ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് തുടങ്ങിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുത്ത ടൊയോട്ട ഡീലര്‍മാര്‍ 2021 ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ വര്‍ഷം ആദ്യമാണ് ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിനെ ടൊയോട്ട തായ്‌ലന്‍ഡില്‍ അവതരിപ്പിച്ചത്. പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍ ആണ് ഇതില്‍ ലഭിക്കുന്നത്. പുതുതായി രൂപകല്‍പ്പന ചെയ്ത വലിയ മെഷ് പാറ്റേണ്‍ ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതിയ ബമ്പര്‍, പരിഷ്‌ക്കരിച്ച ഫോഗ് ലാമ്പ് എന്‍ക്ലോസര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം എസ്‌യുവിയില്‍ ഒരുങ്ങുന്നു.

പുതിയ ടൊയോട്ട ഫോര്‍ച്യൂണറില്‍ നിലവിലുള്ള 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ കൂടുതല്‍ ശക്തമായ പതിപ്പ് ലഭിച്ചേക്കാം. പുതുക്കിയ യൂണിറ്റ് പരമാവധി 201ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്നതായിരിക്കും. അതായത് മുന്‍മോഡലിനേക്കാള്‍ 26 ബിഎച്ച്‍പി കൂടുതല്‍ കരുത്തുറ്റതാകും 2021 പതിപ്പ്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ പുതിയ മോഡലിന് ലഭിച്ചേക്കും.

പുതിയ ഫോര്‍ച്യൂണറിന്‍റെ ഔദ്യോഗിക അരങ്ങേറ്റ തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷം ആദ്യം ഷോറൂമുകളില്‍ വാഹനം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 28.66 ലക്ഷം രൂപ മുതല്‍ 36.88 ലക്ഷം രൂപ വരെയാണ് ഫോര്‍ച്യൂണറിന്റെ എക്‌സ്‌ഷോറൂം വില.