ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ കാമ്രി ഹൈബ്രിഡ് പതിപ്പെത്തി. യൂറോപ്യന്‍ വിപണിയിലാണ് കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുക്കിയ ഇന്റീരിയര്‍, നവീകരിച്ച എക്സ്റ്റീരിയര്‍, പുതിയ സുരക്ഷ സവിശേഷതകള്‍ എന്നിവയാണ് പുതിയ പതിപ്പിന്റെ സവിശേഷതകൾ.   മോഡലിന്റെ വില കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ പതിപ്പിന് 39.02 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ വളരെ ചെറുതാണ്. പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും ഒരു പുതിയ ഫ്രണ്ട് ബമ്പറും വാഹനത്തിന് ലഭിക്കും. താഴത്തെ ഗ്രില്‍ ബ്ലാക്ക് അല്ലെങ്കില്‍ ഡാര്‍ക്ക് ബ്രൗണ്‍ ഫിനിഷിലാണ് വരുന്നത്. അതേസമയം ഗ്രില്‍ സൈഡ് അലങ്കാരം ക്രോം അല്ലെങ്കില്‍ സില്‍വര്‍ എന്നിവയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. 17 ഇഞ്ച്, 18 ഇഞ്ച് എന്നിങ്ങനെ രണ്ട് വലുപ്പത്തില്‍ ലഭ്യമായ പുതിയ സെറ്റ് അലോയ് വീലുകള്‍ അവതരിപ്പിച്ചതൊഴിച്ചാല്‍ സൈഡും പിന്‍ഭാഗവും മാറ്റമില്ലാതെ തുടരുന്നു. അകത്തളത്തിൽ പുനര്‍രൂപകല്‍പ്പന ചെയ്ത സെന്‍ട്രല്‍ കണ്‍സോള്‍ ലഭിക്കും. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയുടെയും പിന്തുണയുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും വാഹനത്തിന് ലഭിക്കും.

ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന്‍ 218 bhp -യുടെ സംയോജിത ഔട്ട്പുട്ട് സൃഷ്ടിക്കും. CVT ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.  എബിഎസ് വിത്ത് ഇബിഡി, ഒമ്പത് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് വാഹനത്തിലെ സുരക്ഷ ഫീച്ചറുകള്‍. പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ്, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎമ്മും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും, ജെബിഎല്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രധാന സവിശേഷതകള്‍. 

 ഈ പതിപ്പിനെ അടുത്ത വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയിലെത്തിക്കാനും ബ്രാന്‍ഡിന് പദ്ധതികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.