈവര്‍ ഉള്‍പ്പടെ 16 പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ടാറ്റയുടെ ജനപ്രിയ വാഹനമാണ് വിങ്ങര്‍. ഈ വാനിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ 2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ക്യാമറക്കണ്ണുകളില്‍ കുടുങ്ങിയിരിക്കുകയാണ് പരീക്ഷണയോട്ടം നടത്തുന്ന ഈ വാഹനത്തിന്‍റെ ദൃശ്യങ്ങള്‍.

ബിഎസ് 6 എഞ്ചിനൊപ്പം നിരവധി മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തുക എന്ന് ഇപ്പോള്‍ പുറത്തു വന്ന ചിത്രങ്ങള്‍ ഉറപ്പാക്കുന്നു. ടാറ്റയുടെ ഹാരിയര്‍, ആള്‍ട്രോസ് മോഡലുകളില്‍ കണ്ടിരിക്കുന്ന ഏറ്റവും പുതിയ ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയാണ് വിങ്ങറിന്റെ മുന്‍വശത്തെ പുതുമ. മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് വാഹനത്തിന്റെ പരീക്ഷണയോട്ടം.

പുതുക്കിയ ബമ്പര്‍, ഗ്രില്‍, പുതിയ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയെല്ലാം മുന്നിലെ സവിശേഷതകളാണ്. ക്രോം ആവരണത്തോടുകൂടിയ സ്ട്രിപ്പും അതിന് മധ്യത്തിലായി ടാറ്റയുടെ ലോഗോയും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ബോണറ്റിലാണ് മറ്റൊരു പ്രധാന മാറ്റം. മുന്നില്‍ നിന്നുള്ള ആദ്യകാഴ്ചയില്‍ പാസഞ്ചര്‍ വാഹനത്തിന് ഒരു എസ്‌യുവി വാഹനത്തിന്റെ ലുക്കാണ് ലഭിക്കുന്നത്. ഇത് വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പിന്നിലും മാറ്റങ്ങളുണ്ട്. എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, അഞ്ച് സ്പോക്ക് അലോയി വീലുകള്‍, പില്ലറില്‍ നല്‍കിയിരിക്കുന്ന പിയാനോ ബ്ലാക്ക് ഫിനിഷ്, പിന്നിലെ പുതുക്കിയ ഡോറുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. പുറംമോടി മിനുക്കിയതിന് ഒപ്പം തന്നെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ടാറ്റ നിരയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ ഡിസൈന്‍ രീതിയിലാണ് വിങ്ങറിന്റെ കോക്ക്പിറ്റും ഒരുങ്ങുന്നത്.

പുതുക്കി ഡിസൈന്‍ ചെയ്ത ഡാഷ്ബോര്‍ഡ്, സ്റ്റിയറിങ്ങ് വീല്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വിങ്ങറിലെ സവിശേഷതകളാണ്. ഫാബ്രിക്ക് സീറ്റുകള്‍, എസി കണ്‍ട്രോള്‍ നോബുകള്‍ എന്നിവയും പുതിയ വിങ്ങറിന്റെ പ്രത്യേകതകളാണ്.

ലഗേജ് റാക്ക്, ഓരോ സീറ്റ് നിരയിലും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍, വ്യക്തിഗത എസി വെന്റുകള്‍, പുഷ്ബാക്ക് സീറ്റ് എന്നിവയാണ് യാത്രക്കാര്‍ക്കായി കമ്പനി നല്‍കിയിരിക്കുന്ന ഫീച്ചറുകള്‍. പഴയ മോഡലിന്റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുതിയ പതിപ്പും വിപണിയില്‍ എത്തുക. അതുകൊണ്ട് തന്നെ അളവുകളില്‍ വ്യത്യാസമുണ്ടാകില്ലെന്നാണ് സൂചന. ബിഎസ് 6 എഞ്ചിന്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 2.0 ലിറ്റര്‍ ബിഎസ്6 ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 89 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കും.

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ഏകദേശം 10 കിലോമീറ്റര്‍ വരെ വാഹനത്തിന് മൈലേജ് ലഭിച്ചേക്കും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. 2007 -ലാണ് വിങ്ങറിനെ ആദ്യമായി ടാറ്റ വിപണിയില്‍ എത്തുന്നത്.   

Follow Us:
Download App:
  • android
  • ios