കൊച്ചി: ടൊയോട്ടയുടെ ഇന്ത്യൻ വിപണിയിലെ ഏറ്റവും സ്റ്റൈലിഷ് എസ് യുവിയായ ന്യൂ ഫോർച്യൂണർ ടിആർഡി സെലിബ്രിറ്റി എഡിഷൻ വിപണിയിലെത്തി. ഫോർച്യൂണറിന്‍റെ ഇന്ത്യയിലെ ഒരു ദശാബ്ദക്കാലത്തെ മഹത്തായ യാത്ര പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ടൊയോട്ട ന്യൂ  ഫോർച്യൂണർ ടിആർഡി സെലിബ്രിറ്റി എഡിഷൻ വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

2019ലാണ് ഫോർച്യൂണർ ആദ്യമായി വിപണിയിലെത്തുന്നത്. അന്ന് മുതൽ മാർക്കറ്റ് ലീഡറായ ഫോർച്യൂണർ 1, 60,000യൂണിറ്റ് വാഹനങ്ങളാണ് ഇതുവരെ വിറ്റഴിഞ്ഞത്. ഇതിലൂടെ സെഗ്‌മെന്റിലെ 60ശതമാനം വിപണി വിഹിതവും ഫോർച്യൂണർ നേടി. ഈ വിഭാഗത്തിലെ മികച്ച സുരക്ഷാ സവിശേഷതകളും ഓൺ-റോഡ് വൈദഗ്ധ്യവും നിലനിർത്തിക്കൊണ്ടുതന്നെ പുതിയ ഡ്യുവൽ-ടോൺ രൂപവും സ്റ്റൈലിഷ് ഇന്റീരിയറുകളും ഉപയോഗിച്ച് ട്രെൻഡിയായി മാറിയിട്ടുണ്ട് പുതിയ ഫോർച്യൂണർ.

ഏറ്റവും സ്റ്റൈലിഷായ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന മുൻവശത്തെയും പിൻ വശത്തേയും ബമ്പർ സ്പോയ്ലർ, മനോഹരമായ ടിആർഡി റേഡിയേറ്റർ ഗ്രിൽ,  ഡ്യൂവൽ ടോൺ റൂഫ്,  ആർ 18ചാർക്കോൾ ബ്ലാക്ക് അലോയ് വീലുകൾ, റെഡ് തുന്നലോടുകൂടിയ സ്‌പോട്ടി ബ്ലാക്ക്,  മെറൂൺ ലെതർ സീറ്റുകൾ,  ഫോർച്യൂണറിന്റെ '10 ഇയേഴ്സ് ലീഡേഴ്‌സ്‌ഷിപ്പ് എംബ്ലം',  'റെഡ് ടിആർഡി എംബ്ലം' എന്നിവ പുതിയ ടിആർഡി ഫോർച്യൂണറിനെ അത്യാകർഷകമാക്കുന്നു. 2.8ലിറ്റർ 4സിലണ്ടർ ഡീസൽ എഞ്ചിനാണ് പുതിയ ഫോർച്യൂണറിന്റെ കരുത്ത്. സീക്വൻഷൽ & പാഡിൽ ഷിഫ്റ്റോടു കൂടിയ 6സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വെഹിക്കിൾ സ്റ്റെബിലിറ്റി  കോൺട്രോളോടുകൂടിയ ബ്രേക്ക്‌ അസ്സിസ്റ്റൻസ്,  7എസ് ആർ എസ് എയർ ബാഗുകൾ,  പെഡസ്ട്രിൻ പ്രൊട്ടക്ഷൻ സപ്പോർട്ടോടുകൂടിയ ഇമ്പാക് അബ്‌സോർബിൻ  സ്ട്രക്ച്ചർ,  ഇബിഡി എബിഎസ് സംവിധാനങ്ങൾ,  എമർജൻസി അൺലോക്കോടുകൂടിയ സ്പീഡ് ഓട്ടോ ലോക്ക്,  എമർജൻസി ബ്രേക്ക് സിഗ്നൽ എന്നിവയും സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും ആകർഷകമായ എക്സ്സ്റ്റീരിയർ,  ഇന്റീരിയർ ലുക്ക്‌,  മറ്റ് ആഡംബര സംവിധാനങ്ങൾ,  ഏറ്റവും മികച്ച ഇന്ഫോടെയ്ന്മെന്റ് സംവിധാനങ്ങൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. പുതിയ ഫോർച്യൂണർ ടിആർഡി എഡിഷന്റെ ഡൽഹി എക്സ് ഷോറൂം വില 33,85,000 രൂപയാണ്.

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട എസ്‌യുവിയായ ഫോർച്യൂണറിന്റെ സെലിബ്രേറ്ററി പതിപ്പ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ടൊയോട്ട കിർലോസ്‍കർ മോട്ടോർസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ രാജ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ശക്തിയും മികച്ച ഇൻ-ക്ലാസ് സുരക്ഷാ സവിശേഷതകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ന്യൂ ഫോർച്യൂണർ ടിആർഡിയുടെ സ്റ്റൈലിഷും വ്യത്യസ്തവുമായ  രൂപഭാവം ഉപഭോക്താക്കൾക്ക് അഭിലഷണീയമാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.